വത്തിക്കാന്‍ സിറ്റി: വ്യാജവാര്‍ത്തകള്‍ ഏറെയുണ്ടെങ്കിലും ശരിയായരീതിയില്‍ ഉപയോഗിക്കാന്‍ സാധിച്ചാല്‍ ഇന്റര്‍നെറ്റ് നമ്മെ ഏകാന്തതയില്‍ നിന്ന് രക്ഷിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മുഖാമുഖ ബന്ധങ്ങള്‍ക്ക് പകരം വയ്ക്കാനാവില്ലെങ്കിലും വെബ് പരസ്പരം കാണാനും കേള്‍ക്കാനുമുള്ള ഇടമാക്കാം. സാമൂഹിക മാധ്യമങ്ങള്‍ മുഖേനയുള്ള കൂടിക്കാഴ്ചകള്‍ മുഖാമുഖ സംഭാഷണങ്ങള്‍ക്ക് പകരം വയ്ക്കാന്‍ കഴിയില്ല.
എന്നാല്‍ ഡിജിറ്റല്‍ ലോകത്തെ ക്രൈസ്തവര്‍ക്ക് കൂടുതല്‍ കേള്‍ക്കാനും പങ്കുവയ്ക്കാനും കൂടുതല്‍ മാനുഷികവും സാമൂഹികവുമായ പുത്തന്‍ രീതിയിലുള്ള ആശയവിനിമയ്ത്തിന്റെ വക്താക്കളാകാനും കഴിയും. കോവിഡ് മഹാമാരി സമയത്ത് പരസ്പരം കാണാന്‍ കഴിയാതെയും ദിവ്യബലിയില്‍ നേരിട്ട് പങ്കെടുക്കാന്‍ കഴിയാതെ പോകുകയും ചെയ്ത സമയത്ത് സമൂഹമാധ്യമങ്ങള്‍ വഴി ഓണ്‍ലൈന്‍ കുര്‍ബാനകളും ആരാധനകളും തത്സമയ സംപ്രേഷണം നടത്താന്‍ കഴിഞ്ഞതിനെയും പാപ്പ അനുസ്മരിച്ചു. ഡിജിറ്റല്‍ ലോകത്തിലെ തിരുസഭയെക്കുറിച്ച് പറയുന്ന ഫാബിയോ ബോള്‍സെത്തെയുടെ പുസ്തകത്തിന് നല്കിയ മുഖുരയിലാണ് പാപ്പ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ഡിജിറ്റല്‍ ലോകത്തില്‍ പ്രവര്‍ത്തിക്കുന്ന തിരുസഭ അതിന്റെ അനുഭവങ്ങളെ സാമൂഹ്യ ശ്ൃംഖലാ സൈറ്റുകളിലൂടെ എങ്ങനെ പങ്കുവയ്ക്കാമെന്നും ഏതൊക്കെ സാങ്കേതിക ഉപകരണങ്ങള്‍ ഉപയോഗിക്കാമെന്നുമുള്ള നിര്‍ദ്ദേശങ്ങളെക്കുറിച്ചാണ് ഈ പുസ്തകംപറയുന്നത്.