കര്‍ണ്ണാടിക് സംഗീതവുമായി ഒരു കന്യാസ്ത്രീ

ഞാന്‍ പാടുമ്പോള്‍ ദൈവം എന്റെ വളരെ അരികിലുണ്ടെന്ന് എനിക്ക് തോന്നുന്നു. എന്റെ സ്രഷ്ടാവും നാഥനുമായ ദൈവത്തെ അടുത്തറിയാനുള്ള നിമിഷങ്ങളാണ് എന്റെ ആലാപന വേളകള്‍. സംഗീതജ്ഞയായ സിസ്റ്റര്‍ ലിനെറ്റ് ആന്റണിയുടെ   വാക്കുകളാണ് ഇത്. ആര്‍ച്ച് ബിഷപ് എമിരറ്റൂസ് ജേക്കബ് തൂങ്കുഴി സ്ഥാപിച്ച ക്രിസ്തുദാസി സമൂഹത്തിലെ അംഗമാണ് സിസ്റ്റര്‍ ലിനെറ്റ്.

സാധാരണയായി കന്യാസ്ത്രീകള്‍ കടന്നുചെന്നിട്ടില്ലാത്ത കര്‍ണ്ണാടിക് സംഗീതരംഗമാണ് സിസ്റ്റര്‍ തിരഞ്ഞെടുത്തിരിക്കുന്നത്്. കര്‍ണ്ണാടകസംഗീതത്തില്‍ ബാച്ചിലേഴ്‌സ്, മാസ്റ്റേഴ്‌സ് ഡിഗ്രികള്‍ കരസ്ഥമാക്കിയിട്ടുള്ള ലിനെറ്റ് നിരവധി ടിവി ചാനലുകളിലും ധ്യാനപ്രോഗ്രാമുകളിലും പാടിയിട്ടുമുണ്ട്. സംഗീതം ആത്മാവിനെ പോഷിപ്പിക്കുന്നു, അത് മനുഷ്യഹൃദയങ്ങളെ പ്രശാന്തതയിലേക്ക് നയിക്കുന്നു, സമാധാനത്തിലേക്കും. ഒരുവനെ ആത്മജ്ഞാനമുള്ളവനാക്കാനും ദൈവാനുഭവം നേടികൊടുക്കാനും സംഗീതത്തിന് കഴിവുണ്ട്. സിസ്റ്റര്‍ പറയുന്നു. സംഗീതം പഠിക്കാനും ഗായികയും മ്യൂസിക് ടീച്ചറാകാനും ദൈവം തന്നെ തിരഞ്ഞെടുത്തത് അവിടുത്തെ പ്രത്യേക പദ്ധതിയാണെന്നാണ് സിസ്റ്റര്‍ വിശ്വസിക്കുന്നത് ചെറുപ്പം മുതല്‍ക്കേ സംഗീതത്തോട് ആഭിമുഖ്യമുള്ള ജീവിതമായിരുന്നു ലിനറ്റിന്റേത്.

സംഗീതത്തെ പക്ഷേ ശാസ്ത്രീയമായും വ്യവസ്ഥാപിതമായും മനസ്സിലാക്കാനുള്ള പ്രാപ്തി അക്കാലത്ത് ഉണ്ടായിരുന്നുമില്ല. എങ്കിലും പാട്ട് കേള്‍ക്കാനും പാടാനും ഏറെ ഇഷ്ടമായിരുന്നു. പാട്ടു പഠിക്കണമെന്ന് അധ്യാപകര്‍ പറഞ്ഞിരുന്നുവെങ്കിലും അന്ന് അതിനോട് ആഭിമുഖ്യം തോന്നിയിരുന്നില്ലെന്നാണ് ഈ സംഗീതജ്ഞയുടെ സാക്ഷ്യം. സഹോദരങ്ങളില്‍ രണ്ടുപേര്‍ സംഗീതം പഠിക്കുകയും സംഗീതജ്ഞരാകുകയും ചെയ്തത് തന്നെ ഏറെ സഹായിച്ചിട്ടുണ്ടെന്നും ലിനെറ്റ് പറയുന്നു. കര്‍ണ്ണാടകസംഗീതത്തിന്റെ ബാലപാഠങ്ങള്‍ മനസ്സിലാക്കാന്‍ ഇതുവഴിയാണ് സാധിച്ചത്. പിന്നീട് സന്യാസവഴി തെരഞ്ഞെടുത്തപ്പോള്‍ സംഗീതം പഠിക്കാനായി അധികാരികള്‍ നിയോഗിക്കുകയും  ആ നിര്‍ദ്ദേശം  ശിരസാ വഹിക്കുകയുമായിരുന്നു. മൂന്നു മണിക്കൂര്‍ നീളമുള്ള അരങ്ങേറ്റം 2011 ല്‍ ആണ് നടന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും  സന്തോഷകരമായ നിമിഷവും ദിവസവുമായിരുന്നു അത്.സ്ഥാപകപിതാവും സഹസന്യാസിനിമാരും ഒക്കെ ഉണ്ടായിരുന്നുവെങ്കിലും ഒരു വേദന ഉള്ളിലുണ്ടായിരുന്നു. ദൈവവിളിയെ പ്രോത്സാഹിപ്പിക്കുകയും തന്നെ ഏറെ സ്വാധീനിക്കുകയും ചെയ്തിരുന്ന തന്റെ പ്രിയ പിതാവ്  സദസില്‍ ഇല്ല എന്നതായിരുന്നു അതിന്റെ കാരണം. അദ്ദേഹം അരങ്ങേറ്റത്തിന് മൂന്നുവര്‍ഷം മുമ്പേ ഇഹലോകവാസം വെടിഞ്ഞിരുന്നു. അരങ്ങേറ്റ വേളയില്‍ തന്നെ താന്‍ ദൈവത്തിന്റെ സാന്നിധ്യം അറിയുകയും ദൈവാനുഗ്രഹം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.

ഇതിനകം  സിസ്റ്റര്‍ ലിനെറ്റ് 12 കച്ചേരികള്‍ നടത്തിയിട്ടുണ്ട്. തൃശൂര്‍ ചേതന അക്കാദമിയുടെ സ്ഥാപകനായ ഫാ. പോള്‍ പൂവ്വത്തിങ്കലാണ് സിസ്റ്ററിന്റെ സംഗീത ഗുരു.തന്റെ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയ രണ്ടുപേര്‍ തന്റെ പിതാവും മറ്റൊരാള്‍ മദര്‍ തെരേസയുമാണെന്ന് സിസ്റ്റര്‍ പറയുന്നു കര്‍ണ്ണാടക സംഗീതം പഠിച്ചിട്ടുണ്ടെങ്കിലും താന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ ആലപിക്കാനാണെന്നും. ക്രിസ്ത്യന്‍ ഭജനുകള്‍ സാധാരണക്കാര്‍ക്ക് മനസ്സിലാവുന്ന ഭാഷയില്‍ കംമ്പോസ് ചെയ്യണമെന്നതാണ് എന്റെ ഭാവിപദ്ധതി.  അതുപോലെ സങ്കീര്‍ത്തനങ്ങള്‍ ഗാനരൂപത്തിലാക്കണമെന്നും. തലശ്ശേരി അതിരൂപതാംഗമാണ് സിസ്റ്റര്‍ ലിനെറ്റ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.