സ്വഭാവികമായും അങ്ങനെയൊരു സംശയം നമുക്കു തോന്നും. കാരണം യേശു ദൈവപുത്രന്‍ മാത്രമായിരുന്നില്ല മനുഷ്യപുത്രന്‍ കൂടിയായിരുന്നുവല്ലോ. അതുകൊണ്ട് യൗസേപ്പിതാവ് മരിക്കും നേരം ഈശോ സങ്കടപ്പെട്ടിരുന്നു എന്ന് ന്യായമായും നമുക്ക് കരുതാവുന്നതാണ്. ഇതേക്കുറിച്ച് ദൈവമനുഷ്യന്റെ സ്‌നേഹഗീതയില്‍ പറഞ്ഞതനുസരിച്ച് ഈശോ യൗസേപ്പിതാവിന്റെ മരണത്തില്‍ സങ്കടപ്പെട്ടിരുന്നു എന്നുതന്നെയാണ്. മരിയ വാള്‍ത്തോര്‍ത്തയോട്് ഈശോ പറഞ്ഞ വാക്കുകള്‍ ഇപ്രകാരമാണ്:
‘ ഞങ്ങളുടെ ഭവനത്തിന്റെ പരിപാലകന്റെ കണ്ണുകള്‍ മരണം നിമിത്തം അടഞ്ഞുപോയപ്പോള്‍ ഒരു മനുഷ്യന്‍ എന്ന നിലയില്‍ എനിക്കത് അസഹ്യമായിരുന്നു. എന്റെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് അദ്ദേഹത്തിന് വേണ്ടി കരുതിയിരുന്ന ഭാഗ്യോദയം എനിക്കറിയാമായിരുന്നുവെങ്കിലും ഒരു മകന്‍ എന്ന നിലയില്‍ ഞാന്‍ ദു:ഖിതനായി.
അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ വീട് ശൂന്യമായി. മരണം പ്രാപിച്ച എന്റെ കൂട്ടുകാരനെ ഓര്‍ത്തു ഞാന്‍ കരഞ്ഞു. ഒരു ചെറിയ കുട്ടിയായിരുന്നപ്പോള്‍ ആ വക്ഷസില്‍ എത്ര തവണ ഞാന്‍ ഉറങ്ങിയിട്ടുണ്ട്. അനേകം വര്‍ഷങ്ങളിലൂടെ ഞാന്‍ എത്രമാത്രം സ്‌നേഹം എന്റെ വിശുദ്ധനായ സ്‌നേഹിതനില്‍ നിന്ന് സ്വീകരിച്ചിട്ടുണ്ട്’