മെത്രാൻ സ്ഥാനത്തിൻ്റെ ഔന്നത്യത്തെ കുറിച്ച്(ഖണ്ഡിക 18-21)


            ഒന്നാം വത്തിക്കാൻ സൂനഹദോസ് മാർപാപ്പയുടെയുടെ പരമാധികാരവും അപ്രമാദിത്വവും നിർണയിച്ചശേഷം മെത്രാന്മാരെക്കുറിച്ച് ചർച്ച ചെയ്യുവാൻ തീരുമാനിച്ചിരുന്നു. എന്നാൽ രാഷ്ട്രീയമായ കാരണങ്ങളാൽ സൂനഹദോസ് പെട്ടന്ന് നിർത്തിവയ്ക്കേണ്ടി വന്നു. അത് രണ്ടാം വത്തിക്കാൻ കൗണ്സിലിൽ നിർഘമിക്കുന്നതാണ് തിരുസഭയെക്കുറിച്ചുള്ള കോൺസ്റ്റിറ്റ്യൂഷൻ്റെ മൂന്നാം അധ്യായം.           

 ശ്ലീഹൻമാരുടെ പിൻഗാമികൾ, അതായത് മെത്രാന്മാർ യുഗാന്ത്യം വരെ സഭയിൽ ഇടയന്മാർ ആയി ഉണ്ടായിരിക്കണമെന്ന് ഈശോ നിശ്ചയിച്ചതാണ് എന്നും ക്രിസ്തുവിൻ്റെ വികാരിയും സാർവ്വത്രിക സഭയുടെ ദൃശ്യതലവനുമായ പത്രോസിൻ്റെ പിൻഗാമിയോടൊത്ത് സജീവനായ ദൈവത്തിൻറെ ഭവനത്തിൽ മേൽ ഭരണം നടത്തുന്ന അപ്പസ്തോലന്മാരുടെ പിൻഗാമികൾ ആണ് മെത്രാന്മാർ എന്നും പതിനെട്ടാം ഖണ്ഡികയിൽ പഠിപ്പിക്കുന്നു. കർത്താവ് അപ്പസ്തോലന്മാരിൽ ആണ് സഭയ്ക്ക് അടിസ്ഥാനം ഇട്ടത്, അവരിൽ പ്രധാനിയായ പത്രോസിൻ്റെമേൽ സഭയെ പണിതുയർത്തി, എന്നാൽ പ്രധാന മൂലക്കല്ല് ഈശോ തന്നെയാണ് എന്ന് ഖണ്ഡിക 19ൽ പറയുന്നു.                 

മെത്രാന്മാരുടെ സ്ഥാനത്തിൻറെ ഔന്നത്യത്തെക്കുറിച്ചും ആധികാരികതയെ കുറിച്ചും ഖണ്ഡിക 20 ൽ ഇപ്രകാരം പഠിപ്പിക്കുന്നു, ”സത്യങ്ങളുടെ പ്രബോധകരും ദൈവാരാധനയിലെ പുരോഹിതരും ഭരണാധികാരികളും എന്ന നിലയിൽ  തങ്ങൾ ഇടയന്മാർ ആയിരിക്കുന്ന അജഗണത്തിൻ്റെ മേൽ ദൈവത്തിൻറെ സ്ഥാനത്ത് അധ്യക്ഷം വഹിച്ചു കൊണ്ട് വൈദികരും ഡീക്കൻമാരുമായ സഹപ്രവർത്തകരോട് കൂടി സമൂഹത്തെ സേവിക്കുന്ന ജോലി  മെത്രാന്മാർ ഏറ്റെടുത്തിരിക്കുന്നു.”  ദൈവിക നിശ്ചയത്താൽ സഭയുടെ ഇടയന്മാർ എന്ന നിലയിൽ അപ്പസ്തോലന്മാരുടെ പിൻഗാമികൾ ആണ് മെത്രാന്മാർ.  അവരെ കേൾക്കുന്നവർ ക്രിസ്തുവിനെ കേൾക്കുന്നു അവരെ നിരസിക്കുന്നവർ ക്രിസ്തുവിനെ  നിരസിക്കുന്നു എന്ന് അതേ ഖണ്ഡികയിൽ തന്നെ പറയുന്നുണ്ട്.               

ഇരുപത്തിയൊന്നാം ഖണ്ഡികയുടെ തുടക്കം മുതൽ മെത്രാൻ സ്ഥാനം വഴി സഭയിൽ എന്ത് സംഭവിക്കുന്നു എന്നതിലേക്ക് വെളിച്ചം വീശുന്നു. “അത്യുന്നതാചാര്യനായ ക്രിസ്തുനാഥൻ മെത്രാൻമാർ വഴി ആണ് വിശ്വാസികളുടെ മധ്യേ  സന്നിഹിതയിരിക്കുന്നത്”. വീണ്ടും “അവരുടെ പൈതൃകമായ ഉദ്യോഗം വഴി വഴി (1 കൊറി 4:15) സ്വർഗീയമായ പുനർജന്മം നൽകികൊണ്ട് അവിടുന്ന് സ്വശരീരത്തോട് പുതിയ അംഗങ്ങളെ കൂട്ടിച്ചേർക്കുകയും അന്തിമമായി പ്രയാണം ചെയ്തുകൊണ്ടിരിക്കുന്ന പുതിയ ഉടമ്പടിയിലെ ജനത്തെ അവരുടെ ദൈവീകജ്ഞാനവും വിവേകവും വഴി നയിക്കുകയും അവർക്ക് മാർഗ്ഗനിർദ്ദേശം നൽകുകയും ചെയ്യുന്നു.”

ഈ വിഷയ സംബന്ധമായ കൂടുതൽ പഠനങ്ങൾക്ക് ചുവടെ നൽകുന്ന ലിങ്ക് ഉപയോഗിക്കുക.https://youtu.be/Db1Cs7GMTfYമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.