ഒക്ടോബർ 17- ഔർ ലേഡി ഓഫ് ഷാട്ര ഗ്രോട്ടോ സമർപ്പണം (46), വിശുദ്ധ പോണ്ടിയാനസ് വഴി
മധ്യകാലഘട്ടത്തിൽ, യൂറോപ്പിൽ ‘ദൈവാലയങ്ങളുടെ ജപമാല’ എന്ന് വിളിക്കപ്പെടുമാറ് അത്രയധികം പള്ളികൾ നിരനിരയായി പണിയപ്പെട്ടിരുന്നു. നഗരങ്ങളും ചെറുപട്ടണങ്ങളും ഗ്രാമങ്ങളും പോലും പരിശുദ്ധ അമ്മയുടെ കത്തീഡ്രലുകൾ നിർമ്മിക്കാൻ പരസ്പരം മത്സരിച്ചു. ഈ പള്ളികളിൽ പലതും വിസ്മൃതിയിലായി; പലതും ഇപ്പോഴും ഉൽകൃഷ്ടമായ പ്രാചീന കലാസൃഷ്ടികൾ ആയും, കൊത്തുപണി, ചില്ലുപണി, വാസ്തുവിദ്യ എന്നിവയുടെ പ്രാചീന ഉത്കൃഷ്‌ട കലാസൃഷ്ടി ആയും ആർക്കും സ്പർശിക്കാൻ പോലും പറ്റാത്ത അത്ര മഹത്വത്തിൽ നിലകൊള്ളുന്നു. അവരുടെ നിർമ്മാണം പൂർണ്ണമായും സ്വമേധയാ ഉള്ള, സ്നേഹത്തിൻ്റെ ഒരു പണി ആയിരുന്നു. സമ്പത്തുള്ളവർ അത് നൽകി; മറ്റുള്ളവർ അവരുടെ അദ്ധ്വാനം ദാനമായി നൽകി.
ഇവയിൽ ഏറ്റവും പഴക്കമേറിയത് ഷാട്രയിലെ മാതാവിന്റെ കത്തീഡ്രലാണ്. അപ്പസ്തോലന്മാർ എത്തുന്നതിന് മുമ്പുതന്നെ, ഷാട്രയിൽ കന്യകക്ക്, ‘ഒരു മഹാനായ രാജാവിനെ ഉദരത്തിൽ വഹിച്ചു പ്രസവിക്കുന്ന കന്യകയ്ക്ക്’, സമർപ്പിക്കപ്പെട്ട ഒരു കെൽറ്റിക് ദേവാലയം ഉണ്ടായിരുന്നു. ആ വിജാതീയ ദേവാലയത്തിന് മുകളിൽ ഒരു പള്ളി നിർമ്മിക്കപ്പെട്ടു, പള്ളിയിൽ കോൺസ്റ്റൻ്റൈൻ ചക്രവർത്തി സമ്മാനമായി നൽകിയ, പരിശുദ്ധ കന്യക ഭൂമിയിലായിരിക്കുമ്പോൾ ധരിച്ചിരുന്നതായി പറയപ്പെടുന്ന അങ്കി പ്രതിഷ്ഠിച്ചു.
വിശുദ്ധനാടിനെ രക്ഷിക്കാൻ കുരിശുയുദ്ധക്കാരോട് 1148-ൽ വിശുദ്ധ ബെർണാഡ് അഭ്യർത്ഥിച്ചത് ഷാട്രയിൽ വച്ചാണ്. കത്തീഡ്രൽ പലതവണ നശിപ്പിക്കപ്പെട്ടെങ്കിലും പതിനൊന്നാം നൂറ്റാണ്ടിലാണ് ഇന്ന് നിലനിൽക്കുന്ന ദൈവാലയം, നിരവധി തൂണുകളും, കല, വിലപിടിപ്പുള്ള കല്ലുകൾ, ചില്ലുകൾ എന്നിവയുടെ ഒരു കലവറയായും നിർമ്മിക്കപ്പെട്ടത്. യൂറോപ്പിലേക്ക് യാത്ര ചെയ്യുന്ന എല്ലാ തീർത്ഥാടകരുടെയും പട്ടികയിൽ ഇത് നിർബന്ധമായും ഉണ്ടായിരിക്കും.
ഷാട്ര മാതാവിന്റെ ഗ്രോട്ടോയുടെ സമർപ്പണം:
ഫുൾബർട്ട് എന്നു പേരുള്ള ഒരു മദ്ധ്യകാലഘട്ടത്തെ ബിഷപ്പ്, തൻ്റെ നഗരത്തിലെ പരിശുദ്ധ അമ്മയുടെ കത്തീഡ്രൽ ഒരുപാട് ഉയരമുള്ള കുന്നിൻ മുകളിൽ പണിയാൻ തീരുമാനിച്ചു. അദ്ദേഹത്തിന് പക്ഷേ ഭാഗ്യമുണ്ടായില്ല, മൂന്ന് തവണ കത്തീഡ്രൽ കത്തിനശിച്ചു. അദ്ദേഹത്തിൻ്റെ പിൻഗാമികളിലൊരാൾ 1250-ൽ കത്തീഡ്രൽ പണിയാൻ തുടങ്ങി, അത് പൂർണ്ണമായും ചെത്തിയൊരുക്കിയ കല്ലിൽ പൂർത്തിയാക്കി വന്നപ്പോൾ “അന്ത്യവിധിയുടെ ദിനം വരെ ഈ ലോകത്തിൻ്റെ തീയെ ഇത് ഒട്ടും തന്നെ ഭയപ്പെടേണ്ടതില്ല” എന്നായി.
എൺപത് കത്തീഡ്രലുകളിൽ ഏറ്റവും പ്രധാനപ്പെട്ട, ഫ്രഞ്ച് ജനതയുടെ 500 കത്തീഡ്രൽ വലിപ്പത്തിലുള്ള പള്ളികളിൽ വച്ചു പ്രധാനപ്പെട്ട,1170 മുതൽ 1270 വരെയുള്ള അതിശയകരമായ സുന്ദരകലാ നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട, സഭാചരിത്രത്തിൽ ഏകമനസ്സോടെ, സമാനതകളില്ലാതെ നിർമ്മിക്കപ്പെട്ട ഒന്ന്. കർഷകർക്കും പുരോഹിതർക്കും കവികൾക്കും, അത് യഥാക്രമം കല്ലിൽ പണിത ദൈവത്തിൻ്റെ ഭവനം, ചിത്രങ്ങളിലൂടെയും രൂപങ്ങളിലൂടെയുമുള്ള ബൈബിൾ, സ്തുതിയുടെ ഒരു മണ്ഡപം ഒക്കെ ആയിരുന്നു. പന്ത്രണ്ട് നൂറ്റാണ്ടുകളിലെ യൂറോപ്യന്മാരുടെ ക്രിസ്ത്യൻ വിശ്വാസം എന്തായിരുന്നെന്ന് വ്യക്തമാകുമാറ് സൂക്ഷ്മമായി കൊത്തിയെടുത്ത വിശദാംശങ്ങളും ഗംഭീരമായി സന്തുലിതമാക്കിയ വ്യാപ്തിയും കൊണ്ട് സമാനതകളില്ലാത്ത പ്രാധാന്യത്തിൽ ഷാട്ര കത്തീഡ്രൽ വേറിട്ടുനിൽക്കുന്നു.
അതിൽ ലോകത്തിലേക്ക് തന്നെ പ്രശസ്തമായ, ചായമടിച്ച ചില്ലുജാലകങ്ങളുണ്ട്. പള്ളിയുടെ മദ്ധ്യഭാഗത്ത് അരണ്ട വെളിച്ചം വ്യാപിക്കുമ്പോൾ വിശുദ്ധ രൂപങ്ങൾ ചില്ലിൽ ജീവനോടെ വരുന്ന പോലെയാണ്. എല്ലാം കണ്ടതിനു ശേഷം വരുന്ന രസാപകർഷം, ‘മറ്റൊരു ലോകത്തിന്റേതെന്ന’ പോലുളള ഈ കല സമർപ്പിക്കപ്പെട്ടിരിക്കുന്ന ദൈവമാതാവിനെപ്പോലെ കന്യകാത്വത്തിൻ്റെയും മാതൃത്വത്തിൻ്റെയും സ്ത്രീത്വത്തിൻ്റെയും പ്രതിരൂപമാണ്, അവളുടെ പരിശുദ്ധിയുടെ മഹത്തായ വെളിച്ചത്തിൽ മറ്റെല്ലാം നിറം മങ്ങി പോകുന്നു എന്നുള്ളതാണ്.
ഈ കത്തീഡ്രലിന്റെ ഒരു മഹത്വവും മാന്ത്രികതയും എന്ന് പറയുന്നത്, അതിന് ഇപ്പോഴും മുൻകാല ഐക്യത്തിൻ്റെ ഓർമ്മകൾ ഉണർത്താനും, അതിലും വലിയ ദർശനങ്ങളുടെ ഭാവനയെ ഉണർത്താനും കഴിയും. അമേരിക്കക്കാർക്കും ആഫ്രിക്കക്കാർക്കും അതുപോലെ യൂറോപ്യൻ തീർത്ഥാടകർക്കും ‘നമ്മുടെ ഷാട്ര’ എന്ന് പറയാൻ കഴിയും, അത് യഥാർത്ഥത്തിൽ അവരുടേത് തന്നെയാണെന്ന് തോന്നുകയും ചെയ്യും,
ദൈവമാതാവ് എല്ലാ മനുഷ്യരുടെയും മാതാവായതുപോലെ തന്നെ.