ഒക്ടോബർ 19 – റോയമോണ്ടിലെ വിശുദ്ധ കുരിശിന്റെയും ഔർ ലേഡി ആശ്രമത്തിന്റെയും സമർപ്പണം, ഫ്രാൻസ് (1235) -:വിശുദ്ധ ലൂയിസ് സ്ഥാപിച്ചത്
ആശ്രമാധിപതി ഓർസിനി എഴുതി: “വിശുദ്ധ കുരിശിന്റെയും പരിശുദ്ധ അമ്മയുടെയും പേരിൽ 1235-ൽ മിറ്റിലീനിലെ ആർച്ച് ബിഷപ്പ് ജോൺ ആണ് റോയമോണ്ടിലെ ആശ്രമത്തിന്റെ സമർപ്പണം നടത്തിയത്. 1227-ൽ വിശുദ്ധ ലൂയിസ് ആണ് ഈ ആശ്രമം സ്ഥാപിച്ചത്”.
1228-ലാണ് ഒയ്‌സ് താഴ്‌വരയിൽ ഫ്രാൻസിലെ വിശുദ്ധ ലൂയിസ് ഒമ്പതാമൻ രാജാവ് ദൈവത്തിനും അവൻ്റെ പരിശുദ്ധ മാതാവിനും വേണ്ടി ഒരു പുതിയ ദൈവാലയം പണിയാൻ പദ്ധതിയിട്ടത്. അദ്ദേഹവും അമ്മ ബ്ലാഞ്ചും അവരുടെ കൊട്ടാരം വിട്ട് പുതിയ ദൈവാലയം നിർമ്മിക്കാനുള്ള ശ്രമങ്ങൾക്കായി അടുത്തുള്ള ഷാറ്റോ ഡി അസ്നിയേഴ്സിൽ താമസിക്കാൻ പോയി, ഭൂമി വാങ്ങിയ ശേഷം, രാജാവ് അതിന്റെ ക്യൂമോണ്ട് എന്ന പേര് റോയമോണ്ട് എന്നാക്കി മാറ്റി.
അവരുടെ സ്വന്തം പള്ളിയുടെ നിർമ്മാണത്തിൽ സന്യാസിമാർ സഹായിക്കുന്നതിൽ തീർച്ചയായും അസ്വാഭാവികമായി ഒന്നുമില്ല, എന്നാൽ വിശുദ്ധ ലൂയിസ് രാജാവ് തന്നെ ജോലിക്കാർക്കും കല്ലുവേലക്കാർക്കും ഒപ്പം ഉത്സാഹത്തോടെ അദ്ധ്വാനിച്ചു എന്നുള്ളതാണ്. രാജാവിൻ്റെ കുടുംബാംഗങ്ങളിൽ പലരും അദ്ദേഹത്തിൻ്റെ നല്ല മാതൃക പിന്തുടർന്നു, അതിനാൽ തന്നെ താമസിയാതെ പണിസ്ഥലത്തുടനീളം നിരവധി ഫ്രഞ്ച് പ്രഭുക്കന്മാർ പണിയെടുക്കാൻ തുടങ്ങി.
അതുമാത്രമല്ല അവിടെ ഉണ്ടായത്, സന്യാസിമാർ അവരുടെ ഊട്ടുശാലയിൽ ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ, രാജാവ് നൂറിലധികം സന്യാസിമാർ നീളമുള്ള രണ്ട് മേശകളിലായി ഭക്ഷണം കഴിച്ചു തീരുന്നത് കാത്തുനിന്നു. അവർക്ക് ഭക്ഷണം വിളമ്പുന്നതിനു മുമ്പ് അദ്ദേഹം അത് കഴിച്ചു നോക്കും.
തുടർന്ന് അവരുടെ ഭക്ഷണം തൻ്റെ സ്വന്തം നിലവാരത്തിനനുസരിച്ചാണെന്ന് ഉറപ്പാക്കാൻ അവരുടെ വീഞ്ഞും രുചിച്ചുനോക്കും. അതിൽ തൃപ്തനല്ലെങ്കിൽ, രാജാവ് സന്യാസിമാർക്കായി കൂടുതൽ വീര്യമുള്ള മെച്ചപ്പെട്ട വീഞ്ഞ് ആവശ്യപ്പെടും. പെസഹവ്യാഴാഴ്ച അദ്ദേഹം റോയമോണ്ടിലെ പ്രിയപ്പെട്ട സന്യാസിമാരുടെ പാദങ്ങൾ കഴുകുമായിരുന്നു.
റോയമോണ്ടിലെ മാതാവ്
ദൈവാലയ നിർമാണം പൂർത്തിയായപ്പോൾ,”ഒരു രാജാവിനല്ലാതെ മറ്റാർക്കും ഇത്തരമൊരു കെട്ടിടം പണിയാൻ കഴിയില്ലെന്ന് അക്കാലത്ത് പറയപ്പെട്ടു”. അത്ര അത്ഭുതകരമായ ഒരു നിർമ്മിതിയായിരുന്നു അത്.
തികച്ചും ഗോഥിക് ശൈലിയിലുള്ള ഒരു പള്ളി, പാരീസിലെ നോട്രഡാമിൻ്റെ ഏതാണ്ട് ഉയരത്തിൽ എത്തിയ “അതിൻ്റെ ഭീമാകാരമായ ഉയരവും ചങ്കൂറ്റവും കൊണ്ട് വിസ്മയിപ്പിക്കുകയും സംഭീതരാക്കുകയും ചെയ്യുന്ന ഒരു ദൈവാലയ മദ്ധ്യഭാഗം”.. വിശുദ്ധ ലൂയിസ് ദൈവത്തോടും അവൻ്റെ പരിശുദ്ധ മാതാവിനോടും കാണിച്ച സ്നേഹത്തിൻ്റെ ഫലമായിരുന്നു അത്. അത് പൂർത്തിയായപ്പോൾ, ബെരാംഗർ നാലാമൻ്റെ സുന്ദരിയായ മകൾ മാർഗരറ്റിനെ ലൂയിസ് രാജാവ് അവിടെ വിവാഹം കഴിച്ചു. ആശ്രമത്തിന്റെ നടത്തിപ്പിനായി പ്രതിവർഷം അഞ്ഞൂറ് ലീവ്ർ ( അന്നത്തെ നാണയങ്ങൾ ) രാജാവ് അനുവദിച്ചു.
ആശ്രമത്തോട് അനുബന്ധിച്ച് ഒരു ആശുപത്രിയും ഉണ്ടായിരുന്നു. കുഷ്ഠരോഗികളെ ഒറ്റപ്പെടുത്തുകയും, സാമൂഹിക ബഹിഷ്‌കൃതരായും ജീവിച്ചിരിക്കുമ്പോൾ പോലും മരിച്ചവരുടെ കൂട്ടത്തിലാണെന്ന നിലയിൽ കണക്കാക്കുകയും ചെയ്തിരുന്ന സമൂഹമായിരുന്നു അന്നത്തേത്. പക്ഷേ ലൂയിസ് രാജാവ് കുഷ്ഠരോഗിയോട് അളവറ്റ താൽപ്പര്യം കാണിച്ചു. “നമുക്ക് പോയി നമ്മുടെ രോഗിയെ സന്ദർശിക്കാം” എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം ആശ്രമാധിപതിക്ക് ഒപ്പം കൂടെക്കൂടെ അദ്ദേഹത്തെ സന്ദർശിക്കുമായിരുന്നു. തുടർന്ന് അവർ ഒരുമിച്ച് സെല്ലിൽ പ്രവേശിച്ച്, ഭയാനകമായി രൂപഭേദം വന്ന രോഗിയെ ദയയോടെ അഭിവാദ്യം ചെയ്ത് അവനുമായി നല്ല പരിചയത്തിൽ സംസാരിക്കുകയും സ്വന്തം കൈകൊണ്ട് വിഭവസമൃദ്ധമായ ഭക്ഷണം തയ്യാറാക്കുന്നതിനുമുമ്പ് അവൻ്റെ അവസ്ഥയെക്കുറിച്ച് അന്വേഷിക്കുകയും ചെയ്യും. രാജാവ് കുഷ്ഠരോഗി ഫ്രാൻസിലെ രാജാവിന് തുല്യനാണെന്ന മട്ടിൽ അവനുമായി സംഭാഷണം ചെയ്ത് സ്‌നേഹപുരസ്സരമായ ശ്രദ്ധയോടെ ഭക്ഷണം നൽകും.
ഒരാൾ ഇന്ന് റോയമോണ്ട് സന്ദർശിക്കുകയാണെങ്കിൽ, പുറത്തെ ഭിത്തികളേക്കാൾ അൽപ്പം കൂടുതലായി തകർന്ന ദൈവാലയവും, സമീപം ഇപ്പോഴും നല്ല നിലയിലുള്ള ചില കെട്ടിടങ്ങളുമാണ് കാണേണ്ടി വരിക. കാത്തലിക് ഫ്രാൻസിലെ ദൈവസ്നേഹത്തെക്കുറിച്ച് സംസാരിച്ചിരുന്ന മറ്റനേകം നിർമ്മിതികളെ പോലെ റോയമോണ്ടും ഫ്രഞ്ച് വിപ്ലവത്തിൻ്റെ ഇരയായി.
1865-ൽ വിശുദ്ധ ലൂയിസ് ഒമ്പതാമൻ രാജാവിൻ്റെ തിരുനാളിലാണ് ഒബ്ലേറ്റ് പിതാക്കന്മാർ ആശ്രമം ഏറ്റെടുത്തത്. റോയമോണ്ട് വീണ്ടും കത്തോലിക്കരുടെ കൈകളിൽ എത്തിയെങ്കിലും, അവശിഷ്ടങ്ങളിൽ നിന്ന് ദൈവാലയം പുനർനിർമ്മിക്കാൻ അവർക്ക് കഴിവില്ലായിരുന്നു. അഞ്ച് വർഷത്തിന് ശേഷം, ബോർഡോയിലെ തിരുക്കുടുംബസഹോദരിമാർക്ക് ആശ്രമം വിൽക്കാൻ അവർ ബാദ്ധ്യസ്ഥരായി. ഗവൺമെൻ്റിൻ്റെ ഉത്തരവനുസരിച്ച് 1905-ൽ അവർ വീണ്ടും അത് വിറ്റു, അങ്ങനെ ഫ്രാൻസിലെ വിശുദ്ധ ലൂയിസ് ഒമ്പതാമൻ്റെ സ്വപ്നം അവസാനിച്ചു, എങ്കിലും അദ്ദേഹത്തിൻ്റെ സത്പ്രവൃത്തികൾ സ്വർഗ്ഗീയ ഭണ്ഡാരത്തിൽ ദൈവം സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്നു.