മാര്‍ ആന്‍ഡ്രൂസ് താഴത്തും മാര്‍ തോമസ് തറയിലും മുഖ്യമന്ത്രിയെ കണ്ടു

കൊച്ചി: ഭരണഘടനാ ഭേദഗതിയിലൂടെ രാജ്യത്ത് നിലവില്‍ വന്ന സംവരണേതര വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര്‍ക്കുള്ള പത്തുശതമാനം സംവരണത്തെക്കുറിച്ചും അധ്യാപക നിയമന അംഗീകാരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അടിയന്തര നടപടി ആവശ്യപ്പെട്ടും സീറോ മലബാര്‍ സഭയുടെ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തും കണ്‍വീനര്‍ ബിഷപ് മാര്‍ തോമസ് തറയിലും തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു നിവേദനം നല്കി.

സാമ്പത്തിക സംവരണത്തെക്കുറിച്ചു നിക്ഷിപ്ത താല്പര്യക്കാര്‍ നടത്തുന്ന വ്യാജപ്രചരണത്തെക്കുറിച്ചു സഭാനേതൃത്വം മുഖ്യമന്ത്രിയെ ധരിപ്പിച്ചു. അധ്യാപക നിയമന അംഗീകാരവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അടങ്ങിയ നിവേദനം ഇന്റര്‍ചര്‍ച്ച് വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ കൂടിയായ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. ന്യൂനപക്ഷ മാനേജ്‌മെന്റുകള്‍ക്ക് ഭരണഘടന അനുവദിച്ചുതരുന്ന നിയമനാവകാശം നിലനിര്‍ത്തിക്കൊണ്ട് ഒറ്റത്തവണ ഒത്തുതീര്‍പ്പിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.

ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിലുള്ള ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ നടത്തിപ്പില്‍ കേരളത്തിലെ ക്രൈസ്തവസമൂഹം നേരിടുന്ന അനീതിപരമായ അവഗണനയെക്കുറിച്ചും പ്രതിനിധിസംഘം മുഖ്യമന്ത്രിയോട് പരാതി ഉന്നയിച്ചു. ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80:20 അനുപാതം അംഗീകരിക്കാനാവില്ല.

അധ്യാപന നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്കി.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.