മാര്‍ ജേക്കബ് തൂങ്കുഴി തൊണ്ണൂറിന്റെ നിറവിലേക്ക്

തൃശൂര്‍: തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജേക്കബ് തൂങ്കുഴി തൊണ്ണൂറാം വയസിലേക്ക്.

പാലാ വിളക്കുമാടം തൂങ്കുഴിയില്‍ കുരിയപ്പന്‍ റോസ ദമ്പതികളുടെ മകനായി 1930 ഡിസംബര്‍ 13 നായിരുന്നു ജനനം. ചങ്ങനാശ്ശേരി രൂപതയ്ക്കുവേണ്ടി സെമിനാരിയില്‍ ചേര്‍ന്ന അദ്ദേഹം പിന്നീട് തലശ്ശേരി രൂപതയ്ക്കുവേണ്ടി പുരോഹിതനായി. സഭാനിയമത്തിലും സിവില്‍ നിയമത്തിലും ഡോക്ടറേറ്റ് നേടിയ അദ്ദേഹം തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയുടെ സെക്രട്ടറി, തലശ്ശേരി രൂപതയുടെ ചാന്‍സലര്‍, മൈനര്‍ സെമിനാരി റെക്ടര്‍ എന്നീ നിലകളില്‍ സേവനം ചെയ്തു.

1973 ല്‍ മാനന്തവാടി രൂപതയുടെ പ്രഥമ മെത്രാനായി. 1995 ല്‍ താമരശ്ശേരി രുപതാധ്യക്ഷനായി. 1996 ഡിസംബര്‍ 18 ന് തൃശൂര്‍ ആര്‍ച്ച് ബിഷപ്പായി നിയമിതനായി. 2007 ല്‍ തല്‍സ്ഥാനത്തു നിന്ന് വിരമിച്ചു.

ഇപ്പോള്‍ തൃശൂര്‍ അതിരൂപതയുടെ മഡോണ മൈനര്‍ സെമിനാരിയില്‍ വിശ്രമജീവിതം നയിച്ചുവരികയാണ് അദ്ദേഹം. സിസ്‌റ്റേഴ്‌സ് ഓഫ് ക്രിസ്തുദാസി സന്യാസിനി സമൂഹത്തിന്റെയും സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ് ദ വര്‍ക്കറിന്റെയും സ്ഥാപകനാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.