നസ്രായന്‍റെ ഡയറിക്കുറിപ്പുകള്‍


ഞാനീ ലോകത്തിലേക്ക് വന്നത് നീതിമാൻമാരെ വിളിക്കാൻ ആയിരുന്നില്ല…  മറിച്ച് പാപികളെ തേടി ആയിരുന്നു… നിന്റെ ആത്മാവിന്റെ രക്ഷയ്ക്ക് വേണ്ടി ഞാനീ ലോകത്തിലേക്കു കടന്നുവന്നു…

വരും ദിനങ്ങൾ നിന്റെ പഴയകാല ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കാനുള്ളതാണ്… പാപത്തിന്റെ ഇരുണ്ട വീഥികളിൽ നിന്നും മാറി നടക്കാൻ, മാറി ചിന്തിക്കാൻ നിനക്ക് ഞാൻ അനുവദിച്ച ദിനങ്ങൾ… കഴിഞ്ഞുപോയ കാലത്തിലെ ദുർഗന്ധം വമിക്കുന്ന പാപത്തിന്റെ ഭാണ്ഡകെട്ടുകൾ ഇനി ദൂരേക്ക്  വലിച്ചെറിയാം… ചാക്കുടുത്തു ചാരം പൂശി… കഴിഞ്ഞ പോയ കാലത്തെപ്പറ്റി ഓർത്തു ഒരു നിമിഷം അനുതാപം നിറഞ്ഞ ഹൃദയത്തോടെ ഒരിറ്റു കണ്ണീർ വീഴ്ത്താൻ കഴിയുമോ…?

നിന്റെ ഇഷ്ടങ്ങൾ എനിക്കായി ഉപേക്ഷിക്കുവാൻ നിനക്ക് പറ്റുമോ…!!!   നിനക്ക് എത്ര മാത്രം ഉപേക്ഷകൾ സാധ്യമാകുമെന്നറിയില്ല, എന്നാലും ഒന്ന് ശ്രമിച്ചു നോക്കൂ…  ഈ നോമ്പുകാലം  വെറുതെ മാംസവും മത്സ്യവും പാലും ഒക്കെ വർജിച്ചു മാത്രം ആചരിച്ചാൽ പോരാ…  നിന്റെ മനസ്സിന് ആനന്ദം നൽകുമെന്ന് നീ കരുതുന്ന  ടീവി, സീരിയൽ ഉപേക്ഷിക്കാമോ… അത്യാവശ്യം ഇല്ലാത്ത എല്ലാ സോഷ്യൽ മീഡിയകളും ഉപേക്ഷിക്കാമോ… എന്റെ സാന്നിധ്യബോധ്യം തരാത്തതെല്ലാം ഉപേക്ഷിക്കാമോ…

അന്യരെ വിമർശിക്കാതെ, കുറ്റാരോപണം നടത്താതെ ജീവിക്കാമോ… മനസു കൊണ്ട് അകന്നിരിക്കുന്നവരെ സന്ദർശിക്കാമോ…  അകന്നുപോയ കുടുംബ ബന്ധങ്ങൾ ദൃഢമാക്കാമോ… മദ്യം, പുകവലി, മയക്കുമരുന്ന്, പാൻമസാല ഒക്കെ എക്കാലത്തേക്കും ഉപേക്ഷിക്കാമോ…   ലൈംഗിക ആസക്തികൾ ഉപേക്ഷിക്കാമോ… ഗർഭത്തിൽ ഉരുവായ കുഞ്ഞിനെ നശിപ്പിക്കില്ലെന്നു തീരുമാനം എടുക്കാമോ…

ഈ നോമ്പ് കാലത്ത് സമയമില്ലെങ്കിലും, ദൈവാലയത്തിലെ എന്റെ ബലിയിലും, കുരിശിന്റെ വഴിയിലും, ആരാധനയിലും, കുടുംബ പ്രാർത്ഥനയിലും, സംബന്ധിക്കാനാവുമോ… അങ്ങനെയെങ്കിൽ… ചാരത്തില്‍ നിന്ന് പുതുജീവന്‍ പ്രാപിക്കുന്ന ഫിനിക്സ്  പക്ഷിയെപ്പോലെ നിങ്ങൾ ഓരോരുത്തരും ചാരം പൂശി പുതിയ സൃഷ്ടിയായി ഉയര്‍ത്തേഴുന്നേല്‍ക്കുന്നത് കാണുവാൻ ഞാൻ കാത്തിരിക്കുന്നു….  വേറെ ആർക്കും വേണ്ടിയല്ല.. എനിക്ക് വേണ്ടി മാത്രം….. അങ്ങനെയെങ്കിൽ….  

എന്റെ ഉയിർപ്പുദിനത്തിൽ ഞാൻ തരുന്ന സമാധാനവും സ്വാതന്ത്ര്യവും സന്തോഷവും അനുഭവിക്കുന്ന വലിയ സാക്ഷി ആയിത്തീരാം…. പശ്ചാത്തപിക്കുന്ന നിന്നെ ഓർത്തു ഞാനും എന്റെ  രാജ്യവും ഏറെ സന്തോഷിക്കും…. എന്നിരുന്നാലും ഫലം നൽകാതെ ഉയർന്നു നിൽക്കുന്ന വൃക്ഷങ്ങൾ എല്ലാം വെട്ടി തീയിൽ എറിയപ്പെടും.  മാനസാന്തരത്തിനു  യോജിച്ച ഫലങ്ങൾ പുറപ്പെടുവിപ്പിക്കുവിൻ….

നമുക്കും പ്രാർത്ഥിക്കാം. പശ്ചാത്തപിക്കുന്ന പാപികൾക്ക് വാതിൽ തുറന്നു കൊടുക്കന്നവനായ കാരുണ്യവാനായ നസ്രായനായ കർത്താവേ… നിന്റെ കൃപയുടെ വാതിൽ ഞങ്ങൾക്കായി തുറക്കേണമെ… മാമ്മോദീസ വഴി ഞങ്ങളെ വിശുദ്ധീകരിച്ച് മുദ്രിതരാക്കിയതിന് ഞങ്ങൾ നന്ദിപറയുന്നു… ലോകത്തിന് മരിച്ച് നിനക്കായി ജീവിക്കുവാൻ എന്നെ സഹായിക്കണേ… അതുതാപത്തിന്റെ വസ്ത്രം ധരിച്ചും ശിരസ്സിൽ ചാരം പൂശിയും അനുതാപം പ്രകടിപ്പിച്ച നിനവെക്കാരെ ജീവന്റെ വഴിയിലേക്ക് നയിച്ച കർത്താവെ, നാളെ എന്റെ നെറ്റിത്തടത്തിൽ പൂശപ്പെടുന്ന ചാരം ഒരു വിശുദ്ധ  നോമ്പുകാലത്തിലേക്ക് കടക്കാനുള്ള ഓർമ്മപ്പെടുത്തലാകട്ടെ … ഞങ്ങൾ മണ്ണാണെന്നും മണ്ണിലേക്ക് തന്നെ മടങ്ങുമെന്നും ഞങ്ങൾ അറിയുന്നു പാപങ്ങൾ പൊറുത്ത് ഞങ്ങളെ അനുഗ്രഹിക്കണമെ.

ഫാ. അനീഷ് കരിമാലൂര്‍ ഒ പ്രേം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.