“ഈ കുഞ്ഞ് ദൈവത്താല്‍ പരീക്ഷിക്കപ്പെടുമെന്ന് മാമ്മോദീസാ വേളയില്‍ വൈദികന്‍ പ്രവചിച്ചിരുന്നു”. അസിയാബി തന്റെ ജീവിതരഹസ്യം വെളിപ്പെടുത്തുന്നു

.
ക്രിസ്തുവിന്റെ നാമത്തിലാണ് ഞാന്‍ ജയിലില്‍ അടയ്ക്കപ്പെട്ടത്. പക്ഷേ ഇന്ന് ഞാനറിയുന്നു ക്രിസ്തു തന്നെയാണ് എന്നെ മോചിപ്പിച്ചത്. അസിയാബിയുടെ വാക്കുകളാണ് ഇത്.

പാക്കിസ്ഥാനിലെ കത്തോലിക്കാസഭാംഗമായ അസിയാബിക്ക് വലിയൊരു മുഖവുരയുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ദൈവദൂഷണക്കുറ്റം ചുമത്തി വധശിക്ഷ വരെ വിധിക്കപ്പെട്ടതിന് ശേഷം ഒടുവില്‍ ജയില്‍ വിമുക്തയായ ആളാണ് അസിയാബി. ഒരു അഭിമുഖത്തിലാണ് അസിയാബി തന്റെ അനുഭവങ്ങളും ക്രിസ്തീയ വിശ്വാസവും തുറന്നുപറഞ്ഞത്.

മരണത്തിന്റെ നിഴല്‍ വീണ താഴ് വരയിലൂടെയാണ് നടന്നതെങ്കിലും താന്‍ ഭയപ്പെട്ടില്ലെന്ന് അസിയാബി പറയുന്നു. കാരണം എനിക്കറിയാമായിരുന്നു ദൈവം എന്റെ കൂടെയുണ്ടെന്ന്. ദൈവം എന്നെ തനിച്ചാക്കി വിടുകയില്ലെന്ന്. അവന്‍ എല്ലായ്‌പ്പോഴും നിങ്ങളുടെ കൂടെയുണ്ട്. വായനക്കാരോടായി അസിയാബി പറയുന്നു. രണ്ടുമക്കളും ഭര്‍ത്താവുമൊപ്പം കഴിഞ്ഞ മെയ് മാസം മുതല്‍ അസിയാബി കാനഡായിലാണ് താമസിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ അവരുടെ അഭയാര്‍ത്ഥി കാലാവധി അവസാനിക്കും . ഫ്രാന്‍സില്‍ തുടര്‍ന്നുളളകാലം താമസിക്കാനാണ് തന്റെ ആഗ്രഹമെന്ന് വ്യക്തമാക്കിയ അസിയാബി ഫെബ്രുവരി 28 ന് ഫ്രഞ്ച് പ്രസിഡന്റുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു.

തന്റെ മാമ്മോദീസാ വേളയില്‍ വൈദികന്‍ മാതാപിതാക്കളോട് പറഞ്ഞ കാര്യവും അസിയാബി അഭിമുഖത്തില്‍ വ്യക്തമാക്കി. ഈ കുഞ്ഞ് ദൈവത്താല്‍ പരീക്ഷിക്കപ്പെടുമെന്നായിരുന്നു അന്ന് വൈദികന്‍ പ്രവചിച്ചത്. മാതാപിതാക്കള്‍ അതെന്നോട് തുറന്നുപറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ അതൊരിക്കല്‍ സംഭവിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.

നിങ്ങള്‍ ദൈവത്തില്‍ ശരണം വയ്ക്കുകയാണെങ്കില്‍ നിങ്ങളുടെ വിശ്വാസം ശക്തമായിത്തീരും. അസിയാബി വ്യക്തമാക്കുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.