‘ ഞങ്ങള്‍ക്ക് വിശുദ്ധ കുര്‍ബാന വേണം’ മഴ നനഞ്ഞും പരിശുദ്ധ മറിയത്തിന്റെ രൂപത്തിന് മുമ്പില്‍ ജപമാലകള്‍ ചൊല്ലി ഫ്രഞ്ച് കത്തോലിക്കര്‍

പാരീസ്: ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് വിശുദ്ധ കുര്‍ബാനകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഫ്രാന്‍സിലെ കത്തോലിക്കര്‍ തെരുവിലിറങ്ങി. മാസ്‌ക് ധരിച്ചും പ്ലക്കാര്‍ഡുകള്‍ കയ്യിലേന്തിയും ദേവാലയങ്ങള്‍ക്ക് വെളിയില്‍ പ്രാര്‍ത്ഥനായോഗങ്ങള്‍ സംഘടിപ്പിച്ചുമാണ് കത്തോലിക്കര്‍ പ്രതിഷേധിച്ചത്.

നാന്റെസ്, സ്ട്രാസ്ബര്‍ഗ്, ബോര്‍ഡെക്‌സ്, റെന്നീസ്, വെര്‍സെയ്‌ലെസ് എന്നീ നഗരങ്ങളിലാണ് പ്രാര്‍ത്ഥനാകൂട്ടായ്മകള്‍ സംഘടിപ്പിച്ചത്. ഫ്രാന്‍സ് രണ്ടാം വട്ട ലോക്ക് ഡൗണിലേക്ക് പ്രവേശിച്ച സാഹചര്യത്തില്‍ മതപരമായ കൂട്ടായ്മകളും വിശുദ്ധ കുര്‍ബാനകളും ഡിസംബര്‍ ഒന്നുവരെ നിരോധിച്ചിരിക്കുകയാണ്. പൊതുകുര്‍ബാനകള്‍ നിരോധിച്ചിരിക്കുന്നത് ആരാധനാസ്വാതന്ത്ര്യം അനുവദിച്ചിരിക്കുന്നതില്‍ നിന്നുള്ള വ്യതിചലനമാണെന്ന് ഫ്രഞ്ച് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് അഭിപ്രായപ്പെട്ടു.

ദേവാലയത്തിന് വെളിയില്‍ ജപമാല ചൊല്ലിയും ഗീതങ്ങള്‍ ആലപിച്ചുമാണ് കത്തോലിക്കര്‍ പ്രതികരണം രേഖപ്പെടുത്തിയത്. നാന്റെയില്‍ മുന്നൂറോളം ആളുകള്‍ മഴ നനഞ്ഞും പരിശുദ്ധ കന്യാമറിയത്തിന്റെ രൂപത്തിന് മുമ്പില്‍ നിന്ന് പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.