മാര്‍ട്ടിന്‍ ലൂതറിന്റെ വഴിയല്ല ഫ്രാന്‍സീസ് അസ്സീസിയുടെ വഴിയാണ് നമുക്കു വേണ്ടത്: ഷെവ. ബെന്നി പുന്നത്തറ

അനേക ദശാബ്ദങ്ങളായി സീറോ മലബാര്‍ സഭയുടെ ഊര്‍ജ്ജവും സമയവും മഹത്വവും അപഹരിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് ആരാധനക്രമവിവാദം. ഇത് ഇന്ന് വളര്‍ന്നു ഒരു ക്രമസമാധാന പ്രശ്‌നമായി മാറിയിരിക്കുന്നു എന്നത് വളരെ വേദനാജനകമാണ്. ആരാധനക്രമം എന്ന പദം വ്യക്തമാക്കിത്തരുന്നത് തന്നെ ആരാധനയ്ക്ക് ഒരു ക്രമം വേണമെന്നാണ്. ക്രമം ഇല്ലെങ്കില്‍ ഓരോ വ്യക്തിയും തങ്ങള്‍ക്ക് തോന്നിയതുപോലെ ആരാധനാശുശ്രൂഷകള്‍ നിര്‍വഹിക്കുകയും അത് ക്രമരാഹിത്യത്തിന് കാരണമായിത്തീരുകയും ചെയ്യും.

കുര്‍ബാനയ്ക്ക്് ഒരു ക്രമം ആവശ്യമുണ്ട്. അല്ലെങ്കില്‍ വ്യക്തികളുടെയും സമൂഹത്തിന്റെയും അഭിരുചികള്‍ക്ക് അനുസരിച്ച് കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ അത് ക്രമേണ ആശയക്കുഴപ്പങ്ങള്‍ക്കും ഭിന്നതയ്ക്കും തെറ്റുകള്‍ക്കും കാരണമായിത്തീരും. കാലക്രമേണ സഭയില്‍ വിഭജനങ്ങള്‍ക്ക് വരെ അത് വഴിതെളിച്ചേക്കാം.

രണ്ടുവ്യത്യസ്ത ചിന്താധാരകള്‍ തമ്മിലുള്ള സംഘര്‍ഷത്തിലേക്കാണ് ആരാധനക്രമവിവാദങ്ങള്‍ ഇപ്പോള്‍ നമ്മെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. ഇക്കാരണത്താല്‍ കേരളത്തിലെ പല രൂപതകളും പലവിധത്തിലുള്ള കുര്‍ബാന അര്‍പ്പണരീതികള്‍ തുടര്‍ന്നുകൊണ്ടുപോയി.

എന്നാല്‍ സഭ വളര്‍ന്ന് കേരളത്തിനു വെളിയിലും വിദേശരാജ്യങ്ങളിലും രൂപതകള്‍ രൂപം കൊണ്ടപ്പോള്‍ ഈ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമായി. കേരളത്തിലെ വ്യത്യസ്തരൂപതകളില്‍ ജനിച്ചുവളര്‍ന്ന്, വ്യത്യസ്ത ആരാധനരീതികള്‍ പരിശീലിച്ചുവളര്‍ന്നവര്‍ വിദേശരാജ്യങ്ങളില്‍ ഒരുമിച്ചുചേര്‍ന്ന് ഒരു ഇടവകസമൂഹത്തിന് രൂപം കൊടുത്തുതുടങ്ങിയപ്പോള്‍ ഓരോ വ്യക്തിയും തങ്ങള്‍ പരിചയിച്ചുവളര്‍ന്ന കുര്‍ബാന ശൈലി, ആ അര്‍പ്പണരീതി പുതിയ ഇടവകയില്‍ വേണമെന്ന് നിര്‍ബന്ധം പിടിക്കുകയും അത് കലഹങ്ങള്‍ക്ക് കാരണമായിത്തീരുകയും അജപാലന ശുശ്രൂഷ വളരെ ബുദ്ധിമുട്ടേറിയ ഒരു സാഹചര്യത്തിലേക്ക് കടന്നുവരുകയും ചെയ്തു. അതോടൊപ്പം ടിവിയിലൂടെയും മറ്റും സീറോ മലബാര്‍ കുര്‍ബാനകള്‍ സംപ്രേഷണം ചെയ്യുമ്പോള്‍ അതിന് ഐകരൂപം ഇല്ലാത്തത് ആശയക്കുഴപ്പങ്ങളും അസ്വസ്ഥതകളും സൃഷ്ടിക്കാനുംകാരണമായി.

ഇതിന്റെയെല്ലാം ഫലമാണ് എത്രയും വേഗം സഭയില്‍ ഒരു കുര്‍ബാനക്രമം ഉണ്ടാകണമെന്ന് സഭയെ സ്‌നേഹിക്കുന്ന എല്ലാവരും ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും അതിനുവേണ്ടി കാത്തിരിക്കുകയും ചെയ്തത്. ഒടുവില്‍ 2021 ഓഗസ്റ്റില്‍ നടന്ന സീറോമലബാര്‍ സഭ സിനഡ് വിശുദ്ധ കുര്‍ബാനയുടെ ആമുഖഭാഗം ജനാഭിമുഖമായും അനാഫെറ ഭാഗം അള്‍ത്താരാഭിമുഖമായും കുര്‍ബാനസ്വീകരണത്തിന് ശേഷമുള്ള ഭാഗം ജനാഭിമുഖമായും നിജപ്പെടുത്തുകയും നവംബര്‍ 28 മുതല്‍ പുതിയ കുര്‍ബാനഅര്‍പ്പണരീതി പ്രാവര്‍ത്തികമാക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

ഇതിലൂടെ പൂര്‍ണ്ണമായും ജനാഭിമുഖമായും അള്‍ത്താരാഭിമുഖമായും കുര്‍ബാന അര്‍പ്പിക്കണമെന്ന തീരുമാനങ്ങളെ സംയോജിപ്പിക്കുകയാണ് സിനഡ് ചെയ്തത്. പക്ഷേ ചിലരൂപതകളിലെ ചിലവൈദികര്‍ സംഘടിച്ച് തങ്ങള്‍ സിനഡിന്റെ തീരുമാനത്തെ അംഗീകരിക്കുകയില്ലെന്ന് പ്രഖ്യാപിച്ചു.

ദശാബ്ദങ്ങളായി തുടര്‍ന്നുപോരുന്ന ആരാധനക്രമവിവാദത്തിന് ഒരു അവസാനം ഉണ്ടായേതീരൂ. അതിനുള്ള ഏറ്റവും നല്ല അവസരമാണ് സിനഡിന്റെതീരുമാനം നട്പ്പിലാക്കാനുള്ള അവസരം. അത് നമ്മള്‍ നഷ്ടപ്പെടുത്തരുത്. നമുക്ക് ഇനിയും ഇതിന് വേണ്ടി കലഹിച്ചുകളയാന്‍ സമയമില്ല. സഭ കഠിനമായപരീക്ഷണങ്ങളിലൂടെ കടന്നുപോകുന്ന ഈ സമയത്ത് എത്രയും വേഗം ഉള്ളിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച് പുറമെയുള്ള വെല്ലുവിളികള്‍ നേരിടാന്‍ നാം സജ്ജമാകണം. സഭയെ സജ്ജമാക്കണം.

നിയമാനുസൃതമായ അധികാരത്തോടുളള അനുസരണത്തിന്റെ അഭാവത്താലുള്ള യാതൊന്നും നവീകരണമോ പുനരുദ്ധാരണമോ നവോത്ഥാനമോ അല്ല. കത്തോലിക്കാസഭയുടെ ചരിത്രം പരിശോധിച്ചുനോക്കുമ്പോള്‍ അവിടെ അനുസരണത്തിന്റെയും വിധേയത്വത്തിന്റെയും വഴികളിലൂടെ നടന്നവര്‍ മാത്രമാണ് സഭയില്‍ മാറ്റങ്ങളും നവീകരണങ്ങളും സൃഷ്ടിച്ചിട്ടുളെളതെന്ന് മനസ്സിലാക്കാന്‍ കഴിയും. വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെയും കുരിശിന്റെ വിശുദ്ധ യോഹന്നാന്റേതുമാണ് യഥാര്‍ത്ഥത്തിലുള്ള നവീകരണ വഴികള്‍. ദൈവത്തിന്‌റെ വഴികളായിരുന്നു അവ.

നിലനില്ക്കുന്ന ഫലങ്ങള്‍ സഭയിലുണ്ടാവണമെങ്കില്‍ അനുസരണത്തിന്റെയും വിധേയത്വത്തിന്റെയും മാര്‍ഗ്ഗങ്ങളിലൂടെ കടന്നുപോകണം. മാര്‍ട്ടിന്‍ ലൂതറിന്റെ വഴി പ്രൊട്ടസ്റ്റന്റ് വഴിയാണ്. ലോകത്തിന്റെ വഴിയാണ്. അത് സഭയ്ക്ക് ഒരു നന്മയും ചെയ്യുകയില്ല. സഭാമാതാവിനെ മുറിപ്പെടുത്തുകയും ഭിന്നിപ്പിക്കുകയും മാത്രമേ അത് ചെയ്യുകയുള്ളൂ.

സിനഡിന്റെ തീരുമാനങ്ങള്‍ എതിര്‍ക്കാന്‍ സംഘടിച്ചിരിക്കു്ന്നവരും അള്‍ത്താരയില്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നവരുമെല്ലാം തിരഞ്ഞെടുത്തിരിക്കുന്നത് മാര്‍ട്ടിന്‍ലൂതറിന്റെ വഴിയാണ് പ്രൊട്ടസ്റ്റന്റ് വഴിയാണ്. ഈ സത്യം നാം വേദനയോടെ തിരിച്ചറിയണം. ഇത് യാതൊരു നന്മയും സഭയ്ക്ക് ചെയ്യുകയില്ല. ഇതില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെജീവിതത്തിലും ഇത് യാതൊരു നന്മയും സൃഷ്ടിക്കുകയില്ല.

അതുകൊണ്ട് പ്രിയപ്പെട്ടവരേ നാം ആത്മശോധന നടത്തേണ്ട സമയമാണ് ഇത്, സമാധാനമാണ് ദൈവം ഈ കാലഘട്ടത്തില്‍ നമ്മില്‍ നിന്ന് ആഗ്രഹിക്കുന്നത്. സഭയ്ക്കുള്ളിലെ ഐക്യമാണ്.

സിനഡിന്റെ തീരുമാനം എല്ലാവരും അംഗീകരിക്കുക എന്നതാണ് ദൈവഹിതം. സിനഡ് ഒരു തീരുമാനമെടുത്താല്‍ പഴയ സംവാദങ്ങള്‍ക്ക് പ്രസക്തിയില്ല.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.