മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവിന്റെ വിയോഗത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത അനുശോചിച്ചു

പ്രെസ്റ്റൻ: ഇടുക്കി രൂപതയുടെ പ്രഥമ ഇടയനും കുടിയേറ്റജനതയുടെ നിർഭയ കാവൽക്കാരനുമായിരുന്ന അഭിവന്ദ്യ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവിന്റെ വിയോഗത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ കുടുംബം ഒന്നാകെ അനുശോചനം രേഖപ്പെടുത്തുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ. സീറോ മലബാർ സഭയുടെ ചൈതന്യത്തിൽ ഊന്നി നിന്നുകൊണ്ട് ആധ്യാത്മിക ദൈവശാസ്ത്ര ശിക്ഷണത്തിന്റെ ഉറച്ച അടിത്തറ പാകുവാൻ കഴിഞ്ഞ അഭിവന്ദ്യ പിതാവ് സഭക്കും സമൂഹത്തിനും നൽകിയ സേവനങ്ങൾ എക്കാലവും സ്മരിക്കപ്പെടും. കുടിയേറ്റ ജനതയുടെ മനസറിഞ്ഞു അവരിലൊരാളായി അവരോടൊപ്പം ജീവിക്കുകയും, ദൈവഹിതമറിഞ്ഞു ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്ത അജപാലകനായിരുന്നു ആനിക്കുഴിക്കാട്ടിൽ പിതാവ്. വിവാദങ്ങളെ ഭയപ്പെടാതെ മലയോരമണ്ണിന്റെ അവകാശങ്ങൾക്കായി സ്ഥിരമായി ശബ്‍ദമുയർത്തുകയും അവ നേടിയെടുക്കുകയൂം ചെയ്ത അഭിവന്ദ്യ പിതാവിന്റെ വേർപാട് ഇടുക്കിയിലെ കർഷക മക്കൾക്കും തീരാ നഷ്ടമാണ്. 

പിതാവിന്റെ വേർപാടിൽ മനം നൊന്തിരിക്കുന്ന മാർ ജോൺ നെല്ലിക്കുന്നിൽ പിതാവിന്റെയും, ഇടുക്കി രൂപതയുടെയും, ദൈവജനം മുഴുവന്റെയും, ഇടുക്കിയിലെ മുഴുവൻ ജനങ്ങളുടെയും വേദനയിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ഒന്നായി പങ്കു ചേരുകയും പിതാവിന്റെ ആത്മശാന്തിക്കായി പ്രാർഥിക്കുകയും ചെയ്യുന്നതായി അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ തന്റെ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

ഫാ. ടോമി എടാട്ട്

പിആർഒ, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.