രാവിലെ നടക്കാന്‍ പോയ എടയന്ത്രത്ത് പിതാവ് പെട്ടെന്ന് കന്യാകുമാരിയക്ക് പോയത് എന്തിനായിരുന്നു? വൈറലായ ഈ കുറിപ്പ് അക്കാര്യം വെളിപ്പെടുത്തും

എറണാകുളം അങ്കമാലി അതിരൂപത സഹായമെത്രാനായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ഇന്നലെയാണ് മാണ്ഡ്യ രൂപതയുടെ മെത്രാനായി അഭിഷിക്തനായത്. ഈ അവസരത്തില്‍ അദ്ദേഹത്തെക്കുറിച്ച് ബ്ര. പോള്‍ മാത്യു എഴുതിയ ഒരു അനുസ്മരണക്കുറിപ്പ് സോഷ്യല്‍ മീഡിയായില്‍ പരക്കെ വ്യാപകമായിക്കഴിഞ്ഞു. എടയന്ത്രത്ത് പിതാവിന്‍റെ സഹജീവി സ്നേഹവും കരുണയും വ്യക്തമാക്കുന്ന ആ കുറിപ്പ് അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിന്‍റെ മാഹാത്മ്യം വ്യക്തമാക്കുന്നതാണ്. ബ്ര. പോള്‍ മാത്യുവിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ചുവടെ ചേര്‍ക്കുന്നു.

യഥാർത്ഥ ക്രിസ്തു

ചില മനുഷ്യർക്ക് മറ്റുള്ളവരുടെ ഹൃദയത്തിൽ കയറുന്നത് അവർ പോലും അറിയാതെയാണ്.എന്റെ അനുഭവത്തിലൂടെ അത്തരത്തിലൊരാൾ എന്റെ ഹൃദയത്തിലും കയറിയ സംഭവം നിങ്ങളുമായി പങ്കു വയ്ക്കുവാൻ ആഗ്രഹികയാണ്…
ഏകദേശം രണ്ടര – മൂന്നു വർഷങ്ങൾ മുൻപത്തെ സംഭവമാണ് ..ജന്മം കൊണ്ട് പാലാ രൂപതക്കാരനും കർമ്മം കൊണ്ട് പാലക്കാട് രൂപതക്കാരനുമാണ് ഞാൻ. 

ഒരിക്കൽ എനിക്ക് എറണാകുളം-അങ്കമാലി അതിരൂപതയിലെ കൊച്ചു പിതാവുമായി ഒരു മീറ്റിംഗുണ്ട്.  കരിസ്മാറ്റിക് പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന എനിക്ക് പല രൂപതകളിലെയും ഒട്ടുമിക്ക ബിഷപ്പുമാരും വൈദികരുമായും മിക്കവാറും ദിവസങ്ങളിൽ മീറ്റിംഗുകൾ ഉണ്ടാവാറുണ്ട്. എറണാകുളത്തും അതുപോലെ ഒട്ടനവധി  മീറ്റിംഗുകളിൽ പങ്കെടുത്തിട്ടുമുണ്ട്. 

അടുത്ത നാളുകളിൽ കൂടുതലും ജോസ് പുത്തൻവീട്ടിൽ പിതാവുമായാണ് മീറ്റിംഗുകൾ നടത്തിയിട്ടുള്ളത്.ഇന്നത്തെ മീറ്റിംഗ് എടയന്ത്രത്ത് പിതാവുമായാണ്.     ഗൗരവമേറിയതല്ലെങ്കിലും ആത്മീയ  രീതിയിൽ നോക്കുകയാണെങ്കിൽ ഒരു സുപ്രധാനമീറ്റിംഗാണ്. ഒട്ടനവധി വൈദികരും, പ്രമുഖ ധ്യാന ശുശ്രൂഷകരും പങ്കെടുക്കുന്നതാണ്. 11 മണിക്ക് എറണാകുളം അരമനയിലെ കോൺഫറൻസ് ഹാളിലാണ് മീറ്റിംഗ്‌..

ചങ്ങനാശ്ശേരിയിലായിരുന്ന ഞാൻ, അന്നു രാവിലെയുള്ള പാലരുവി എക്സ്പ്രസ് ട്രയിനിൽ നോർത്തിലെത്തി പ്രഭാത ഭക്ഷണവും കഴിച്ച് ഓട്ടോയിൽ ബിഷപ്പു ഹൗസിലെത്തി. ബിഷപ്പുഹൗസിൽ പാറേക്കാട്ടിലച്ചനും മറ്റു ചില വൈദികരും മീറ്റിംഗിനായി എത്തിയിട്ടുണ്ട്.  കുശലാന്വഷണത്തിനു ശേഷം റിസപ്ഷനിസ്റ്റ് ആയ  സിസ്റ്ററോട് പിതാവിനെക്കുറിച്ച് അന്വഷിച്ചു.പിതാവ് പുറത്ത് എവിടെയൊ പോയിരിക്കുന്നതായി സിസ്റ്റർ അറിയിച്ചു.വെയ്റ്റ് ചെയ്യാം എന്നു കരുതി അരമനയുടെ സ്വീകരണമുറിയിലെ സോഫയിൽ ഞങ്ങൾ ഇരുന്നു.

ഇടക്കിടെ യോഗത്തിൽ പങ്കെടുക്കേണ്ട വൈദികരും, അത്മായ നേതാക്കളും എത്തുന്നുണ്ട്…പതിനാെന്നായി, പതിനൊന്നേ കാലായി പതിനൊന്നരയായി. ബിഷപ്പുമാത്രം എത്തിയിട്ടില്ല.പാറേക്കാട്ടിലച്ചൻ പിതാവിന്റെ മൊബൈലിൽ ഇടക്കിടെ വിളിക്കുന്നുണ്ട്. ബെല്ലുണ്ട്. എടുക്കുന്നില്ല ..ചിലരൊക്കെ മുറുമുറുക്കാൻ തുടങ്ങി.
ഒടുവിൽ ക്ഷമ നശിച്ച് സിസ്റ്ററുടെ അടുത്ത് വീണ്ടുമെത്തി അന്വേഷിച്ചു ..സിസ്റ്റർക്കും കൃത്യമായി അറിയില്ല .

രാവിലെ നടക്കുവാൻ പോയത് കണ്ടവരുണ്ട്. കുറച്ചു കഴിഞ്ഞപ്പോൾ സെക്രട്ടറി അച്ചൻ പിതാവിന്റെ കാറിൽ കയറി പോയിട്ടുമുണ്ട്. സെക്രട്ടറി അച്ചനെ വിളിച്ചാൽ അറിയാം, പക്ഷെ അച്ചന്റെ നമ്പരും കിട്ടുന്നില്ല..വീണ്ടും അച്ചനെ വിളിച്ചു.. കിട്ടിയ മറുപടി അമ്പരപ്പിക്കുന്നതായി .. അച്ചനും, ഡ്രൈവറും കന്യാകുമാരിയിലേക്ക് പോയ ഒരു ആംബുലൻസിന് പുറകെ പായുകയാണ് .. അച്ചൻ  കാര്യം ചുരുക്കി പറഞ്ഞു.

അതിനിടയായ കാര്യം അറിഞ്ഞപ്പോഴുള്ള കൗതുകവും, അതിലെ അഭിമാനവും ഇപ്പോഴും എനിക്ക് മാറിയിട്ടില്ല ..!!
അതെ,  ഇതുപോലൊരു പ്രവർത്തി ചെയ്യുവാൻ ഇന്ന് കേരളത്തിലെ കത്തോലിക്കാ ബിഷപ്പുമാരിൽ ഒന്നോ രണ്ടോ പേർ മാത്രമേ ഉള്ളൂ എന്നും, അതിലൊരാളാണ് ബഹുമാനപ്പെട്ട സെബാസ്റ്റ്യൻ ഇടയന്ത്രത്തു പിതാവെന്നും തിരിച്ചറിയുകയായിരുന്ന നിമിഷങ്ങളിലായിരുന്നു അപ്പോൾ ഞാൻ..
കാരണമിതാണ്..

എറണാകുളം നഗരത്തിന്റെ പടിഞ്ഞാറെ അതിർത്തിയിൽ തെക്ക്-വടക്ക് നീളത്തിൽ കിടക്കുന്ന ബ്രോഡ് വേയുടെ വടക്കേ അറ്റത്തായാണ് എറണാകുളത്തെ ബിഷപ്പുഹൗസ്. ബിഷപ്പു ഫൗസിന് നേരെ എതിർ വശത്താണ് പോലീസ് ക്യാംമ്പും, കമ്മീഷണർ ഓഫീസും സ്ഥിതി ചെയ്യുന്നത്. ….ഈ ക്യാംപിൽ നിന്നും ബ്രോഡ്വേയിലേക്കിറങ്ങുന്ന ഗേറ്റിന് സമീപം തമിഴരായ പാവപ്പെട്ട ഒരു ഭാര്യയും ഭർത്താവും ലോട്ടറി വിൽപ്പനക്കിരിക്കുന്നുണ്ട്. പിതാവ് അന്ന് രാവിലെ നടക്കാനിറങ്ങിയപ്പോൾ ഈ തമിഴ് ദമ്പതിമാരിലെ ഭർത്താവിന് അസുഖമായി ജനറൽ ആശുപത്രിയിൽ അഡ്മിറ്റാണെന്ന വിവരമറിഞ്ഞു. പിതാവ് അന്നത്തെ പ്രഭാത നടത്തം നേരെ ജനറൽ ആശുപത്രിയിലേക്കാക്കി.

പിതാവ് അവിടെ ചെല്ലുമ്പോൾ ആ സാധു തമിഴൻ മരിച്ചിരുന്നു. അവരുടെ വീട് കന്യാകുമാരി ജില്ലയിലെ ഏതോ തീരദേശ ഗ്രാമത്തിലാണ്. അതിനാൽ തന്നെ അവരെ സഹായിക്കുവാൻ എറണാകുളത്ത് മറ്റാരും തന്നെ ഇല്ല. ബിഷപ്പു ഹൗസിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും ദിവസവും കണ്ടിരുന്ന ആ സാധുക്കളുടെ കാർന്നോർ സ്ഥാനം,പിതാവ്   ഏറ്റെടുത്തു.

മൃതദേഹം  ആംബുലൻസിൽ കയറ്റി നാട്ടിലേക്ക് അയക്കുവാനുള്ള ഏർപ്പാടെല്ലാം തയ്യാറാക്കി ..മൃതദേഹം വണ്ടിയിൽ കയറ്റിയപ്പോൾ ഒരു പ്രശ്നം.. ആംബുലൻസിൽ ഇവരുടെ കൂടെ പോകുവാൻ മറ്റാരുമില്ല. പിതാവ് മടിച്ചില്ല. ആ സാധു  സ്ത്രീയെയും അവരുടെ ഭർത്താവിന്റെ മൃതദേഹവും കയറ്റിയ ആംബുലൻസിന്റെ മുൻ സീറ്റിൽ പിതാവും കയറി കന്യാകുമാരിയിലേക്ക് യാത്രയായിരിക്കുകയാണ്. ആ ആംബുലൻസ് ലക്ഷ്യമാക്കിയാണ് സെക്രട്ടറി അച്ചനും, ഡ്രൈവറും തിരിച്ചിരിക്കുന്നത് .

അന്നു ഞാൻ നേരിൽ മനസ്സിലാക്കി, എറണാകുളത്തെ സെബാസ്റ്റ്യൻ പിതാവിന്റെ മഹത്വം ..പലരും പറഞ്ഞ് അറിഞ്ഞിട്ടുണ്ടെങ്കിലും പിതാവിന്  പാവങ്ങളോടുള്ള കരുതലും, സ്നേഹവും, സഹായ മനസ്ഥിതിയും മറ്റാർക്കും അനുകരിക്കുവാൻ വയ്യാത്ത വിധം വ്യത്യസ്തമാണ്..

പിന്നീട് പല കാര്യങ്ങളിലാ ചി അടുത്തറിഞ്ഞു, അനുഭവിച്ചു,ആ പിതാവിന്റെ നേരും നെറിവും ….!!ഞാനൊക്കെ വർഷങ്ങൾ ധ്യാനം നടത്തി, മാനസാന്തരപ്പെടുത്തിയവരേക്കാൾ അധികം ആളുകളെ ഒരു ധ്യാനവും നടത്താതെ, പിതാവ് മാനസാന്തരപ്പെടുത്തി ക്രിസ്തുവിലേക്ക് അടുപ്പിച്ചിട്ടുണ്ട് …!!അനേകർ പിതാവിന്റെ കരുതലിൽ രക്ഷ നേടിയിട്ടുണ്ട് ..!അനേകർ ആത്മഹത്യയിൽ നിന്നും പിന്തിരിഞ്ഞിട്ടുണ്ട്….!അനേകർ പിതാവിന്റെ സ്നേഹത്താൽ ക്രിസ്ത്യാനികളായി മാമ്മോദീസാ മുങ്ങിയിട്ടുണ്ട് ..! തന്റെ അജപാലനാധികാരം അധികാരികൾ ബോധപൂർവ്വം അനുകമ്പയില്ലാതെ മാറ്റിയിട്ടും ഒരു പരിഭവവും ഇല്ലാതെ രൂപതയിലെ അനാഥമന്ദിരങ്ങളും, വൃദ്ധ മന്ദിരങ്ങളിലും എന്നത്തേതു പോലെ സന്ദർശിക്കുന്ന ഒരു യഥാർത്ഥ ക്രിസ്ത്യാനിയായി ജീവിക്കുന്ന ഒരിടയനാണ് എറണാകുളത്തെ മാർ സെബാസ്റ്റ്യൻ ഇടയന്ത്രത്ത് പിതാവ് ..

 നേരു മാത്രം കൈമുതലായുള്ള ഈ പിതാവ് പുതിയ അജപാലന ദൗത്യത്തിനായി കേരളത്തിനു വെളിയിലേക്കു പോകുമ്പോൾ ആ കരുതലും സ്നേഹവും നമുക്ക് സാങ്കേതികമായിട്ടാണെങ്കിലും നഷ്ടപ്പെടുമ്പോഴും അദ്ദേഹത്തിന്റെ കരുതൽ ആവശ്യമുള്ള ആയിരങ്ങൾ അവിടെയുണ്ട്  എന്ന അറിവിൽ അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു. പിതാവേ അങ്ങേക്ക് നല്ലതു മാത്രം വരട്ടെ..!!

ബ്ര. പോൾ മാത്യു,



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.