80:20 ;ഹെക്കോടതി വിധി ഒരു മതത്തിനും അനുകൂലമല്ല, പ്രതികൂലവുമല്ല : മാര്‍ പാംപ്ലാനി

കേരളത്തിലെ ന്യൂനപക്ഷവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണ്ണായകമായ ഒരു വിധി തീര്‍പ്പാണ് കേരളഹൈക്കോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. കേരള സര്‍ക്കാര്‍ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ 80:20 ശതമാനം എന്ന തീരുമാനത്തെ ഹൈക്കോടതി തള്ളിക്കളഞ്ഞിരിക്കുന്നു. ന്യൂനപക്ഷങ്ങളിലെ ഏതെങ്കിലും ഒരു മതവിഭാഗത്തിന് 80 ശതമാനം അവകാശങ്ങള്‍ സംരക്ഷണം ചെയ്തുകൊണ്ട് നിയമനിര്‍മ്മാണം നടത്താനോ ഭരണനിര്‍വഹണ ഉത്തരവ് പുറപ്പെടുവിക്കാനോ സംസ്ഥാനത്തിന് അവകാശമില്ല എന്നുള്ള വിധിതീര്‍പ്പാണ് ഹൈക്കോടതി ഇവിടെ നടപ്പിലാക്കിയിരിക്കുന്നത്.

ചില അടിസ്ഥാനങ്ങളെ ആധാരമാക്കിയാണ് ബഹുമാനപ്പെട്ട കോടതി ഈ നിരീക്ഷണം നടത്തിയിരിക്കുന്നത്. ഒന്നാമതായി ഇന്ത്യന്‍ ഭരണഘടന പൗരന്മാര്‍ക്ക് നല്കുന്ന സമത്വത്തിന്റെ അവകാശമുണ്ട്. ആര്‍ട്ടിക്കിള്‍ 14 ലും 15 ലും ഉറപ്പുതരുന്ന ഈ സമത്വത്തിന്റെ അവകാശം. ഏതെങ്കിലും മതത്തിന്റെ പേരില്‍ പൗരന്മാര്‍ക്ക് വിവേചനം പാടില്ല എന്ന സമത്വത്തിന്‌റ നിര്‍വചനത്തിന് വിരുദ്ധമാണ് സര്‍ക്കാരിന്റെ ഈ തീരുമാനമെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരിക്കുകയാണ്. ആര്‍ട്ടിക്കിള്‍ 29 ല്‍ ന്യൂനപക്ഷ സമൂഹങ്ങളെക്കുറിച്ച് ഭരണഘടന നല്കുന്ന നിര്‍വചനത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വിവേചനം നടത്താന്‍ ഭരണഘടന വിഭാവനം ചെയ്യുന്നില്ല എന്ന സുപ്രധാനമായ നിരീക്ഷണവും ഹൈക്കോടതി നടത്തുകയുണ്ടായി.

അതുകൊണ്ടുതന്നെ 80:20 എന്ന അനുപാതത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യണം എന്ന ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ ന്യൂനപക്ഷത്തിന് വിനിയോഗിക്കുന്ന ഫണ്ടുകള്‍ ഇപ്രകാരം വിതരണം ചെയ്യണം എന്നുളള കേരളസര്‍ക്കാരിന്റെ ഉത്തരവുകള്‍ നിലനില്ക്കുന്നതല്ല എന്ന് കോടതി വ്യക്തമായ ഭാഷയില്‍ പറഞ്ഞിരിക്കുകയാണ്. 1992 ലും 2014 ലും കേന്ദ്രഗവണ്‍മെന്റ് മൈനോരിറ്റി ആക്ട് പുറപ്പെടുവിക്കുകയുണ്ടായി 92 ലെ ആക്ടിനെ പുതുക്കി ഇറക്കിയതാണ് 2014 ല്‍.

ഇതില്‍ രണ്ടിലും ന്യൂനപക്ഷവിഭാഗങ്ങളെക്കുറിച്ച് വളരെ കൃത്യമായ നിര്‍വചനം നല്കിയിട്ടുണ്ടെന്നും ന്യൂനപക്ഷങ്ങള്‍ക്കിടയിലെ വിവേചനം പാടില്ല എന്നും കോടതി നിരീക്ഷിക്കുകയുണ്ടായി അതിനാല്‍ നാളിതുവരെയും വോട്ടുബാങ്ക് രാഷ്ട്രീയത്തെപ്രതി ഇവിടുത്തെ മാറിമാറിവരുന്ന സര്‍ക്കാരുകള്‍ മറച്ചുവച്ചിരുന്ന ഒരു അനീതിയെ ഇന്ന് കേരള ഹൈക്കോടതി റദ്ദ് ചെയ്തിരിക്കുകയാണ്. അതില്‍ ന്യൂനപക്ഷവിഭാഗങ്ങള്‍ക്കെല്ലാം സന്തോഷിക്കാം. മാത്രവുമല്ല ജനസംഖ്യാനുപാതികമായി ഏറ്റവും പുതുക്കിയ ജനസംഖ്യാനുപാതത്തില്‍ ന്യൂനപക്ഷ അവകാശങ്ങള്‍ വിതരണം ചെയ്യണം എന്നുള്ള നീതിപൂര്‍വ്വകമായ നിരീക്ഷണം കോടതി നടത്തുകയുണ്ടായി.അതോടൊപ്പം അപേക്ഷകരായ വിദ്യാര്‍ത്ഥികളുടെ കഴിവും സാമര്‍ത്ഥ്യവും അത് പരിഗണനാ വിധേയമാക്കണം എന്നും കോടതി നിരീക്ഷിക്കുകയുണ്ടായി.

ഈ നിരീക്ഷണങ്ങളൊക്കെയും തികച്ചും നീതിപൂര്‍വ്വമായ ഒരു സാമൂഹികവ്യവസ്ഥയ്ക്ക് വഴിയൊരുക്കും എന്ന് നമുക്ക് അറിയാവുന്നതാണ്. ഇത് ഏതെങ്കിലും ഒരു മതത്തിന് അനുകൂലമായോ ഏതെങ്കിലും ഒരുമതത്തിന് എതിരായോ ഉള്ള വിധിയായി ഇതിനെ വ്യാഖ്യാനിച്ച് സാമൂഹികാന്തരീക്ഷം തകര്‍ക്കരുത് എന്ന് സ്‌നേഹപൂര്‍വ്വമായ അഭ്യര്‍ത്ഥന പൊതുസമൂഹത്തിന് മുമ്പില്‍ വയ്ക്കുന്നു. കാരണം ഇത് ആര്‍ക്കും എതിരുമല്ല അനുകൂലവുമല്ല ഇത് ഭരണഘടന വിഭാവനം ചെയ്യുന്ന നീതി സമൂഹത്തില്‍ നിലനില്ക്കണം എന്ന ലക്ഷ്യത്തോട കേരള ഹൈക്കോടതി നടത്തിയ ഇടപെടലാണ്. ഇത് ഏറ്റവും സ്വാഗതാര്‍ഹമാണ്. ഈ വിധിയുടെ അരൂപി ഉള്‍ക്കൊണ്ട് ഇതിന് ആനുപാതികമായ നിയമനിര്‍മ്മാണവും ഗവണ്‍മെന്റ് ഉത്തരവും ഉടനടി തന്നെ പ്രഖ്യാപിക്കണമെന്ന് കേരളസര്‍ക്കാരിനോട് ഞങ്ങള്‍ ആവശ്യപ്പെടുകയാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.