ഉദയപ്പൂര്‍: ഉദയപ്പൂര്‍ രൂപതയുടെ പ്രഥമ മെത്രാനായിരുന്ന കാലം ചെയ്ത ബിഷപ് ഡോ. ജോസഫ് പതാലിന്റെ സംസ്കാരച്ചടങ്ങുകള്‍ നടന്നത് ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു. ഫാത്തിമാമാതാ കത്തീഡ്രലിലായിരുന്നു ചടങ്ങുകള്‍ നടന്നത്.
വാര്‍ദ്ധക്യ സംബന്ധമായ രോഗങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. സാധാരണയായി മെത്രാന്മാരുടെ ഭൗതികദേഹം സംസ്കരിക്കുന്നത് കത്തീഡ്രല്‍ ദേവാലയത്തിനുള്ളിലാണ്. എന്നാല്‍ ബിഷപ് പതാലിന്റെ ഭൗതികദേഹം അടക്കം ചെയ്തത് കത്തീഡ്രലിന് വെളിയിലുള്ള ഗ്രോട്ടോയ്ക്ക് സമീപമായിരുന്നു. ബിഷപ് പതാലില്‍ നിര്‍ദ്ദേശിച്ചതായിരുന്നു ഈ ഇടം. മരണത്തിന് മുമ്പ് തന്നെ അദ്ദേഹം ഇക്കാര്യം വ്യക്തമായി അറിയിച്ചിരുന്നു. ആ ആഗ്രഹം കണക്കിലെടുത്താണ് ബിഷപ് പതാലിന്റെ ഭൗതികദേഹം പതിവില്‍ നിന്ന് വ്യത്യസ്തമായി കത്തീഡ്രല്ദേവാലയത്തിന് വെളിയില്‍ സംസ്കരിച്ചത്.
ലളിതജീവിതത്തിന്റെ ഉടമയായിരുന്ന അദ്ദേഹം മരണശേഷവും ആ ലാളിത്യം തുടരുകയായിരുന്നു. ജാതിമതഭേദമന്യേയുള്ള ആളുകള്‍ക്ക് അദ്ദേഹം പ്രിയപ്പെട്ടവനായിരുന്നതും ഈ ലാളിത്യം കാരണമായിരുന്നു.