വചനത്തെ മാനുഷികമായി സമീപിക്കരുത്: ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍

പ്രസ്റ്റണ്‍: വചനത്തെ മാനുഷികമായി സമീപി്ക്കരുതെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സ ീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍. ഇന്നലെ ഞായറാഴ്ചയില്‍ വിശുദ്ധ ബലി മധ്യേ വചനസന്ദേശം നല്കുകയായിരുന്നു അദ്ദേഹം് റൂഹായില്‍ മാത്രമേ വചനം ഗ്രഹിക്കാന്‍ കഴിയൂ. അത്രമാത്രം ഔന്നത്യവും ആഴവുമുണ്ട് തിരുവചനത്തിന് . വിശ്വാസത്തിന്റെ രഹസ്യമായ ഈശോയുടെ മരണവും ഉത്ഥാനവും നമ്മുടെ ഹൃദയത്തില്‍ സൂക്ഷിച്ചുകൊണ്ടായിരിക്കണം തിരുവചനം വ്യാഖ്യാനിക്കേണ്ടത്.

യോഹന്നാന്റെ സുവിശേഷത്തില്‍ സവിശേഷമായ പ്രാധാന്യം ജലത്തിനുണ്ട്. ദൈവികമായ ജീവന് മാത്രമേ മനുഷ്യന്റെ ദാഹം അകറ്റാന്‍ കഴിയുകയുള്ളൂ. ദൈവത്തോടൊത്തുള്ള യാത്രയില്‍ എത്രമാത്രം ജാഗ്രത നാം പുലര്‍ത്തേണ്ടതുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് മോശയ്ക്ക് സംഭവിച്ച അപകടം. ദൈവം ആവശ്യപ്പെട്ടതിന് വിരുദ്ധമായി മോശ പാറമേല്‍ വടികൊണ്ട് അടിച്ചു. തന്മൂലം വാഗ്ദത്ത നാട്ടില്‍ പ്രവേശിക്കാന്‍ ദൈവം മോശയെ അനുവദിച്ചില്ല. എന്തുമാത്രം കഷ്ടപ്പെട്ട വ്യക്തിയായിരുന്നു മോശ. എന്നിട്ടും ദൈവം മോശയെ അവിടെ കാലുകുത്താന്‍ അനുവദിച്ചില്ല..

പ്രവാചകനും മിശിഹായും തമ്മില്‍ വ്യത്യാസമുണ്ട്. പ്രവാചകന്‍ ദൈവത്തെക്കുറിച്ച് സംസാരിക്കുന്നവനാണ്. മിശിഹായില്‍ വചനം യാഥാര്‍ത്ഥ്യമാകുന്നു. അതുകൊണ്ട് പ്രവാചകനും മിശിഹായും തമ്മിലുള്ള വ്യത്യാസം നാം മനസ്സിലാക്കിയിരിക്കണം. പ്രവാചകന്‍ ദൈവത്തെക്കുറിച്ച് സംസാരിക്കും. എന്നാല്‍ വചനം ആ വ്യക്തിയില്‍ നിവര്‍ത്തിക്കപ്പെടണം എന്ന് നിര്‍ബന്ധമില്ല. എന്നാല്‍ മിശിഹായില്‍ എല്ലാവചനവും യാഥാര്‍ത്ഥ്യമാകുന്നു.

ജീവന്റെ ഉറവ പുറപ്പെടുന്നത് മിശിഹായില്‍ നിന്നാണ്. ഈശോയ്ക്ക് ഹൃദയം കൊടുക്കുമ്പോള്‍ വിശ്വാസിയുടെ ഹൃദയത്തില്‍ നിന്നും ജീവജലത്തിന്റെ ഉറവ ഒഴുകിയിറങ്ങും. ഓരോ വിശുദ്ധനും ഓരോ കിണറായി മാറിയെന്ന്, ഓരോ മരുപ്പച്ചയുണ്ടായിയെന്ന് എന്നാണ് അതിനര്‍ത്ഥം. ഏതൊരു തിരുവചനവും നാം വ്യാഖ്യാനിക്കേണ്ടത് ഈശോയുടെ മഹത്വത്തെ കണ്ടുകൊണ്ടായിരിക്കണം. കുരിശിലായിരിക്കുന്ന ഈശോയെ കണ്ടുകൊണ്ടായിരിക്കണം.

ഈശോയോട് ഐക്യപ്പെട്ട് ഈശോയില്‍ ഒന്നായി ജീവിക്കാനാണ് നാം ശ്രമിക്കേണ്ടത്. പല അവയവങ്ങളാണെങ്കിലും ഏകശരീരമാണ്. ഓരോരുത്തരുടെയും വിശ്വാസത്തിന്റെ തോതനുസരിച്ചാണ് കൃപയും ദാനങ്ങളും വര്‍ഷിക്കപ്പെടുന്നത്. ആ കൃപയ്ക്ക്, ദാനത്തിന് അനുസരിച്ചുള്ള ജീവിതം നാം സഭയില്‍ ജീവിക്കണം. അതുകൊണ്ട് തന്നെ നമുക്ക് ദൈവഭയത്തോടെ ജീവിക്കാം. ജീവജലത്തിന്റെ ഉറവയായി മാറാന്‍ നമുക്ക് കുടുംബപരമായും സമൂഹപരമായും ശ്രമിക്കാം.

ദൈവത്തിന്റെ സാന്നിധ്യം ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാലത്ത് മരുപ്പച്ചയായി മാറാന്‍ നമുക്ക് കഴിയട്ടെ. മാര്‍ജോസഫ് സ്രാമ്പിക്കല്‍ ആശംസിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.