രക്ഷയുടെ പ്രവൃത്തികളിലാണ് നാം വിശുദ്ധവാരത്തില്‍ പങ്കുചേരുന്നത്: ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍

പ്രസ്റ്റണ്‍: രക്ഷയുടെ പ്രവൃത്തികളിലാണ് നാം വിശുദ്ധവാരത്തില്‍ പങ്കുചേരുന്നത് എന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍.

കര്‍ത്താവേ രക്ഷിക്കണമേയെന്ന് ഓശാന ഞായറില്‍ നാം പാടുന്നു. കര്‍ത്താവേ വിജയം തരണേ,കര്‍ത്താവേ സഹായിക്കണമേ എന്നെല്ലാമാണ് ഹൊസിയാന എന്ന ഹെബ്രായ വാക്കിന്റെ അര്‍ത്ഥം. ഒരാഴ്ചയ്ക്ക് ശേഷം ഈസ്റ്റര്‍ ദിവസം നാം ഹാലേലൂയ്യ പാടുന്നു.

നമ്മളെങ്ങനെയാണ് ഹല്ലേലൂയ്യ പാടുന്നവരാകുന്നത്? രക്ഷിക്കപ്പെട്ടവരാകുന്നത്? രക്ഷയുടെ പ്രവൃത്തികളിലാണ് നാംപങ്കുചേരുന്നത്. ദൈവവചനം യഥാര്‍ത്ഥമാകുന്നതാണ് മനുഷ്യനായ ഈശോ.

ഈ ലോകത്തിലെ രാജാക്കന്മാരെപോലെയല്ല ഈശോ. ഹൃദയശാന്തതയും എളിമയുള്ള ഒരു രാജാവാണ് ഈശോ. വിനയാന്വിതനായി കഴുതക്കുട്ടിയുടെ പുറത്താണ് ഈശോ എഴുന്നെള്ളുന്നത്. ഈശോ ജെറുസലേമിലേക്കാണ് വരുന്നത്. ജെറുസലേം സമാധാനത്തിന്റെ നഗരമാണ്. ആനന്ദിച്ചാഹ്ലാദിക്കുമ്പോഴാണ് തിന്മ നിര്‍വീര്യമാകുന്നത്.

ഈശോ തന്നെക്കുറിച്ചുതന്നെ കര്‍ത്താവ് എന്ന് പറയുന്നത് വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലാണ്. കര്‍ത്താവിന് ഇവയെക്കൊണ്ട് ആവശ്യമുണ്ട് എന്നാണ് ഈശോ പറയുന്നത്. ഈശോയെ മഹത്വപ്പെടുത്തുമ്പോള്‍ പുരോഹിതര്‍ മറുതലിക്കുന്നത്് വചനം മനസ്സിലാക്കാത്തതുകൊണ്ടാണ്. അതുതന്നെ നമ്മുടെ ജീവിതത്തിലും സംഭവിക്കാം.

ഈശോയ്ക്ക് പിന്നിലുള്ളവരാണ് നാം. നമ്മളും അന്ന് പാടിയതുപോലെ ഈശോയ്ക്ക് ഓശാന പാടുന്നു. മണവാട്ടിയുടെ സന്തോഷത്തില്‍ നമുക്ക് പങ്കുചേരാം. ഹൃദയം കൊടുക്കുമ്പോഴാണ് നസ്രായനായ ഈശോയില്‍ നാം വിശ്വസിക്കുന്നവരായി മാറുന്നത്. ഹൃദയം കൊടുക്കുമ്പോള്‍ കൂട്ടിചേര്‍ക്കപ്പെടും.ഹൃദയം കൊടുക്കാത്തപ്പോള്‍ വിച്ഛേദിക്കപ്പെടും.

ഇസ്രായേലിനോട് തിരഞ്ഞെടുക്കപ്പെട്ട ജനത്തോട് കരുണ കാണിക്കുന്നില്ലെങ്കില്‍ നമ്മോടും കരുണ കാണിക്കില്ല. തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുമ്പോള്‍ നമുക്ക് ഹൃദയം കൊടുക്കാന്‍ കഴിയണം. ഹൃദയമാകുന്ന ദേവാലയത്തിലേക്ക് അവന്‍ കടന്നുവരും. ജെറുസലേം ദേവാലയത്തിലേക്ക് ഈശോ വരുന്നത് ശുദ്ധീകരിക്കാനായിട്ടാണ്.

വിശ്വസിക്കുക എന്നാല്‍ ഹൃദയം കൊടുക്കുക എന്നുതന്നെയാണ്. എനിക്കുളളതെല്ലാം കൊടുക്കുക എന്നാണ്. നിശ്ശബ്ദതയില്‍ വചനംവായിക്കാന്‍ ഈ ദിവസങ്ങളില്‍ നാം കൂടുതലായി ശ്രദ്ധിക്കണം. മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഓര്‍മ്മിപ്പിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.