പ്രാര്‍ത്ഥന കരച്ചിലാകണം: ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍

പ്രസ്റ്റണ്‍: പ്രാര്‍ത്ഥന കരച്ചിലാകണം പിന്നീട് നിലവിളിയുമാകണം. കാനാന്‍കാരിയുടെ വിശ്വാസത്തെക്കുറിച്ചുള്ള ബൈബിള്‍ ഭാഗത്തെ ആസ്പദമാക്കി വചനസന്ദേശം നല്കുകയായിരുന്നു ഗ്രേറ്റ് ബ്രിട്ടണ്‍ സീറോമലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍.

സങ്കീര്‍ത്തകന്റെ പ്രാര്‍ത്ഥനയുടെ ആവര്‍ത്തനമാണ് കാനാന്‍കാരിയുടെ പ്രാര്‍ത്ഥനയിലുള്ളതെന്ന് നമുക്ക് കാണാം.പരിശുദ്ധാത്മാവാണ് ഈ പ്രാര്‍ത്ഥന അവള്‍ക്ക് നല്കിയത്്. വിശുദ്ധ ഗ്രന്ഥം വളരെധികം പരിചയമുള്ള ഒരുവ്യക്തിയെപോലെയാണ് അവള്‍ സംസാരിക്കുന്നത്. കരുണയാണ് അവള്‍ ആവശ്യപ്പെടുന്നത്. അതാവട്ടെ തന്റെ നന്മയെപ്രതിയുമല്ല. കരുണ തന്നെയായ ക്രിസ്തുവിനോടാണ് അവള്‍ കരുണ ആവശ്യപ്പെടുന്നത്.

പ്രാര്‍ത്ഥിക്കുന്ന വ്യക്തി, ആവശ്യമുള്ള വ്യക്തി അത് ലഭിക്കും വരെ ചോദിച്ചുകൊണ്ടിരിക്കണം. കരഞ്ഞുകൊണ്ടായിരിക്കണം നിലവിളിച്ചുകൊണ്ടായിരിക്കണം,സാഷ്ടാംഗം പ്രണമിച്ചുകൊണ്ടായിരിക്കണം നാം പ്രാര്‍ത്ഥിക്കേണ്ടത്.

ക്രിസ്തുവിനെ ആരാധിക്കാത്ത ആര്‍ക്കും തന്നെ ദൈവം എന്ന നിലയിലുള്ള അവിടുത്തെ പ്രവൃത്തി സ്വീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. അവിശ്വാസം നിമിത്തം അവരെ സുഖപ്പെടുത്താന്‍ കഴിഞ്ഞില്ല എന്ന് ബൈബിളില്‍ നാം വായിക്കുന്നുണ്ട്. വിശ്വസിക്കുന്നവര്‍ക്കാണ് ക്രിസ്തു തന്നെതന്നെ നല്കുന്നത്.വിജാതീയമായ കാഴ്ചപ്പാടില്‍, ഒരു അത്ഭുതപ്രവര്‍ത്തകനായി ക്രിസ്തുവിനെ സമീപിക്കുന്നവര്‍ക്ക് അവിടുത്തെ ദൈവമഹത്വം ദര്‍ശിക്കാന്‍ സാധിക്കുകയില്ല.

ഏകജാതനെ സ്വീകരിക്കുന്നവര്‍ക്കാണ് അവിടുത്തോടൊപ്പം എല്ലാം നല്കുന്നത്. പ്രാര്‍ത്ഥിച്ചുതീരും മുമ്പ് ഉത്തരം നല്കുന്നവനാണ്‌ദൈവം. കണ്ണീരിന്റെ ഈ പുത്രന്‍ നശിച്ചുപോകുകയില്ല എന്നാണ് മിലാനിലെ ബിഷപ് അബ്രോംസ് മോണിക്കയോട് വിശുദ്ധ ആഗസ്തിനോസിനെക്കുറിച്ച് പറഞ്ഞത്. ആഗസ്തീനോസിന്റെ മാനസാന്തരത്തിന് മോണിക്ക പിന്നീട് സാക്ഷ്യംവഹിച്ചു.

സക്കറിയായും ഏലീശ്വയും അറുപത് വര്‍ഷമെങ്കിലും ഒരു കുഞ്ഞിന് വേണ്ടി പ്രാര്‍ത്ഥിച്ചവരായിരുന്നു. അതിന് ശേഷമാണ് ദൈവം അവര്‍ക്ക് മറുപടി കൊടുത്തത്. ദൈവാരാധന ഉപവാസവും പ്രാര്‍ത്ഥനയുമാണ്. ക്രിസ്തീയ നാമം വഹിക്കുന്ന നമ്മള്‍ ദൈവത്തെ ആരാധിക്കുന്നവരാണോ ഉപവസിക്കുന്നവരാണോ പ്രാര്ത്ഥിക്കുന്നവരാണോ ദേവാലയം വിട്ടുപോകാത്തവരാണോ. ഇക്കാര്യങ്ങള്‍ നാം ആത്മശോധന ചെയ്യണം.

സകല നന്മകളും മുടിചൂടി നില്ക്കുന്ന സഭയില്‍ ആരാധിക്കാന്‍ നമുക്ക് കഴിയണം. ഒരു വിശ്വാസി എങ്ങനെയാണ് പ്രാര്‍ത്ഥിക്കേണ്ടത,് എത്രത്തോളം സ്ഥിരതയുണ്ടായിരിക്കണം എന്നാണ് കാനാന്‍കാരിയിലൂടെ ക്രിസ്തു വെളിവാക്കുന്നത്. പൂര്‍ണ്ണമായിട്ടും ഒരു വ്യക്തി തന്നെത്തന്നെ ദൈവത്തിന് കൊടുക്കുമ്പോള്‍ മാത്രമേ അവിടെ പ്രാര്‍ത്ഥന ഫലം ചൂടുകയുള്ളൂ. ദൈവത്തിന് എല്ലാം സാധ്യമാണ് എന്നും വിശുദ്ധഗ്രന്ഥം ഓര്‍മ്മപ്പെടുത്തുന്നു. വിശ്വസിക്കുന്ന വ്യക്തിക്ക് എല്ലാം സാധ്യമാണ് എന്നും വിശുദ്ധഗ്രന്ഥം ഓര്‍മ്മിപ്പിക്കുന്നു.

ദൈവത്തിന് എല്ലാം സാധ്യമാണെങ്കില്‍ വിശ്വസിക്കുന്ന വ്യക്തിക്കും എല്ലാം സാധ്യമാണ്. നിന്റെ വിശ്വാസമാണ് നിന്നെ രക്ഷിച്ചിരിക്കുന്നത് എന്നും ക്രിസ്തു വെളിപെടുത്തിയിട്ടുണ്ട്. ദൈവത്തിന്റെ സമയത്തിന് വേണ്ടി കാത്തിരിക്കാനുള്ള ദീര്‍ഘക്ഷമയും നമുക്കാവശ്യമാണ്. മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഓര്‍മ്മിപ്പിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.