ഈശോ ആരാണെന്ന് മനസ്സിലാക്കാനുള്ള മാര്‍ഗ്ഗമാണ് വിശുദ്ധ കുര്‍ബാന: ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍

പ്രസ്റ്റണ്‍: സഭയുടെ പ്രാര്‍ത്ഥനയിലൂടെയാണ് ഈശോ ആരാണെന്നും ഈശോയുടെ ദൗത്യമെന്താണെന്നും നാം മനസ്സിലാക്കുന്നതെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍. മിശിഹാരാജാവിന്റെ ആഘോഷമാണ് നാം ഓരോ ദിവസത്തെയും വിശുദ്ധ കുര്‍ബാനയിലൂടെ നടത്തുന്നത്. ലേഖനവായനയ്ക്ക് മുമ്പുള്ള സര്‍വ്വജ്ഞനായ കര്‍ത്താവ് എന്ന് തുടങ്ങുന്ന പ്രാര്‍ത്ഥന, മദ്ബഹയുടെ വിരി മാറുമ്പോഴുള്ള പ്രാര്‍തഥന എന്നിങ്ങനെയുള്ള നിരവധി പ്രാര്‍ത്ഥനകള്‍ വ്യക്തമാക്കുന്നത് അതാണ്.

വിശുദ്ധ ഗ്രന്ഥത്തിന്റെ ചൈതന്യം ഈശോ രാജാവാണ് എന്നതിലാണ് അടങ്ങിയിരിക്കുന്നത്. മിശിഹാരാജാവിന്റെ വിരുന്നിലാണ് നാം വിശുദ്ധ കുര്‍ബാനയിലൂടെ പങ്കെടുക്കുന്നത്. ഹല്ലേലൂയ ഗാനം പാടുമ്പോള്‍ നാം രാജാവിന് കീര്‍ത്തനമാണ് പാടുന്നത്. തിരുസഭയുടെ ആലാപനമാണ് അത്,, സന്തോഷമാണ് ആ കീര്‍ത്തനം.

സീറോ മലബാര്‍ സഭയുടെ ആരാധനക്രമത്തില്‍ മിശിഹാരാജാവിന്റെ ആഘോമാണ് നടത്തുന്നത്. മണവാട്ടിയായ തിരുസഭയുടെ കൃതജ്ഞതയാണ് നാം അവിടെ പ്രകടമാക്കുന്നത്. മിശിഹ വചനം മാംസമായതാണ്. വചനത്തിന്റെ കണ്ണാടിയാണ് തിരുസഭ. വചനത്തില്‍ നിന്ന് വേര്‍പെടുത്തി സഭയെ കാണാനാവില്ല. മിശിഹാ രാജാവിനെ ഓരോ ദിവസവും നാം ഓര്‍മ്മിക്കണം. ഓരോ ശ്വാസോച്ഛാസത്തിലും നാം അവിടുത്തെ സ്തുതിക്കണം. വെളിച്ചമായ മിശിഹായേ നിന്നെ ഞങ്ങള്‍സ്തുതിക്കുന്നുവെന്ന് പറയണം.

എന്തിനാണ് നാം സ്തുതിക്കുന്നത്? ഈ രാജാവ് മറ്റ് രാജാക്കന്മാരെപോലെയല്ല. ഈ രാജാവ് തന്നെതന്നെ ശൂന്യനാക്കുന്ന രാജാവാണ്. കുരിശുമരണത്തോളം താഴ്ത്തിയവനാണ്. ഈ രാജാവിന്റെ മഹത്വം പ്രകടമായത് കുരിശിലാണ്.ബെനഡിക്ട് പതിനാറാമന്‍ പാപ്പ നമ്മെ ഇക്കാര്യം ഓര്‍മ്മിപ്പിക്കുന്നുണ്ട്.

ഈ രാജാവ് ഭരിക്കുന്നത് കുരിശില്‍ നിന്നാണ്. ലോകത്തിന്റെ ഭരണാധികാരിയെപോലെ കുതിരപ്പുറത്തല്ല, കഴുതപ്പുറത്താണ് ഈ രാജാവ് വരുന്നത്. കഴുതക്കുട്ടിയുടെപുറത്താണ് ഈ രാജാവ് വരുന്നത്. ബദ് ലഹേമിലും ഈ രാജാവിനെ നാം കാണുന്നുണ്ട്. ശിശുവായ രാജാവിനെയാണ് നാംഅവിടെ കാണുന്നത്. ജ്ഞാനികള്‍ സ്വര്‍ണ്ണം സമര്‍പ്പിക്കുമ്പോള്‍ യേശു രാജാവാണെന്നും കുന്തിരിക്കം സമര്‍പ്പിക്കുമ്പോള്‍ ദൈവമാണന്നും മീറാ സമര്‍പ്പിക്കുമ്പോള്‍ ബലിയാണെന്നുമുള്ള സൂചനയാണ് വ്യക്തമാകുന്നത്.

എന്റെ രാജ്യം ഐഹികമല്ലെന്നാണ് ക്രിസ്തു പറയുന്നത്. താഴ്മയിലൂടെയാണ, എളിമയിലൂടെയാണ് സ്‌നേഹത്തിന്റെ ശുശ്രൂഷ ചെയ്തുകൊണ്ടാണ് ഈ രാജാവ് രാജ്യം സ്ഥാപിക്കുന്നത്. സഭാംഗങ്ങളെന്ന നിലയില്‍ സഭയുടെ ശിരസായ ഈശോമിശിഹായെ മനസ്സിലാക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ടോ എന്ന് നാം ആത്മശോധന നടത്തണം.

ഈ രാജാവിനെ അപമാനിക്കുന്നതും വിശുദ്ധ ഗ്രന്ഥത്തില്‍ നാം കാണുന്നുണ്ട്.യൂദന്മാരൂടെ രാജാവേ എന്ന രീതിയിലാണ് അന്ന് ആ അപമാനം ഉണ്ടായതെങ്കില്‍ യൂദന്മാരുടെ രാജാവേ എന്ന മട്ടില്‍ സ്തുതിയായിട്ടാണ് നാം ഇന്ന് അതിനെ കാണുന്നത്. മറ്റുള്ളവരെ സഹായിച്ചും ശുശ്രൂഷിച്ചുമാണ് നാം യഥാര്‍ത്ഥ ആരാധന നടത്തേണ്ടതെന്ന കാര്യവും മറക്കാതിരിക്കാം.മാര്‍ സ്രാമ്പിക്കല്‍ പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.