മറ്റുള്ളവരോട് ദൈവം കരുണ കാണിക്കുമ്പോള്‍ പിറുപിറുക്കരുത്: ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍

പ്രസ്റ്റണ്‍: സ്വര്‍ഗ്ഗരാജ്യത്തിന്റെ ഭാഗമാകുന്ന ഓരോ വ്യക്തിക്കും രൂപവും ലിഖിതവുമുണ്ടെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍. ദൈവത്തിന്റെ ഛായയും സാദൃശ്യവും അവര്‍ക്കുണ്ട്. എല്ലാവര്‍ക്കും ദൈവം ഇത് നല്കുന്നു. ദൈവം നീതിമാനാണ്. പാപികളോട്, ചുങ്കക്കാരോട്, അവസാനനിമിഷം ദൈവരാജ്യത്തിന്റെ ഭാഗമാകുന്നവരോടെല്ലാം ദൈവം കരുണ കാണിക്കുന്നു.

പാപികളായ മനുഷ്യരോടുള്ള ദൈവത്തിന്റെ കരുണയാണ് കര്‍ത്താവായ മിശിഹാ. ഇത് ദൈവികമായ വെളിപാടാണ്. ഉടമ്പടി പ്രകാരം ദൈവം നീതികാണിക്കുന്നു. എന്നാല്‍ ദൈവം കരുണയും കാണിക്കുന്നു. ദൈവം ഈ കരുണ കാണിക്കുമ്പോള്‍ പലരും പിറുപിറുക്കുന്നതായി നാം കാണുന്നു. ഉദാഹരണം യോന.

നിനെവ ദേശക്കാരോട് കരുണ കാണിക്കുമ്പോള്‍ യോനായും ധൂര്‍ത്തപുത്രനോട് കരുണ കാണിക്കുമ്പോള്‍ മൂത്തപുത്രനും പിറുപിറുക്കുന്നു. ഈശോയുടെ പാദത്തിങ്കലിരുന്ന് വചനം കേള്‍ക്കുന്ന മറിയത്തിന് എതിരെ മാര്‍ത്തയും മുറുമുറുക്കുന്നുണ്ട്. ചെറുപ്രായം മുതല്‌ക്കേ ദൈവരാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരും പ്രയത്‌നിക്കുന്നവരുമായിരിക്കാം ഇവര്‍.

പക്ഷേ പിറുപിറുക്കുമ്പോള്‍ ദൈവകൃപ നഷ്ടമാകുന്നതായി ഇവര്‍ മനസ്സിലാക്കുന്നില്ല. പിതാവായ ദൈവത്തെയാണ് ഇവര്‍ നഷ്ടപ്പെടുത്തുന്നത്. പുത്രന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുകയാണ്.സഹോദരനെ നഷ്ടപ്പെടുത്തുകയാണ്. ജീവിതത്തിന്റെ ചെറുപ്രായം മുതലക്കേ ദൈവരാജ്യത്തിന് വേണ്ടി ഇറങ്ങിത്തിരിച്ചവരിലെല്ലാം ഈ പിറുപിറുക്കല്‍ നാം കാണുന്നുണ്ട്.

ഒന്നാം മണിക്കൂറില്‍ വന്നവനും പതിനൊന്നാം മണിക്കൂറില്‍വന്നവനും ഒരേ പ്രതിഫലം കൊടുക്കുമ്പോള്‍ അതിനെതിരെ പ്രതികരിക്കുന്നവരില്‍ നാം കാണുന്നതും ഇതേ സ്വഭാവമാണ്.

വിശ്വാസം വഴി കൃപയാലാണ് മനുഷ്യര്‍ രക്ഷിക്കപ്പെടുന്നത്. അത് പ്രവൃത്തികൊണ്ടല്ല ലഭിക്കുന്നത്. ദൈവത്തിന്റെ ദാനമാണ്. തന്മൂലം ഇക്കാര്യത്തില്‍ കാര്യം അഹങ്കരിക്കേണ്ട കാര്യമില്ല. കര്‍ത്താവിന്റെ കരുണയാണ് നമുടെ ജീവിതത്തിനെല്ലാം അടിസ്ഥാനം. നിത്യതയില്‍ നാം ദൈവത്തിന്‌റെ കരുണ പാടാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരാണ്. ഒരു കൊച്ചുകുഞ്ഞ് അപ്പനിലോ അമ്മയിലോ ആശ്രയിക്കുന്നതുപോലെ ദൈവത്തില്‍ ആശ്രയിക്കാന്‍ നമുക്ക് കഴിയണം. മാര്‍ സ്രാമ്പിക്കല്‍ ഓര്‍മ്മിപ്പിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.