ഉത്തരവാദിത്വങ്ങളെക്കുറിച്ച് ചിന്തിക്കേണ്ട സമയം/ ബിഷപ് ജോസഫ് കല്ലറങ്ങാട്ട്

എഡ്വേർഡ് ലോറൻസ് എന്ന കാലാവസ്ഥാ ശാസ്ത്രജ്ഞൻ 1963ൽ ഒരു തിയറി അവതരിപ്പിച്ചു, – ചിത്രശലഭ ഇഫക്റ്റ്. ഓസ്ട്രേലിയയിലെ ഒരു ചിത്രശലഭത്തിന്‍റെ ചിറകടി അമേരിക്കയിലെ കൻസാസിൽ ഒരു കൊടുങ്കാറ്റോ ഇന്തോനേഷ്യയിൽ മണ്‍സൂണോ ഉണ്ടാകാൻ കാരണമായേക്കാം എന്നായിരുന്നു ആ സിദ്ധാന്തം. അതായത്, ചെറിയ പ്രവർത്തനങ്ങൾ പോലും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാം. ഭൂമിയുടെ സന്തുലനാവസ്ഥ എല്ലാ കാര്യങ്ങളുമായും ബന്ധപ്പെട്ടാണു കിടക്കുന്നത്.

നാമെല്ലാവരും അതീവ ജാഗ്രതയോടെ പ്രവർത്തിക്കേണ്ട സമയമാണ് ഈ കൊറോണക്കാലം. കോവിഡ്-19 കാലത്തു നാം നമ്മുടെ അവകാശങ്ങളേക്കാൾ, ഉത്തരവാദിത്വങ്ങളെക്കുറിച്ചു ചിന്തിക്കണം. ഉത്തരവാദിത്വബോധമുള്ള മനുഷ്യവർഗം, ഒരു സംസ്കാരം പിറവിയെടുക്കണം. മിച്ചത്തിൽനിന്ന് പിച്ചകൊടുക്കുന്നതല്ല ഉത്തരവാദിത്വം. സമൃദ്ധമായി കൊടുക്കുന്നതാണ്. ലോകം മുഴുവനും ഒരേ ഭയം, ഒരേ അപകടം, ഒരേ വെല്ലുവിളി ഒരേ സമയത്തു നേരിടുന്നത് ഇതാദ്യമായിട്ടാണ്. ലോകം ഇതുവരെ കാണാത്ത ഒരടച്ചുപൂട്ടലിലാണിപ്പോൾ. സമസ്ത മേഖലകളിലും കോവിഡ്-19 നാശം വിതച്ചു. ഏറ്റവും ചെറിയ ഒരു വൈറസിന് ലോകത്തിലെ മനുഷ്യരെ മുഴുവൻ മുട്ടുകുത്തിക്കാൻ കഴിഞ്ഞു. മനുഷ്യർ എത്രയോ നിസാരരാണ് എന്ന ചിന്തയും ഇതു നല്കുന്നു. ലോകവ്യാപകമായ കൊറോണാ നാശത്തിൽനിന്നു ലോകവ്യാപകമായ ഒരു കൂട്ടുത്തരവാദിത്വം ജനിച്ചുകഴിഞ്ഞു. അദ്ഭുതകരമായ രീതിയിൽ സാമൂഹ്യ – ആരോഗ്യ – ക്ഷേമ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

ക്വാറന്‍റൈനും ലോക്ഡൗണും

ക്വാറന്‍റൈനും ലോക്ഡൗണും നമുക്ക് അത്ര പരിചിതമായ കാര്യങ്ങളല്ലായിരുന്നു. പരസ്പരബന്ധിതമായ ലോകത്തെക്കുറിച്ചും സാർവത്രിക കൂട്ടായ്മയുടെ പ്രാധാന്യത്തെക്കുറിച്ചും അതു നമ്മെ പഠിപ്പിച്ചു. എല്ലാവരും പൊതുനന്മ ലക്ഷ്യമാക്കണം എന്ന പാഠമാണത്.

അടങ്ങിയൊതുങ്ങി ഇരിക്കുക മനുഷ്യപ്രകൃതിക്കു പ്രയാസമാണ്. നിശബ്ദനായി ഒരു മുറിയിൽ ഒറ്റയ്ക്ക് ഇരിക്കാനുള്ള കഴിവില്ലായ്മയിൽനിന്നാണ് മനുഷ്യന്‍റെ എല്ലാ പ്രശ്നങ്ങളും ഉടലെടുക്കുന്നത് (ബ്ലെയ്സ് പാസ്കൽ). വീട് എന്താണെന്നു മനസിലാക്കാൻ ദൈവം നല്കിയ അടയാളമായിട്ടു വേണം ലോക്ഡൗണിനെ കാണാൻ. ലോക്ഡൗണിനെ ആരും ലോക്കപ്പ് ആയി കാണരുത്. വീട്ടിലായിരിക്കുന്നത് വീട്ടുതടങ്കലിൽ ആയിരിക്കുന്നതല്ല. വീടുകളിൽ ഒരു ദൈവികമായ മാനവികത പിറക്കണം. പുറത്തേക്കിറങ്ങാൻ പറ്റാതെ വരുന്പോൾ വീടിനുള്ളിൽ എല്ലാവരിലേക്കും മനസു തുറക്കാൻ സാധിക്കണം. വിഭജനത്തിന്‍റെ വിത്തുകൾ എടുത്തുമാറ്റണം.

വീടിനുള്ളിൽ അമ്മ മാത്രമായിരുന്നു സഞ്ചാരി. അടുക്കളയിൽനിന്ന് തീൻമേശയിലേക്ക്, തീൻമേശയിൽനിന്ന് മുറ്റമടിക്കാൻ. അമ്മ എത്ര ദൂരമാണ് വീടിനുള്ളിൽ ഓരോ ദിവസവും നടക്കുന്നത്. ഇപ്പോൾ നമുക്ക് വീടിനുള്ളിൽ ഒന്നിച്ചു നടക്കാം. ചേർത്തുനിർത്തുന്നതിനെയാണ് കുടുംബം എന്നു പറയുന്നത്. കൂട്ടുത്തരവാദിത്വത്തിലൂടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാം. വീടിനെ സംരക്ഷിക്കുന്നപോലെ ഈ പ്രപഞ്ചത്തെയും നാം സംരക്ഷിക്കണം. വീടാണു ലോകം. ലോകമാണു വീട്.

പൊതു ധാർമിക അടിത്തറയുടെ ആവശ്യം

ഒരു രാജ്യം ശക്തിയുള്ളതാകുന്നത്, അതു ബലഹീനരെ പരിഗണിക്കുന്പോഴാണ്; ഒരു രാജ്യം സന്പന്നമാകുന്നത് പാവപ്പെട്ടവരെ മുഖ്യധാരയിലേക്കു സ്വീകരിച്ചു വളർത്തുന്പോഴാണ്. ഇതുവരെ നമ്മൾ പൂർണമായി കണ്ടുപിടിക്കാത്ത ഭാവിലോകത്തെ ചൂണ്ടിക്കാണിക്കുന്ന വടക്കുനോക്കിയന്ത്രമാണ് ഈ ധാർമിക ശക്തി.

ഈ പ്രപഞ്ചത്തോടും മനുഷ്യരോടും ക്രൂരമായി പെരുമാറുന്നതുകൊണ്ടാണ് വൈറസ് പിറക്കുന്നത്. ഭൂമി രോഗിണിയായി. ആവാസഭൂമി രോഗിണിയാകുന്പോൾ നാമും രോഗികളാകുന്നു. ഈ കോവിഡ് ദുരവസ്ഥ നമ്മെ നവീകരണത്തിലേക്കും വിമോചനത്തിലേക്കും ആനന്ദത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ധാർമികതയിലേക്കും നയിക്കണം.

ഞാൻ എന്ന അഹന്തയിൽനിന്ന് നമ്മൾ എന്ന ഒരുമയിലേക്കു വളരാൻ ഈ കാലഘട്ടം നമ്മെ സഹായിച്ചു. കൂട്ടുത്തരവാദിത്വം അതാണ്. ഫലപ്രദവും കാര്യക്ഷമതയുള്ളതുമായ കൂട്ടുത്തരവാദിത്വം, മനുഷ്യരെല്ലാം തുല്യരാണെന്ന ചിന്തയിലേക്കു നയിക്കും. കൊറോണാ ദുരന്തം ചിലപ്പോഴൊക്കെ നമ്മിലുള്ള ഏറ്റവും മോശമായത് പുറത്തുവരാൻ കാരണമായാലും നമ്മിലുളള ഏറ്റവും നല്ലതിനെയും അതു പുറത്തുകൊണ്ടുവന്നു കഴിഞ്ഞു. ഇപ്പോൾതന്നെ ഈ വളർച്ച കുറെയൊക്കെ നടന്നുകഴിഞ്ഞു. എത്രയോ പേരാണു സന്നദ്ധസംഘടനാംഗങ്ങളായി പുറത്തുവന്നത്! എത്രയോ യുവാക്കളാണ് കൃഷിയിലേക്കു തിരിഞ്ഞത്! നല്ല ഐക്യദാർഢ്യമുളള ഒരു ‘നമ്മൾ’ മനോഭാവത്തിലേക്ക് രാജ്യം നീങ്ങിക്കഴിഞ്ഞു.

ലോക്ഡൗണ്‍ വലിയ ആന്തരികതയുടെ നാളുകളായി അനുഭവിച്ചവരുണ്ട്. വലിയ ആത്മീയസാധ്യതകൾ അതു വളർത്തി. കുട്ടികളുടെ കലാവാസനകൾ വീടുകളിൽ പ്രകടിപ്പിക്കപ്പെട്ടു. കൊറോണ എന്ന വൈറസ്, നമ്മൾ കുറേക്കൂടി ഉത്തരവാദിത്വമുള്ളവരായിരിക്കണം എന്നു പഠിപ്പിച്ചു. രോഗാവസ്ഥയിൽ കഴിയുന്ന അനേകരിൽ അമൃതവർഷിണിയായി ഡോക്ടർമാരുടെയും നഴ്സുമാരുടെയും സന്നദ്ധ സംഘടനക്കാരുടെയും ശുശ്രൂഷകൾ പെയ്തിറങ്ങുന്നുണ്ട്. കൊറോണ അനേകരെ കൊന്നു എന്നതു ശരിയാണ്. കൊല്ലാനുണ്ടായ സാഹചര്യങ്ങൾ മനുഷ്യവർഗത്തിൽനിന്ന് ഉരുത്തിരിഞ്ഞ മോശമായ പ്രവണതകളാണ്. നമ്മൾ ശിക്ഷിക്കേണ്ടതും അതിനെയാണ്.

പ്രത്യാശ വളർത്തി

നമ്മുടെ ജീവൻ ദൈവത്തിന്‍റെ കരങ്ങളിലാണെന്നു കോവിഡ്-19 പഠിപ്പിച്ചു. മാനസാന്തരത്തിന്‍റെ അവസരമാണിത്. നിസഹായതയുടെ തടവിൽ പാർത്ത കാലം ദൈവത്തിങ്കലേക്കു തിരിയാനും ദൈവത്തെ നോക്കാനുമുളള അവസരമായിരുന്നു. കൊറോണ ദുരന്തമല്ല, തിരുത്തൽശക്തിയാണ്. മറന്നുപോയ പലതും ഈ മഹാമാരി നമ്മെ ഓർമിപ്പിക്കുന്നു.

ഒരു വൈറസിന് ലോകത്തെ നിശ്ചലമാക്കാൻ കഴിഞ്ഞു. കോവിഡ് നമ്മുടെ നിസാരതയും ബലഹീനതയും എളുപ്പത്തിൽ മുറിവേൽക്കാനുളള അവസ്ഥയും എടുത്തുകാണിക്കുന്നു. നമ്മൾ സ്രഷ്ടാക്കളല്ലെന്നും നിസാര പൂഴികളാണെന്നും ഒരിക്കൽകൂടി മനസിലാകുന്നു. പ്രത്യാശയ്ക്ക് ഇടം കൊടുത്താൽ മരണമല്ല അവസാന വാക്ക്. ഈ കോവിഡിൽനിന്നു നമ്മൾ പ്രത്യാശയുളളവരായി വളർന്നു. ഇത് ഒരു നവ വിദ്യാഭ്യാസത്തിലേക്കു ക്ഷണിച്ചു; വിഷാദത്തിലേക്കല്ല, പ്രസാദത്തിലേക്ക്.
നമ്മൾ ജീവിതശൈലികൾ ഒന്നു പൊളിച്ചുപണിയേണ്ടിവരും. കുറച്ചുകൂടി കർക്കശമായ, താപസോന്മുഖമായ ജീവിതക്രമം ഉൾക്കൊളളുന്പോൾ എല്ലാവർക്കും തുല്യമായ വിഭവങ്ങൾ കിട്ടും. നമുക്കു വേണ്ടത് ആഡംബരവസ്തുക്കളല്ല, അവശ്യസാധനങ്ങളാണ്. പ്രകൃതിയെ നശിപ്പിക്കലിൽനിന്നു നമ്മൾ പിന്മാറുന്പോൾ ഒരു പ്രത്യാശയുടെ നാഗരികത ഉടലെടുക്കുന്നു.

സഹനങ്ങളും തിരിച്ചുവരവും

ഏതു പ്രശ്നത്തെയും വേണ്ട രീതിയിൽ അഭിമുഖീകരിക്കുന്പോൾ നമ്മൾ നമ്മുടെതന്നെ ഒരു ആധികാരിക രൂപമായി മാറുകയാണ്. നമ്മൾ ഒരു നല്ല മാറ്റത്തിനു തയാറാണ് എന്നു പറയുന്നതിന്‍റെ അർഥം ഇപ്പോൾ നമ്മൾ ആയിരിക്കുന്ന അവസ്ഥയിലെ പോരായ്മകൾ മാറ്റിയെടുക്കാം എന്നാണ്. കോവിഡ്-19 കൊണ്ടുവന്ന പ്രതിസന്ധികൾക്കുള്ള ഉത്തരം പഴയനിയമത്തിലെ ജോബിന്‍റെ പുസ്തകത്തിലുണ്ട്. ദൈവം ജോബിന് ഒരു പുതിയ സൃഷ്ടിയെ കാണിച്ചുകൊടുക്കുന്നു.

കോവിഡിന്‍റെ ഉത്തരവും ഇതാണ്. പ്രപഞ്ചത്തിന്‍റെ അതിമനോഹരമായ താളലയത്തിൽ ജോബിന് നഷ്ടപ്പെട്ടതൊക്കെ തിരിച്ചുകൊടുക്കുന്നു. മനുഷ്യനും പ്രപഞ്ചവും തമ്മിലുള്ള ഗാഢമായ ബന്ധമാണ് ജോബ് തിരിച്ചുവരവിൽ അനുഭവിക്കുന്നത്. ഭൂമിയുടെ ആരോഗ്യത്തെക്കുറിച്ചുള്ള ഓർമപ്പെടുത്തലാണിത്.

മഹാമാരികളെ കഴിഞ്ഞകാല തിന്മകളുടെ ഫലമായിട്ടല്ല കാണേണ്ടത്. സഹനങ്ങൾ ഭാവിക്കുവേണ്ടിയുളള ഒരുക്കമാണ്. അതു നമ്മെ അഹങ്കാരത്തിൽനിന്നു മോചിപ്പിക്കും. ശക്തിയും ധൈര്യവും നല്കും. സഹിക്കുന്നവരോട് കൂടുതൽ അനുകന്പ കാണിക്കാൻ കാരണമാക്കും.

ബിഷപ് ജോസഫ് കല്ലറങ്ങാട്ട്മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.