വേദനിപ്പിച്ചവരോട് പരിഭവം ഇല്ല. അവരോടു പൂര്‍ണ്ണമായും ക്ഷമിക്കുന്നു: മാര്‍ ജേക്കബ് മുരിക്കന്‍ മനസ്സ് തുറന്നപ്പോള്‍


എന്നില്‍ എന്തെങ്കിലും നന്മ ഉണ്ടെങ്കില്‍ അതിന് കാരണം ഞാനല്ല.. ദൈവത്തിന്റെ ശക്തി എന്നില്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ടാണത്. പാലാ രൂപതയുടെ സഹായമെത്രാന്‍ എന്ന നിലയില്‍ നിന്ന് സന്യാസത്തിലേക്കു മാറാനുള്ള തീരുമാനത്തെക്കുറിച്ച് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്ന പല തെറ്റായ പ്രചരണങ്ങളുടെ അടിസ്ഥാനത്തില്‍ അവയ്ക്കുള്ള മറുപടിയെന്ന നിലയില്‍ മലയാള മനോരമയ്ക്ക നല്കിയ അഭിമുഖത്തിലാണ് ബിഷപ് മാര്‍ മുരിക്കന്‍ ഇപ്രകാരം പറഞ്ഞത്.

ആദിമസഭയുടെ കാലത്ത് ഉണ്ടായിരുന്നതും പിന്നീട് ഇല്ലാതെപോയതുമായ ഹെര്‍മിറ്റ് ജീവിതക്രമത്തിന്റെ പുനരുദ്ധാരണത്തിനുള്ളപ്രചോദനമാണ് തനിക്ക് ലഭിച്ചതെന്നും 2017 മുതല്‍ സന്യാസജീവിതത്തെക്കുറിച്ചുള്ള ചിന്തയിലേക്ക് ദൈവം നയിക്കുന്നതായി തനിക്ക് അനുഭവപ്പെടുന്നുവെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

ലോകത്തെ വെറുക്കുകയല്ല ലോകത്തെ ശരിയായി കാണുവാന്‍ മനുഷ്യരെ പഠിപ്പിക്കുകയാണ് താപസന്‍ ചെയ്യുന്നത്. ഏകാന്തതാപസന്റെ ജീവിതം നയിക്കുന്നത് എല്ലാവര്‍ക്കും വേണ്ടിയാണ്. അതിന്റെ ഫലങ്ങള്‍ വിശ്വാസസമൂഹത്തിനും ലോകം മുഴുവനും കൃപയായിലഭിക്കും. മാര്‍ മുരിക്കന്‍ പറയുന്നു.

സന്യാസജീവിതവുമായി ബന്ധപ്പെട്ട വസ്തുതകള്‍ക്ക് ദുര്‍വ്യാഖ്യാനമുണ്ടായത് തന്നെ വിഷമിപ്പിച്ചുവെന്നും അദ്ദേഹം പറയുന്നു. ഞാന്‍ ഏറ്റവും കൂടുതല്‍ ആദരിക്കുന്ന,എന്റെ പ്രിയ ഗുരുനാഥന്‍ കൂടിയായ അഭിവന്ദ്യപിതാവിനെ ചിലരെങ്കിലും വിമര്‍ശിച്ചത് എനിക്ക് മരണതുല്യമായ വേദന തന്നെയായിരുന്നു. അദ്ദേഹം എനിക്ക് നല്കുന്ന സ്‌നേഹവും പരിഗണനയും അത്രയ്ക്ക് വലുതാണ്. രൂപതയിലെ ബഹുമാന്യരായ വൈദികരെ ആക്ഷേപിക്കുന്നതിന് ഈയവസരം ഉപയോഗിച്ചതിലും എനിക്ക് വലിയ ദു:ഖമുണ്ടായി. പാലാ രൂപതയില്‍ നല്ലഐക്യവും പരസ്പരധാരണയും എല്ലാ പ്രവര്‍ത്തനങ്ങളിലുമുണ്ട്.

ഏതായാലും വേദനിപ്പിച്ചവരോട് പരിഭവം ഇല്ല. അവരോടു പൂര്‍ണ്ണമായും ക്ഷമിക്കുന്നു. അഭിമുഖത്തില്‍ പറയുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.