സഭാനിയമം പാലിക്കുവാന്‍ മനസ്സാക്ഷിയില്‍ ഞാന്‍ കടപ്പെട്ടവനാണ്: മാര്‍ പോളി കണ്ണൂക്കാടന്റെ സര്‍ക്കുലര്‍ വൈറലാകുന്നു

ഇരിങ്ങാലക്കുട: തനിക്ക് ഭരമേല്‍പ്പിക്കപ്പെട്ടിരിക്കുന്ന രൂപതയിലെ ആരാധന ജീവിതത്തിന്റെ മുഴുവന്റെയും നിയന്താവും പ്രോത്സാഹകനും സംരക്ഷകനുമെന്ന നിലയില്‍ ആരാധനക്രമത്തെ പരമാവധി പ്രോത്സാഹിപ്പിക്കുവാനും സ്വയാധികാരസഭയുടെ നിയമാനുസൃതമായ ആചാരങ്ങള്‍ക്കും നിബന്ധനകള്‍ക്കുമനുസരിച്ച് ക്രമീകരിക്കുവാനും രൂപതാധ്യക്ഷന്‍ ശ്രദ്ധാലുവായിരിക്കണം എന്ന സഭാനിയമം പാലിക്കുവാന്‍ മനസ്സാക്ഷിയില്‍ ഞാന്‍ കടപ്പെട്ടവനാണ് എന്ന കാര്യം തിരിച്ചറിയുന്നുവെന്ന് ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളികണ്ണൂക്കാടന്‍.

ഡിസംബര്‍ 25 ന് മുന്നേ സീറോ മലബാര്‍ സഭയുടെ ഏകീകൃത കുര്‍ബാനരീതി ഇരിങ്ങാലക്കുട രൂപതയില്‍ നടപ്പാക്കണം എന്ന് നിര്‍ദ്ദേശിച്ചുകൊണ്ടുള്ള സര്‍ക്കുലറിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2021 ഡിസംബര്‍ 25 ന് മുമ്പ് ഏകീകൃതകുര്‍ബാനയര്‍പ്പണരീതി നടപ്പിലാക്കാന്‍ സാധിച്ചില്ലെങ്കില്‍ അതിനുവേണ്ട സജ്ജീകരണങ്ങള്‍ എത്രയും വേഗം ക്രമീകരിച്ച് അടുത്ത ഉയിര്‍പ്പ് ഞായര്‍ 202 ഏപ്രില്‍17 വരെയുള്ള സമയത്തിനുള്ളില്‍ നമ്മുടെ രൂപതയില്‍ പൂര്‍ണ്ണമായും ഏകീകൃത വിശുദ്ധകുര്‍ബാനയര്‍പ്പണരീതി നടപ്പിലാക്കേണ്ടതാണ് എന്ന് മാര്‍ കണ്ണൂക്കാടന്‍ ഓര്‍മ്മിപ്പിക്കുന്നു. 2022 ക്രിസ്തുമസ് മുതല്‍ മെത്രാന്മാര്‍ പങ്കെടുക്കുന്ന പരിപാടികളിലും മറ്റ് പൊതുപരിപാടികളിലും ഏകീകൃതകുര്‍ബാനയര്‍പ്പണരീതിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാനുള്ള സജ്ജീകരണങ്ങള്‍ ചെയ്തിരിക്കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

സീറോ മലബാര്‍ സഭാ സിനഡ് തീരുമാനപ്രകാരമുള്ള ഏകീകൃതവിശുദ്ധ കുര്‍ബാനയര്‍പ്പണരീതിക്ക് നല്കിയ ഒഴിവുനല്‍കല്‍ ഇതിനാല്‍ റദ്ദ് ചെയ്തതായും അറിയിക്കുന്നു. നേരത്തെ പൗരസ്ത്യസഭകള്‍ക്കായുള്ള കാനന്‍നിയമത്തിലെ 1538 ാം കാനോനപ്രകാരം ഇരിങ്ങാലക്കുട രൂപതയില്‍ നിലവിലുള്ള കുര്‍ബാനയര്‍പ്പണരീതി തുടരുന്നതിനായി 1600/21 കല്‍പ്പനപ്രകാരം മാര്‍ കണ്ണൂക്കാടന്‍ ഒഴിവു നല്കിയിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.