ആരോപണങ്ങള്‍ വാസ്തവവിരുദ്ധം;ഇത് എന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമം, വിവരങ്ങള്‍ അറിഞ്ഞത് സോഷ്യല്‍ മീഡിയ വഴി; ജസ്റ്റീസിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ബിഷപ് വില്യം

മൈസൂര്‍: മുന്‍ ഹൈക്കോടതി ജഡ്ജി മൈക്കല്‍ എഫ് സല്‍ദാന്‍ഹ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും തന്റെ പ്രതിച്ഛായ തകര്‍ക്കാനുമുള്ളതുമാണെന്ന് മൈസൂര്‍ ബിഷപ് ആന്റണി വില്യം.

കൊലപാതകം, അഴിമതി, സ്വജനപക്ഷപാതം,വ്യഭിചാരം തുടങ്ങിയവയാണ് ബിഷപ്പിനെതിരെ മുന്‍ ജഡ്ജിയും കത്തോലിക്കനുമായ മൈക്കല്‍ ആരോപിച്ചത്. ഇത് സംബന്ധിച്ച് സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ ഓസ് വാള്‍ഡ് ഗ്രേഷ്യസിനും ബാംഗ്ലൂര്‍ ആര്‍ച്ച് ബിഷപ് പീറ്റര്‍ മച്ചാഡോയ്ക്ക് കത്തയച്ചുവെന്നും ജഡ്ജി വ്യക്തമാക്കിയിരുന്നു. ലൈംഗികാരോപണവും സാമ്പത്തികാഴിമതിയും ബിഷപ്പിനെതിരെ അദ്ദേഹത്തിന്റെ വൈദികര്‍ തന്നെ നേരത്തെ ആരോപിച്ചിരുന്നു.

100 വൈദികരുള്ള രൂപതയിലെ 37 വൈദികരും ബിഷപ്പിനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വത്തിക്കാന് കത്തെഴുതിയിരുന്നു. എന്നാല്‍ മുന്‍ ജഡ്ജി ഉന്നയിച്ച കാര്യങ്ങളെക്കുറിച്ച് താന്‍ അറിയുന്നത് സോഷ്യല്‍ മീഡിയാ വഴിയാണെന്നും ഇതു സംബന്ധിച്ച് തനിക്ക് കത്തുകളൊന്നും ലഭിച്ചിട്ടില്ലെന്നും ബിഷപ് വ്യക്തമാക്കി.

ക്രൈസ്തവര്‍ വിശ്വസിക്കുന്നത് കൂട്ടായ്മയിലും അനുരഞ്ജനത്തിലുമാണ്. എന്നാല്‍ വിഭജനം ഉണ്ടാക്കാനാണ് ചിലരുടെ ശ്രമം. അദ്ദേഹം പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.