എല്ലാം സിനഡിന്റെ മേല്‍ കെട്ടിവച്ചു ജനത്തെ തെരുവിലിറക്കുമ്പോള്‍ കിട്ടുന്നത് താല്ക്കാലിക വിജയം മാത്രം: ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയിലിന്റെ കുറിപ്പ് വൈറലാകുന്നു

എല്ലാം സിനഡിന്റെ മേല്‍ കെട്ടിവച്ച് ജനത്തെ തെരുവിലിറക്കുമ്പോള്‍ കിട്ടുന്നത് താല്ക്കാലിക വിജയം മാത്രമെന്ന ഓര്‍മ്മപ്പെടുത്തലുമായി ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയിലിന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. എറണാകുളം-അങ്കമാലി അതിരൂപതയില്‍ കഴിഞ്ഞ ദിവസം നടന്ന വിശ്വാസസംരക്ഷണ സംഗമത്തെ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം എഴുതിയ കുറിപ്പിന്റെ പൂര്‍ണ്ണരൂപം ചുവടെ കൊടുക്കുന്നു.

സിനഡ് നിർദേശിച്ച ഏകീകൃത കുർബാന രീതി നടപ്പാക്കുന്നത് എല്ലാ രൂപതകൾക്കും വേദനാജനകമായിരുന്നു. എന്നിട്ടും അവരെല്ലാം അത് നടപ്പാക്കി. ഒരു എതിർ സ്വരവുമില്ലാതെ നടപ്പാക്കിയ ഒത്തിരി രൂപതകൾ കേരളത്തിൽ തന്നെ ഉണ്ട്. അവിടെയൊന്നും ജനത്തെ ആരും തെരുവിലിറക്കിയില്ല. എന്തുകൊണ്ടായിരിക്കും? പതിനായിരം പേരെ സംഘടിപ്പിച്ചു റാലി നടത്താൻ കഴിവില്ലാത്ത ഒരൊറ്റ രൂപതയെങ്കിലുമുണ്ടോ നമ്മുടെ സഭയിൽ? അവരൊക്കെ വിചാരിച്ചാൽ പതിനായിരമോ ഇരുപത്തിനായിരമോ അമ്പതിനായിരമോ ആൾക്കാരെ ഇറക്കാം. എന്നിട്ടും അവരാരും അത് ചെയ്തില്ല.

കാരണം മാർപ്പാപ്പയുടെയും സിനഡിൻറെയും തീരുമാനത്തിനെതിരെ ജനത്തെ ഇറക്കിയാൽ അത് ഭാവിയിൽ സഭയുടെ മൊത്തം കെട്ടുറപ്പിനെ ബാധിക്കും എന്നൊരു ബോധ്യവും തങ്ങൾ ജനസമൂഹത്തിന്റെ മുമ്പിൽ നടത്തിയ അനുസരണ വ്രത പ്രഖ്യാപനത്തിന്റെ ശ്രേഷ്ഠതയും അവരുടെ മനസ്സിൽ ഉണ്ടായിരുന്നതുകൊണ്ടായിരിക്കാം…മാത്രമല്ല, കന്യാസ്ത്രീകളെ പോലും മാർപാപ്പയോടുള്ള വിധേയത്വത്തിനെതിരായി നിരത്തിലിറക്കണമെങ്കിൽ ഒത്തിരി തെറ്റുധാരണകൾ പരത്താതെ സാധിക്കില്ല താനും.

ഏകീകൃത കുർബാന നടപ്പാക്കിയാൽ മാതാവിനോടുള്ള ജപമാലയും കുരിശിന്റെ വഴിയും നിരോധിക്കുമെന്നും പള്ളിയിൽ നിന്നും രൂപങ്ങൾ എടുത്തു മാറ്റുമെന്നും ഒക്കെ നിരന്തരം കള്ളം പറഞ്ഞു വൈകാരികമായി ജനത്തെ പ്രകോപിപ്പിക്കാതെ അവരൊരിക്കലും മാർപ്പാപ്പാക്കെതിരെ നിരത്തിലിറങ്ങില്ല. ഏകീകൃത കുർബാന നടപ്പാക്കണമെന്ന് സ്നേഹപൂർവ്വം നമ്മോടു ആവശ്യപ്പെട്ടത് പരിശുദ്ധ ഫ്രാൻസിസ് പാപ്പ കയ്യൊപ്പു ചാർത്തിയ കത്തിലൂടെയാണെന്നുപോലും അറിയിക്കാതെ എല്ലാം സിനഡിന്റെമേൽ കെട്ടിവച്ചു ജനത്തെ തെരുവിലിറക്കുമ്പോൾ താൽക്കാലിക വിജയം കിട്ടുമെങ്കിലും ഈ സഭയുടെ ഭാവിയെ അതെപ്രകാരം ബാധിക്കുമെന്ന വിവേകം ഇനിയെങ്കിലും നമുക്കുണ്ടാവട്ടെ!മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.