ദൈവനിന്ദാക്കേസ്; പാക്കിസ്ഥാനിലെ ക്രൈസ്തവ നേഴ്‌സുമാര്‍ക്ക് ജാമ്യം

ഫസിലാബാദ്: ദൈവനിന്ദാക്കുറ്റം ചുമത്തപ്പെട്ട രണ്ടു ക്രൈസ്തവ നേഴ്‌സുമാര്‍ക്ക് ഫസീലാബാദ് അഡീഷനല്‍ സെഷന്‍ ജഡ്ജി ഷഹസാദ് അഹമ്മദ് ജാമ്യം അനുവദിച്ചു. സെപ്തംബര്‍ 23 ന് ജാമ്യം കിട്ടിയിരുന്നുവെങ്കിലും നവംബര്‍ 19 ന് ക്രിസ്ത്യന്‍ വക്കീല്‍ ഇക്കാര്യം പരസ്യപ്പെടുത്തിയതോടെയാണ് മറ്റുളളവര്‍ വിവരം അറിയുന്നത്.

സ്റ്റാഫ് നേഴ്‌സായ മറിയം ലാലിനും സ്റ്റുഡന്റ് നേഴ്‌സായ ന്യൂവിഷ് റൂജിനുമാണ് ജാമ്യം കിട്ടിയത്. സിവില്‍ ഹോസ്പിറ്റലിലെ ഡോ. മിര്‍സാ മുഹമ്മദിന്റെ പരാതിയെതുടര്‍ന്നാണ് ഇക്കഴിഞ്ഞ ഏപ്രിലില്‍ പോലീസ് 295- B ചുമത്തി ഇവരെ അറസ്റ്റ് ചെയ്തത്. പ്രവാചകനെ അപമാനിച്ചു എന്ന രീതിയിലായിരുന്നു ആരോപണം. എന്നാല്‍ കുറ്റം ചെയ്തതായി തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. നേഴ്‌സുമാര്‍ എന്തെങ്കിലും തെറ്റ് ചെയ്തതായി സാക്ഷികളുമില്ല, മതപരമായ സ്റ്റിക്കര്‍ പതിപ്പിച്ചതിനെ ദൈവനിന്ദയായി കാണാനും കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ക്രിസ്ത്യന്‍ സോഷ്യല്‍ മീഡിയ ജാമ്യവാര്‍ത്ത സന്തോഷത്തോടെ സ്വീകരിച്ചു.

കീഴ്‌ക്കോടതി ആദ്യമായിട്ടാണ് ദൈവനിന്ദാക്കുറ്റം ആരോപിക്കപ്പെട്ട കേസില്‍ ജാമ്യം അനുവദിച്ചതെന്ന പ്രത്യേകതയുമുണ്ട്. ഫസിലാബാദ് ബിഷപ് ഇന്‍ഡ്രിയാസ് റെഹ്മത്തും അദ്ദേഹത്തിന്റെ ചില വൈദികരുമാണ് കേസ് ഏറ്റെടുത്തു മുന്നോട്ടുകൊണ്ടുപോയത്. ക്രിസ്ത്യന്‍ രാഷ്ട്രീയ നേതാക്കളെയും കേസില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

ക്രൈസ്തവര്‍ക്കെതിരെ ആരോപിക്കാവുന്ന ഏറ്റവും എളുപ്പത്തിലുള്ള കുറ്റമാണ് പാക്കിസ്ഥാനില്‍ ദൈവനിന്ദാക്കുറ്റം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.