ക്രിസ്തുവിനെ തളളിപ്പറയാത്തതിന്റെ പേരില്‍ ബോക്കോ ഹാരമിന്റെ തടവില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ മോചനത്തിനായി വ്യാപകപ്രചരണം

നൈജീരിയ: ലെഹ് ഷാരിബു എന്ന പെണ്‍കുട്ടി ബോക്കോ ഹാരമിന്റെ തടവിലായിട്ട് ഇന്നലെ രണ്ടുവര്‍ഷം പൂര്‍ത്തിയായി. 2018 ല്‍ 109 വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പമാണ് ലെഹ് ഷാരിബുവിനെ ബോക്കോ ഹാരം തട്ടിക്കൊണ്ടുപോയത്.

ഇതില്‍ മറ്റുള്ളവരെയെല്ലാം വിട്ടയച്ചുവെങ്കിലും ലെഹ് ഇപ്പോഴും ഭീകരരുടെ തടവില്‍ തന്നെയാണ്. കാരണം അവള്‍ യേശുക്രിസ്തുവിലുള്ള വിശ്വാസം തള്ളിപ്പറഞ്ഞിട്ടില്ല. ഇന്ന് അവള്‍ക്ക് പതിനാറു വയസ് പ്രായമുണ്ട്. ഇതിനിടയില്‍ ഷാരിബുവിനെക്കുറിച്ച് മറ്റൊരു വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. ബോക്കോ ഹാരം കമാന്ററുടെ മകനെ അവള്‍ വിവാഹം കഴിച്ചുവെന്നും അവള്‍ക്കൊരു കുഞ്ഞ് പിറന്നുവെന്നും.

ലെഹ് മോചിതയാകുമെന്ന ശുഭസൂചനയൊന്നും വീട്ടുകാര്‍ക്ക് ഇതുവരെയും ലഭിച്ചിട്ടില്ല. നൈജീരിയന്‍പ്രസിഡന്റ് മുഹമ്മദ് ബുഹാരി ഷാരിബുവിന്റെ മോചനം സാധ്യമാക്കുമെന്ന് ആവര്‍ത്തിച്ചുപറയുന്നുണ്ട്.

പെണ്‍കുട്ടിയെ മോചിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും ഗവണ്‍മെന്റ് തുടരുന്നുണ്ടെന്നാണ് ബുഹാരി പറയുന്നത്. പെണ്‍കുട്ടിയുടെ മോചനത്തിനായി സോഷ്യല്‍ മീഡിയാ വഴി വ്യാപകമായ പ്രചരണവും നടക്കുന്നുണ്ട്. മോചനദ്രവ്യം വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും അക്രമികള്‍ അത് തള്ളിക്കളഞ്ഞതായിട്ടാണ് വാര്‍ത്ത.

ഓപ്പണ്‍ ഡോര്‍സ് യുഎസ് കണക്കുകള്‍ പ്രകാരം ക്രൈസ്തവമതപീഡനം അനുഭവിക്കുന്ന രാജ്യങ്ങളില്‍ പന്ത്രണ്ടാം സ്ഥാനത്താണ് നൈജീരിയ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.