ദൈവം തന്നെത്തന്നെ വെളിപ്പെടുത്തുന്ന രീതികൾ. (CCC 50-73)

            സൃഷ്ട പ്രപഞ്ചത്തിൽക്കൂടിയും തന്നിൽ തന്നെയുള്ള ദൈവീക പ്രവൃത്തികളിലൂടെയും  മനുഷ്യന് ദൈവത്തെക്കുറിച്ച് അറിയാൻ കഴിയും. എങ്കിലും അതിൽ പരിമിതികളുണ്ട്. അതിനാൽ ദൈവം തന്നെത്തനെ മനുഷ്യന് വെളിപ്പെടുത്തുന്നു. “തൻ്റെ പ്രിയ പുത്രനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെയും പരിശുദ്ധാത്മാവിനെയും നമ്മുടെ പക്കലേക്ക് അയച്ചുകൊണ്ടാണ് ദൈവം ഈ പദ്ധതി പൂർണ്ണമായും വെളിപ്പെടുത്തിയത്.” (CCC-50)
           ഉൽപത്തി പുസ്തകം മുതൽ ദൈവം തന്നെത്തന്നെ വെളിപ്പെടുത്തുന്നുണ്ട്. ഘട്ടം ഘട്ടമായിട്ടാണ് അവിടുന്ന് തന്നെ വെളിപ്പെടുത്തുന്നത്.  ആദിമാതാപിതാക്കൻമാർക്കും നോഹയ്ക്കും അബ്രഹാമിനുമൊക്കെ ദൈവം പടിപടിയായി വെളിപ്പെടുത്തുന്നത് മതബോധനഗ്രന്ഥം വിശദീകരിക്കുന്നുണ്ട്. പഴയ നിയമം മുഴുവൻ ദൈവത്തിൻ്റെ വിവിധ രീതികളിലുള്ള വെളിപ്പെടുത്തലുകൾ ഉൾക്കൊള്ളുന്നു. വെളിപാടിൻ്റെ പൂർണ്ണതയായ ദൈവപുത്രനായ ഈശോയെ സ്വീകരിക്കുവാൻ ഇതുവഴി  ദൈവം ഘട്ടം ഘട്ടമായി ലോകത്തെ ഒരുക്കുകയായിരുന്നു.
        CCC 65-ൽ ഈശോയിലൂടെയുള്ള അന്തിമ വെളിപാടിൻ്റെ സ്വഭാവത്തെക്കുറിച്ച് പ്രതിപാദിക്കുന്നു. ക്രിസ്തുവിൽക്കൂടി ദൈവം തന്നെ പൂർണ്ണമായി വെളിപ്പെടുത്തിയിരിക്കെ ക്രിസ്തു വഴി നൽകപ്പെട്ടിരിക്കുന്നതിൽനിന്നും വ്യത്യസ്തമായി ദൈവത്തെക്കുറിച്ച് അറിയാൻ ശ്രമിക്കുന്നത് മൂഢത്വവും ദൈവത്തെ അധിക്ഷേപിക്കാൻ ശ്രമിക്കലുമാണെന്ന് ഈ ഖണ്ഡികയിൽ പറയുന്നുണ്ട്. വി.യോഹന്നാൻ ക്രൂസിൻ്റെ ‘കർമ്മലമലയേറ്റം ഇരുണ്ട രാത്രി’ എന്ന ഗ്രന്ഥത്തിൽ നിന്നും  ഉദ്ധരിച്ചുകൊണ്ടാണ് ഇവിടെ പ്രബോധനം നൽകിയിരിക്കുന്നത്. അദ്ധ്യാത്മിക ജീവിതം നയിക്കുവാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും വായിച്ചിരിക്കേണ്ട ഗ്രന്ഥമായി വി. യോഹന്നാൻ ക്രൂസിൻ്റെ മേൽപറഞ്ഞ ഗ്രന്ഥത്തെ പരിചയപ്പെടുത്തുന്നതിൽ സന്തോഷമുണ്ട്.
      CCC 66, 67 ഖണ്ഡികകളിൽ സഭയിലുള്ള രണ്ടു തരം വെളിപാടുകളെക്കുറിച്ചും അതിൻ്റെ സ്വഭാവത്തെക്കുറിച്ചും ഉള്ള പഠനങ്ങളാണ്. നവീകരണമേഖല ശക്തമായിരിക്കുന്ന കേരളത്തിൻ്റേതുപോലുള്ള പശ്ചാത്തലത്തിൽ വളരെ പ്രധാനപ്പെട്ടതാണ് ഈ പ്രബോധനങ്ങൾ. പഴയ നിയമം തുടങ്ങി യേശുക്രിസ്തുവിൽക്കൂടി പൂർത്തിയായ പരസ്യവെളിപാടും പരസ്യ വെളിപാടിനെ മനസ്സിലാക്കാൻ സഹായകരമായ രീതിയിൽ ദൈവം നൽകാറുള്ള സ്വകാര്യ വെളിപാടുകളുമാണ് രണ്ടു രീതിയിലുള്ള വെളിപാടുകൾ. ആത്മരക്ഷക്ക് ആവശ്യമായിരിക്കുന്നത് പരസ്യ വെളിപാടുകളാണ്. സ്വകാര്യ വെളിപാടുകൾ എന്ന രീതിയിൽ വളരെയേറെ കാര്യങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ സഭയുടെ അംഗീകാരമുള്ളത് വിവേകപൂർവ്വം സ്വീകരിക്കുവാൻ വിശ്വാസികൾ ഏറെ ജാഗ്രത പുലർത്തേണ്ടതുണ്ട്.
     ഈ വിഷയസംബന്ധമായി കൂടുതൽ പഠനത്തിനായി ചുവടെ നൽകുന്ന ലിങ്ക് ഉപയോഗിക്കുക.
https://youtu.be/w1dReybrcIUമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.