വിശ്വാസപ്രമാണത്തിൻ്റെ ഒന്നാം വകുപ്പിനെക്കുറിച്ച്.(CCC 198-231)

 
               പരിശുദ്ധ ത്രീത്വത്തിലെ ഒന്നാമത്തെ ദൈവീക ആൾ പിതാവായതിനാൽ പിതാവായ ദൈവത്തിൽ വിശ്വാസപ്രമാണം ആരംഭിക്കുന്നു. ദൈവത്തിൻറെ എല്ലാ പ്രവർത്തനങ്ങളുടെയും  ആരംഭവും അടിസ്ഥാനവും സൃഷ്ടികർമ്മം ആയതിനാൽ ആകാശത്തിൻ്റെയും ഭൂമിയുടെയും സൃഷ്ടിയിലാണ് നമ്മുടെ വിശ്വാസപ്രമാണം ആരംഭിക്കുന്നത് (CCC 198).               

ഏക ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു എന്ന് ഏറ്റു പറഞ്ഞുകൊണ്ടാണ്  നിഖ്യാ-കോൺസ്റ്റാൻറിനോപ്പിൾ വിശ്വാസപ്രമാണം ആരംഭിക്കുന്നത്. അതിൻറെ അർത്ഥവ്യാപ്തി യെക്കുറിച്ച്  202- ാം ഖണ്ഡികയിൽ ഇപ്രകാരം പഠിപ്പിക്കുന്നു. “സത്യദൈവം ഏകനാണെന്നും  അവിടുന്ന് നിത്യനും അനന്ത വ്യാപിയും മാറ്റമില്ലാത്തവനും അഗ്രാഹ്യനും സർവ്വശക്തനും അവർണ്ണനീയനായ പിതാവും പുത്രനും പരിശുദ്ധാത്മാവുമാണെന്നും, മൂന്ന് ആളുകൾ ആണെങ്കിലും ഒരേയൊരു സാരാംശവും സത്തയും അഥവാ പ്രകൃതിയും മാത്രമാണ് ഉള്ളതെന്നും അവിടുന്ന് പരിപൂർണ്ണ കേവലനാണെന്നും നമ്മൾ  ഉറച്ചു വിശ്വസിക്കുകയും അസന്നിഗ്ധമായി ഏറ്റുപറയുകയും ചെയ്യുന്നു.”               

തൻറെ ജനമായ ഇസ്രായേലിന്  തൻ്റെ നാമം അറിയിച്ചുകൊണ്ട് അവിടുന്ന് അവർക്ക് സ്വയം വെളിപ്പെടുത്തി (203). ‘യാഹ് വേ’ എന്ന തൻറെ നിഗൂഢ നാമം വെളിപ്പെടുത്തുക വഴി താൻ ആരാണെന്നും ഏത് നാമത്തിൽ തന്നെ വിളിച്ചപേക്ഷിക്കണമെന്നും ദൈവം നമ്മെ അറിയിക്കുന്നു (206). ദൈവത്തിൻ്റെ പരിശുദ്ധിയോടുള്ള ഭയം നിമിത്തം ഇസ്രായേൽജനം അവിടുത്തെ നാമം ഉച്ചരിക്കാറില്ല. പകരം കർത്താവ് എന്ന ദൈവികസംജ്ഞയാണ്  അവർ ഉപയോഗിക്കുന്നത് (209). നമ്മുടെ പാപത്തിൽനിന്ന് നമ്മെ മോചിപ്പിക്കുവാൻ ആയി ജീവൻ അർപ്പിച്ചുകൊണ്ട് ഈശോ സ്വയം വെളിപ്പെടുത്തുന്നുണ്ട് ഞാൻ തന്നെയാണ് ഈ ദൈവനാമധാരിയെന്ന് (210).  ഈ ദൈവം സത്യവും സ്നേഹവുമാണ് (214).                

ഏക ദൈവത്തിൽ വിശ്വസിക്കുക എന്നത്  നമ്മുടെ വ്യക്തിജീവിതത്തിൽ  വലിയ പരിണിതഫലങ്ങൾ ഉളവാക്കുന്നതാണ്. അതേക്കുറിച്ച് CCC പറയുന്നു, ദൈവത്തിൻ്റെ മഹത്വവും പ്രതാപവും അംഗീകരിക്കുകയാണത് (223) കൃതജ്ഞതയോടെയുള്ള ജീവിതമാണത് (224) എല്ലാ മനുഷ്യരുടെയും ഐക്യവും യഥാർത്ഥ മാഹാത്മ്യവും അറിയുകയാണത് (225) സൃഷ്ട വസ്തുക്കളെ ശരിയായി ഉപയോഗിക്കുകയാണത് (226) എല്ലാ സന്ദർഭങ്ങളിലും കഷ്ടതകളിൽ പോലും ദൈവത്തിൽ ആശ്രയം കണ്ടെത്തുന്നതാണത് (227).
ഈ വിഷയസംബന്ധമായ കൂടുതൽ പഠനങ്ങൾക്ക്  താഴെ കൊടുത്തിരിക്കുന്ന ലിങ്ക് പ്രയോജനപ്പെടുത്തുക.https://youtu.be/gY_hu4PkgL0മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.