21 വര്‍ഷം മുമ്പ് മരണമടഞ്ഞ സുവിശേഷപ്രഘോഷകന്റെ ശവക്കല്ലറ തുറന്നപ്പോള്‍ അഴുകാത്ത നാവ്

കൊച്ചി: 21 വര്‍ഷം മുമ്പ് മരണമടഞ്ഞ സുവിശേഷപ്രഘോഷകന്‍ ബ്ര. വിക്ടറിന്റെ ശവക്കല്ലറ തുറന്നപ്പോള്‍ അേേദ്ദഹത്തിന്റെ നാവ് അഴുകാത്ത നിലയില്‍ കണ്ടെത്തി. ജീസസ് ആന്റ് വിക്ടര്‍ അസോസിയേറ്റ്‌സ് എന്ന പേരില്‍ സ്ഥാപനം നടത്തിയിരുന്ന ഇദ്ദേഹം ഒരു വക്കീലായിരുന്നു. വക്കീലായി പ്രാക്ടീസ് ചെയ്യുമ്പോഴും സുവിശേഷപ്രഘോഷണം നടത്തിയിരുന്നു.

ഹൈദരാബാദിലേക്കുളള യാത്രയ്ക്കിടയില്‍ ഹൃദയസ്തംഭനം മൂലമായിരുന്നു മരണം. ഫോര്‍ട്ടുകൊച്ചിയിലെ പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്ത മൃതദേഹം ഈയിടെ പള്ളി പുതുക്കിപ്പണിയുന്നതോട് അനുബന്ധിച്ച് ശവക്കല്ലറ മാറ്റിയപ്പോഴാണ് വിക്ടറിന്റെ ശവകുടീരം തുറന്നത്.

21 വര്‍ഷം മുമ്പ് മരണമടഞ്ഞ ഒരാളുടെ നാവ് അഴുകാത്ത നിലയില്‍ കണ്ടെത്തിയത് പരക്കെ അത്ഭുതമെന്ന പ്രചരണത്തിന് ഇടയാക്കിയിട്ടുണ്ട്. ബ്ര വിക്ടര്‍ സുവിശേഷാത്മകമായ ജീവിതം നയിച്ചിരുന്ന വ്യക്തിയായിരുന്നുവെന്ന് അദ്ദേഹത്തെ അടുത്തറിയാവുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു.

സോഷ്യല്‍ മീഡിയായിലൂടെ വ്യാപകമായ ഈ അത്ഭുതത്തെ നെഗറ്റീവായി ചിത്രീകരിക്കുന്നവിധത്തിലും വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ആത്മീയതട്ടിപ്പെന്നും സംഘടിതമായ ശ്രമങ്ങളുടെ ഭാഗമായുള്ള അജന്‍ഡകളാണ് ഇതിന് പിന്നിലുള്ളതെന്നുമാണ് മഞ്ഞപ്പത്രക്കാരുടെ ആരോപണം. പക്ഷേ കത്തോലിക്കാ സഭയില്‍ അഴുകാത്തവരായി അനേകം പുണ്യാത്മാക്കളുണ്ട്. വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനെപോലെയുള്ള വിശുദ്ധരുടെ പൂജ്യശരീരം നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും അഴുകാതെയിരിക്കുന്നത് ശാസ്ത്രലോകത്തിന് പോലും അത്ഭുതമാണ്.

സോഷ്യല്‍ മീഡിയായിലെ മഞ്ഞപ്പത്രക്കാരുടെ അനുയായികള്‍ മനസ്സിലാക്കാതെ പോകുന്നത് കത്തോലിക്കാ സഭ വ്യാജമായി വിശുദ്ധരെ സൃഷ്ടിക്കുന്ന ഫാക്ടറി അല്ല എന്നതാണ്. എത്രയോ വര്‍ഷങ്ങള്‍ നീണ്ട പഠനത്തിനും അന്വേഷണത്തിനും ശേഷമാണ് നാമകരണ നടപടികള്‍ ആരംഭിക്കുന്നതും വത്തിക്കാന്‍ ആ പുണ്യവ്യക്തിയുടെ മാധ്യസ്ഥതയിലുളള അത്ഭുതങ്ങള്‍ അംഗീകരിക്കുന്നതും.

ഇതൊന്നും കൃത്യമായി മനസ്സിലാക്കാതെയാണ് ഒരു പറ്റം ആളുകള്‍ ഈ സംഭവത്തെ വളച്ചൊടിക്കുന്നത്. സഭ ഈ വിഷയത്തെക്കുറിച്ച് യാതൊരു അഭിപ്രായപ്രകടനവും നടത്തിയിട്ടില്ല എന്നും അറിയണം.

ബ്ര. വിക്ടറിന്റെ നാവ് അഴുകാതെയിരിക്കുന്നത് അത്ഭുതമോ അതോ മറ്റെന്തെങ്കിലും കാരണങ്ങളാലോ..നമുക്ക് കാത്തിരുന്ന് കാണാം. അതിനു മുമ്പുള്ള മുന്‍വിധികളോടുകൂടിയ സമീപനങ്ങളില്‍ നിന്ന് അകന്നുനില്ക്കുകയുമാവാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.