കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി മെത്രാഭിഷേക രജതജൂബിലി വര്‍ഷത്തിലേക്ക്

കൊച്ചി: സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മെത്രാഭിഷേക രജതജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ലളിതമായ ചടങ്ങുകളോടെയാണ് മെത്രാഭിഷേക രജതജൂബിലിക്ക് ആരംഭമായിരിക്കുന്നത്. കാക്കനാട് മൗണ്ട് സെന്റ് തോമസ് ചാപ്പലില്‍ ഇന്നലെ രാവിലെ അദ്ദേഹം അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലും കൂരിയായില്‍ സേവനം ചെയ്യുന്ന വൈദികരും സഹകാര്‍മ്മികരായി. ദിവ്യബലിക്ക് ശേഷം മേജര്‍ ആര്‍ച്ച് ബിഷപ്പിന് ജൂബിലി മംഗളങ്ങള്‍ നേര്‍ന്നു.

1997 ഫെബ്രുവരി രണ്ടിന് ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ് ജോസഫ് പവ്വത്തിലാണ് മാര്‍ ആലഞ്ചേരിക്ക് മെത്രാന്‍പട്ടം നല്കിയത്. തക്കല രൂപതയുടെ പ്രഥമ മെത്രാനായിട്ടായിരുന്നു നിയമനം. പതിനാലു വര്‍ഷം തക്കല രൂപതയില്‍ ഇടയശുശ്രൂഷ ചെയ്തതിന് ശേഷമാണ് സീറോ മലബാര്‍ സഭയുടെ മെത്രാന്‍ സിനഡ് സഭയെ നയിക്കാനുള്ള നിയോഗം അദ്ദേഹത്തെ ഏല്പിച്ചത്. 2011 മെയ് 29 ന് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പായി. 2012 ഫെബ്രുവരി 18 ന് കര്‍ദിനാള്‍ സ്ഥാനത്തേക്കുയര്‍ത്തപ്പെട്ടു.

കെസിബിസി പ്രസിഡന്റ്, കേരള ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാന്‍ എന്നീ നിലകളിലും നേതൃത്വം നല്കുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.