കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ കണ്ണ് നിറഞ്ഞപ്പോള്‍ പിറവിയെടുത്തത് ഈ മനോഹര ഗാനം

കവിഞ്ഞു കാണുന്നവനാണ് കവി. വീണു കിടക്കുന്ന ഒരു പൂവിനെ കണ്ടപ്പോള്‍ അത് ജീവിതമായി കണ്ട് മഹത്തായ കാവ്യങ്ങള്‍ രചിക്കുന്നവനാണ് കവി. അതുപോലെ ഒരു യഥാര്‍ത്ഥ സംഭവം മനസ്സിലുടക്കിയപ്പോള്‍ കണ്ണുനിറഞ്ഞ് ഒരു കവി എഴുതിയ വരികളില്‍ നിന്ന് പിറവിയെടുത്ത മനോഹരമായ ഒരു ഗാനമാണ് യാത്രാമൊഴി

ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ആനിക്കുഴിക്കാട്ടിലിന്റെ സംസ്‌കാരച്ചടങ്ങുകളില്‍ കണ്ണ് നിറഞ്ഞും കണ്ഠം ഇടറിയും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി കാര്‍മ്മികനായി മാറിയ കാഴ്ചയാണ് ഷിബു മാത്യു എന്ന ഗാനരചയിതാവിന് ഈ ഗാനം രചിക്കാന്‍ പ്രേരണയായത്. ആ നിമിഷം അദ്ദേഹത്തിന്റെ മനസ്സിലൂടെ കടന്നുപോയത് മറ്റുള്ളവര്‍ക്കുവേണ്ടി ജീവിച്ച് മരിക്കുന്ന ഓരോ വൈദികരുടെയും ജീവിതമാണ്.

ഇടവകജനത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചും ബലിയര്‍പ്പിച്ചും കൂദാശകളുടെ പരികര്‍മ്മം നടത്തിയും അവര്‍ക്കുവേണ്ടി ജീവിച്ചിട്ടും അവസാനം മരിക്കും നേരത്ത് ആരെങ്കിലും ആ വൈദികനെയോര്‍ത്ത് കരഞ്ഞിട്ടുണ്ടാവുമോ? ആരുടെയെങ്കിലും ഹൃദയത്തില്‍ ആ മരണം വേദനയുണ്ടാക്കുമോ?
ഈ ചിന്തകള്‍ മനസ്സിനെ ഭാരപ്പെടുത്തിയപ്പോള്‍ വരികള്‍ ഹൃദയത്തില്‍ നിന്ന് അടര്‍ന്നുവീണുകൊണ്ടേയിരുന്നു.

സ്വര്‍ഗ്ഗീയ നാഥന്റെ നാട്ടിലേക്ക്
പ്രിയനാം ഗുരുവിന്റെ ചാരത്തേക്ക്
മൃതിയുടെ പൂജിതകരങ്ങളാല്‍ പേറി
പോകുന്ന പുരോഹിതാ യാത്രാമൊഴി

ഷിബുവിന്റെ വരികള്‍ക്ക് സംഗീതം നല്കിയത് ജോജി കോട്ടയമാണ്. തിരുവോസ്തിയായ് അള്‍ത്താരയിലണയുമീശോയേ പോലെയുള്ള നിരവധി ഗാനങ്ങളുടെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ഇദ്ദേഹമാണ്. ഗാനരചയിതാവുും ചങ്ങനാശ്ശേരി അതിരൂപത യുവദീപ്തി ഡയറക്ടറുമായ ഫാ. ജേക്കബ് ചക്കാത്തറയാണ് ഗാനം പാടി അഭിനയിച്ചിരിക്കുന്നത്.

ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ് ജോസഫ് പെരുന്തോട്ടവും ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലും ഗാനത്തിന് ആശംസകള്‍ നേര്‍ന്നിരിക്കുന്നു.യുകെയിലെ കീത്തലിയില്‍ താമസിക്കുന്ന ഷിബു ഗ്രേറ്റ് ബ്രിട്ടന്‍സീറോ മലബാര്‍ രൂപതയിലെ സജീവാംഗമാണ്. ഭാര്യ: റീന മക്കള്‍ :അലന്‍, റോസ ജീവിച്ചിരിക്കുന്നവരും മരിച്ചുപോയവരുമായ എല്ലാ വൈദികര്‍ക്കും വേണ്ടിയാണ് ഈ ഗാനം സമര്‍പ്പിച്ചിരി്ക്കുന്നത് എന്ന് ഷിബു പറയുന്നു.

ഷിബുവില്‍ നിന്ന് ഇനിയും മനോഹരമായ ഗാനങ്ങള്‍ സഭയ്ക്കും സമൂഹത്തിനും ലഭിക്കട്ടെയെന്ന് നമുക്ക് ആശംസിക്കാം. ഷിബുവിന്റെ ഗാനരചനാജീവിതത്തിന് മരിയന്‍ പത്രത്തിന്റെ എല്ലാവിധ ഭാവുകങ്ങളും…https://www.youtube.com/watch?v=yPlIi8r5ca0&feature=youtu.be



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.