ഇവന്‍ മാത്തിയൂസ്, കാര്‍ലോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കാന്‍ കാരണമായത് മാത്തിയൂസിന് കിട്ടിയ രോഗസൗഖ്യം

അസ്സീസി: കാര്‍ലോ അക്യൂട്ടിസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നതിന് കാരണമായത് ബ്രസീലിലെ മാത്തിയൂസ് എന്ന ബാലന് ലഭിച്ച അത്ഭുതകരമായ രോഗസൗഖ്യം. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുമായിട്ടാണ് ഈ കുട്ടി ജനിച്ചുവീണത്. പാന്‍ക്രിയാസിനുണ്ടായ തകരാറായിരുന്നു അതില്‍ മുഖ്യം. 2009 ലാണ് മാത്തിയൂസ് ജനി്ച്ചത്.

ഭക്ഷണം കഴിക്കാന്‍കുട്ടിക്ക് സാധിച്ചിരുന്നില്ല. വയറ് വേദനയും തുടര്‍ന്നുളള ഛര്‍ദ്ദിയും നിയന്ത്രണവിധേയമായിരുന്നില്ല. നാലു വയസ് പ്രായമുള്ളപ്പോള്‍ വെറും 20 പൗണ്ടായിരുന്നു അവന്റെ തൂക്കം. പ്രോട്ടീന്‍ ഷേയ്ക്കും വിറ്റമിനും കഴിച്ചുമാത്രമായിരുന്നു ദിവസങ്ങള്‍ മുന്നോട്ടുപോയിരുന്നത്. അധികകാലം ഇങ്ങനെ ജീവിച്ചിരിക്കില്ലെന്നായിരുന്നു ഡോക്ടര്‍മാരുടെ വിധിയെഴുത്തലും.

ഈ സമയത്താണ് അമ്മ ലൂസിയാന വിയാന്ന പ്രാര്‍ത്ഥനയില്‍ കൂടുതലായി ശരണം പ്രാപിച്ചത്. ഈ സമയം ഇവരുടെ കുടുംബസുഹൃത്തായ ഫാ. മാഴ്‌സെല്ലോ ടെനോറിയോ ഓണ്‍ലൈന്‍ വഴി കാര്‍ലോയെക്കുറിച്ച് അറിയുകയും വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നതിനുള്ള പ്രാര്‍ത്ഥനകള്‍ ചൊല്ലിത്തുടങ്ങുകയും ചെയ്തു. 2013ല്‍ ഇദ്ദേഹത്തിന് കാര്‍ലോയുടെ തിരുശേഷിപ്പ്, അമ്മയില്‍ നിന്ന് നേരിട്ട് ലഭിക്കുകയും ചെയ്തു.

തുടര്‍ന്ന് മാത്തിയൂസിന്റെ അമ്മ തന്റെ മകന് വേണ്ടി കാര്‍ലോയുടെ മാധ്യസ്ഥം യാചിച്ച് പ്രാര്‍ത്ഥിക്കാനാരംഭിച്ചു. കാര്‍ലോ മരിച്ച് അപ്പോഴേയ്ക്കും ഏഴു വര്‍ഷം കഴിഞ്ഞിരുന്നു, മാത്തിയൂസിന്റെ നിര്‍ത്തലില്ലാത്ത ഛര്‍ദ്ദി അവസാനിച്ചുകിട്ടണമേയെന്നായിരുന്നു പ്രാര്‍ത്ഥന. പക്ഷേ കാര്‍ലോയോടുള്ള മാധ്യസ്ഥ പ്രാര്‍ത്ഥന വഴി മാത്തിയൂസിന് അത്ഭുതകരമായ രോഗസൗഖ്യം നല്കാനായിരുന്നു ദൈവതീരുമാനം.

കാര്‍ലോയുടെ നൊവേനപ്രാര്‍ത്ഥനയിലും കുര്‍ബാനയിലും പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങിയ ഒരു ദിനം മാത്തിയൂസ് അമ്മയോട് പറഞ്ഞു എനിക്ക് നല്ല സുഖം തോന്നുന്നു, എന്റെ അസുഖമെല്ലാം ഭേദമായെന്ന്. അന്ന് മുതല്‍ തനിക്ക് പ്രിയപ്പെട്ട ഭക്ഷണമെല്ലാം മാത്തിയൂസ് കഴിച്ചുതുടങ്ങി.

വൈദ്യശാസ്ത്രത്തിന് അംഗീകരിക്കാനാവാത്ത രോഗസൗഖ്യമാണ് മാത്തിയൂസിന് ഉണ്ടായതെന്ന് പിന്നീട് തെളിയിക്കപ്പെടുകയും അത് വാഴ്ത്തപ്പെട്ടപദ പ്രഖ്യാപനത്തിലേക്ക് വഴിനയിക്കുകയുമായിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.