കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം: ഒളിച്ചുവയ്ക്കപ്പെട്ട നിധി


“സ്വർഗ്ഗരാജ്യം വയലിൽ ഒളിച്ചുവയ്ക്കപ്പെട്ട നിധിയ്ക്ക് തുല്യം. അത് കണ്ടെത്തുന്നവൻ അതു മറച്ചുവയ്ക്കുകയും സന്തോഷത്തോടെ പോയി തനിയ്ക്കുള്ളതെല്ലാം വിറ്റ് ആ വയൽ വാങ്ങുകയും ചെയ്യുന്നു” (മത്തായി13:44). കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥത്തിന്റെ അമൂല്യതയെക്കുറിച്ചും എന്നാൽ അത് ബഹുഭൂരിപക്ഷം വിശ്വാസികളും മനസ്സിലാക്കിയിട്ടില്ല എന്നതിനെക്കുറിച്ചും ചിന്തിച്ചപ്പോൾ മനസ്സിൽ കടന്നുവന്ന വചനമാണിത്.

“ക്രിസ്തീയ പ്രത്യാശ എന്നെന്നും (1 പത്രോസ് 3:15) കത്തോലിക്കാസഭ വിശ്വസിക്കുന്നതെന്തെന്നും അറിയുവാൻ ആഗ്രഹിക്കത്ത ഓരോ വ്യക്തിയ്ക്കുമായി ഈ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം നൽകപ്പെടുന്നു” എന്ന വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ വാക്കുകളിൽ നിന്ന് ഓരോ കത്തോലിക്കാ വിശ്വാസിയെ സംബന്ധിച്ചും ഈ ഗ്രന്ഥം എത്രമാത്രം പ്രാധാന്യമർഹിക്കുന്നു എന്നത് വ്യക്തമാണ്.

ബനഡിക്ട് പതിനാറാമൻ മാർപാപ്പ വിശ്വാസ വർഷം പ്രഖ്യാപിച്ചപ്പോൾ മതബോധനഗ്രന്ഥം എല്ലാ കത്തോലിക്കാ കുടുംബങ്ങളിലും ഉണ്ടാകണമെന്നും ഇത് ഉപയോഗിക്കണമെന്നും നിർദ്ദേശിച്ചിരുന്നെങ്കിലും അത് കാര്യമായി പ്രായോഗികതയിൽ എത്തിയിരുന്നില്ല എന്നത് സത്യമാണ്. സഭയിൽ അനേകരും ഈ പുസ്തകം കണ്ടിട്ടില്ല, ഇതേക്കുറിച്ച് അറിവു പോലും ഇല്ല. ഇത് വാങ്ങിയവർ ആകട്ടെ വായിക്കുവാനും ഉപയോഗിക്കുവാനും വേണ്ടത്ര സാധിക്കുന്നില്ല എന്ന അവസ്ഥയിലുമാണ്.

കത്തോലിക്കാ വിശ്വാസം ഇന്ന് സഭയക്കകത്തും പുറത്തും വലിയ വെല്ലുവിളി നേരിട്ടു കൊണ്ടിരിക്കുന്നു. ഉപരിപ്ലവമായും വികലമായും ആണ് പലപ്പോഴും കത്തോലിക്കാ വിശ്വാസം അവതരിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ തിരുസഭയോട് ശരിയായ സ്നേഹവും ബന്ധവും ഉള്ളവർ കുറഞ്ഞു വരുന്നു. സ്വാഭാവികമായും സഭയ്ക്കു വേണ്ടി തീക്ഷ്ണതയോടെ നിലകൊള്ളുന്നവരും കുറഞ്ഞുവരികയാണ്.
ഈ പശ്ചാത്തലത്തിലാണ് മതബോധനഗ്രന്ഥത്തിലെ പ്രബോധനങ്ങൾ സഭാതനയർക്ക് ലളിതമായി ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി ഇത്തരം ഒരു പഠനം തയ്യാറാക്കുന്നത്. ഈ പഠനം തിരുസഭാസ്നേഹത്തിലേയ്ക്കും അതുവഴി ദൈവസ്നേഹത്തിലേക്കും ആത്മാക്കളെ നയിക്കും എന്ന് പ്രത്യാശിക്കുന്നു. പഠനത്തിൽ പങ്കുചേരുന്ന സകലരും ആ അവസ്ഥയിൽ എത്തിച്ചേരട്ടെയെന്ന് തീക്ഷ്ണമായി പ്രാർത്ഥിക്കുന്നു.

മതബോധന ഗ്രന്ഥത്തെക്കുറിച്ചുള്ള ഒരാമുഖപഠനം ചുവടെ നൽകുന്ന ലിങ്കിൽ കൊടുത്തിരിക്കുന്നു. പ്രാർത്ഥനാപൂർവ്വം അത് കാണുക.
കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം (CCC)  ഒരാമുഖം:- https://youtu.be/pRc-imfviLo



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.