ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ മതവ്യത്യാസം എന്ന തടസ്സത്തില്‍ നിന്ന് രൂപതാധ്യക്ഷന്‍ ഒഴിവ് നല്കുന്നത് എങ്ങനെ? ഫാ. നോബിള്‍ തോമസ് പാറയ്ക്കല്‍ നല്കുന്ന വിശദീകരണം

അക്രൈസ്തവനായ വ്യകതിയും കത്തോലിക്കയായ ഒരു യുവതിയും തമ്മിലുള്ള വിവാഹം ഒരു മേല്‍പ്പട്ടക്കാരന്‍ ആശീര്‍വദിച്ചതിന്റെ ഫോട്ടോ കഴിഞ്ഞ ദിവസങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് സോ്ഷ്യല്‍ മീഡിയ ഈ വിഷയത്തെ പല വിധത്തില്‍ വിലയിരുത്തുകയും വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിര്ുന്നു. ഈ അവസരത്തില്‍ ഫാ. നോബിള്‍ തോമസ് പാറയ്ക്കല്‍ പ്രസ്തുത വിഷയത്തെക്കുറിച്ച് എഴുതിയ കുറിപ്പിന്റെ പൂര്‍ണ്ണരൂപം ചുവടെ ചേര്‍ക്കുന്നു:

മതവ്യത്യാസം എന്ന തടസ്സത്തില്‍ നിന്നുള്ള ഒഴിവ് (Dispensation from Disparity of Cult)

സഭാനിയമമനുസരിച്ച് മതവ്യത്യാസം (Disparity of Cult) കൗദാശികമായ വിവാഹത്തിന് തടസ്സമാണ്. സാധുവായ മാമ്മോദീസാ സ്വീകരിച്ച സ്ത്രീയും പുരുഷനും തമ്മില്‍ മാത്രമേ കൗദാശികമായ വിവാഹം സാദ്ധ്യമാവുകയുള്ളൂ എന്നതിനാലാണത്. എന്നാല്‍ രൂപതാമെത്രാന്‍ ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ മതവ്യത്യാസം (Disparity of Cult) എന്ന തടസ്സത്തില്‍ നിന്ന് വ്യക്തികള്‍ക്ക് ഒഴിവ് നല്കാറുണ്ട്. എങ്ങനെയാണ് ഈ പ്രക്രിയയെ മനസ്സിലാക്കേണ്ടത്?1. ഇത്തരം വിവാഹങ്ങള്‍ സാധാരണഗതിയില്‍ സംഭവിക്കാറുള്ളതല്ല. അക്രൈസ്തവരുമായുള്ള വിവാഹം ഗൗരവതരമായ കാരണങ്ങളുടെ പേരില്‍ ഒഴിവാക്കാന്‍ കഴിയാതെ വരുന്ന സന്ദര്‍ഭങ്ങളുണ്ടാവാം.

എന്നാല്‍ കത്തോലിക്കാ വിശ്വാസിയായ പാര്‍ട്ടിക്ക് വിശ്വാസജീവിതം തുടരണമെന്ന് ആഗ്രഹവുമുണ്ട്. സഭാനിയമം ലംഘിച്ച് വിവാഹം കഴിച്ചാല്‍ കൗദാശികജീവിതം തുടരാനാവാത്ത വിധം സ്ഥിരമായ പാപാവസ്ഥയില്‍ ആയിരിക്കുകയും ചെയ്യും. ഈ വിഷമസന്ധിയില്‍ രൂപതാമെത്രാനെ തന്റെ വിഷമസ്ഥിതി ബോദ്ധ്യപ്പെടുത്തുകയാണ് പ്രസ്തുത വ്യക്തി ചെയ്യുന്നത്.2. രൂപതാമെത്രാനെ സംബന്ധിച്ചിടത്തോളം തനിക്ക് ഭരമേത്പിക്കപ്പെട്ടിരിക്കുന്ന അജഗണത്തിന്റെ ആത്മീയമായ സുസ്ഥിതിയും സുരക്ഷിതത്വവും പ്രധാനപ്പെട്ടതാണ്. കൗദാശികജീവിതത്തില്‍ നിന്ന് സ്ഥിരമായി അകലം പാലിക്കേണ്ടി വരുന്ന ഒരു സാഹചര്യത്തിലേക്ക് പ്രസ്തുത വ്യക്തി പതിക്കാതിരിക്കാന്‍ രൂപതാമെത്രാന്‍ വിവാഹതടസ്സമായ മതവ്യത്യാസത്തില്‍ നിന്ന് (Disparity of Cult) പ്രസ്തുത വ്യക്തിക്ക് ഒഴിവ് നല്കുന്നു.

ഇവിടെ കത്തോലിക്കാപാര്‍ട്ടിയുടെ ആത്മരക്ഷ മാത്രമാണ് പരിഗണിക്കപ്പെടുന്നത്.3. ഒഴിവ് നല്കപ്പെടുമ്പോഴും വിശ്വാസം ഉപേക്ഷിക്കില്ലായെന്നും മറ്റൊരു മതാചാരപ്രകാരം വിവാഹം നടത്താതിരിക്കാനും മക്കളെ മാമ്മോദീസാ മുക്കാനും അയാളുടെ കഴിവനുസരിച്ച് പരിശ്രമിക്കുമെന്നുള്ള ഉറപ്പ് നല്കേണ്ടതുണ്ട്.4. ഇപ്രകാരം ഒഴിവ് നല്കപ്പെടുന്നുവെങ്കിലും വിവാഹം കൗദാശികമാവുകയില്ല. കാരണം, ഒരു പാര്‍ട്ടി മാമ്മോദീസാ സ്വീകരിച്ചിട്ടില്ല. കത്തോലിക്കാപാര്‍ട്ടിയുടെ ആവശ്യപ്രകാരം ഒരു പ്രാര്‍ത്ഥനാശുശ്രൂഷ ആഡംബരരഹിതമായി ദേവാലയത്തില്‍ വച്ച് നടത്തിക്കൊടുക്കുകയും ചെയ്യും.5. ഇതരമതസ്ഥരുമായി വിവാഹം കഴിക്കാന്‍ അനുവാദത്തിന് അപേക്ഷിക്കുമ്പോള്‍ സദുദ്ദേശത്തോടെ വാഗ്ദാനം ചെയ്യുന്നതെല്ലാം പാലിക്കാന്‍ കത്തോലിക്കാപാര്‍ട്ടിക്ക് ചിലപ്പോള്‍ സാധിച്ചുകൊള്ളണമെന്നില്ല.

തന്റെ വാഗ്ദാനപാലനത്തിന്റെ കാര്യത്തില്‍ ദൈവത്തോടാണ് പ്രഥമമായും ഈ വ്യക്തി ഉത്തരം പറയേണ്ടത്. മറ്റുള്ളവരുടെ ബാഹ്യമായ വിലയിരുത്തലുകള്‍ക്ക് ഇക്കാര്യത്തില്‍ ഇടമില്ല.6. മതവ്യത്യാസത്തില്‍ നിന്നുള്ള ഒഴിവ് നേടി വിവാഹം നടത്തുന്നവര്‍ക്ക് പ്രസ്തുത കൂദാശയുടെ കൗദാശികവരപ്രസാദമോ കത്തോലിക്കാകുടുംബമെന്ന ആനുകൂല്യമോ ലഭിക്കുകയില്ല.

എങ്കിലും അവിശ്വാസിയായ ഭര്‍ത്താവ് ഭാര്യ മുഖേനയും അവിശ്വാസിയായ ഭാര്യ ഭര്‍ത്താവ് മുഖേനയും വിശുദ്ധീകരിക്കപ്പെടുമെന്ന് (1 കൊറി. 7,14) തിരുസ്സഭ ഉറച്ച് വിശ്വസിക്കുകയും ചെയ്യുന്നു.

കടപ്പാട്: ഫേസ് ബുക്ക്‌



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.