മതബോധനലക്ഷ്യം സ്നേഹം. (CCC 1-25)

കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥത്തിൻ്റെ 1 മുതൽ 25 വരെയുള്ള  ഖണ്ഡികകൾ ആ മുഖമാണ്. മതബോധന ഗ്രന്ഥത്തിൻ്റെ ലക്ഷ്യങ്ങൾ, അതിൻ്റെ ഘടന എന്നിവയെക്കുറിച്ച്  അവിടെ വിശദീകരിക്കുന്നു. പരിശുദ്ധ ത്രിത്വത്തിൽ സ്നേഹം വഴി എത്തിച്ചേരുകയാണ് ക്രിസ്തീയ ജീവിതത്തിൻ്റെ ലക്ഷ്യം.  അതാണ് ഈശോ നൽകിയ സുവിശേഷത്തിൻ്റെ സംഗ്രഹം എന്ന ബോധ്യം ആമുഖ പഠനത്തിൽനിന്ന് ലഭിക്കും.
          CCC ഒന്നാം ഖണ്ഡികയിൽതന്നെ ഏറെ ശ്രദ്ധേയമായ ഒരു പ്രബോധനം കാണാം. തൻറെ കുടുംബമായ സഭയിലേക്ക് പാപം വഴി ചിന്നിച്ചിതറിപ്പോയ മനുഷ്യരെ എല്ലാവരെയും വിളിച്ചുകൂട്ടുവാൻ ദൈവം പദ്ധതിയിട്ടിരിക്കുന്നുവെന്ന് അവിടെ പറയുന്നു. മനുഷ്യവർഗ്ഗത്തെ സംബന്ധിച്ച് തിരുസഭയുടെ ആവശ്യകതയും അനിവാര്യതയും ഇവിടെ കാണാം.
       4 മുതൽ 7 വരെയുള്ള ഖണ്ഡികകളിൽ മതബോധനം എന്തെല്ലാം കാര്യങ്ങളെ ഉൾക്കൊള്ളുന്നു എന്ന് വിശദീകരിക്കുന്നു. “സഭയുടെ ആന്തരിക വളർച്ചയും ദൈവീക പദ്ധതിയോടുള്ള സഹകരണവുമെല്ലാം  അടിസ്ഥാനപരമായി മതബോധനത്തെയാണ് ആശ്രയിച്ചിരിക്കുന്നത് “(ഖണ്ഡിക 7 ) എന്ന് പറഞ്ഞിരിക്കുന്നത് ഏറെ ശ്രദ്ധേയമാണ്. തീക്ഷ്ണതയോടെ മതബോധനം നടത്തിയ സന്ദർഭങ്ങളിലാണ് സഭാനവീകരണം നടന്നിട്ടുള്ളത് എന്ന് പറഞ്ഞിരിക്കുന്നത് (ഖണ്ഡിക 8 ) സഭാനവീകരണം ലക്ഷ്യംവെച്ച് പ്രവർത്തിക്കുന്നവർ സവിശേഷമായി ഓർക്കേണ്ടതുണ്ട്.
             ഖണ്ഡിക 11 ഏറെ ശ്രദ്ധിക്കപ്പെടേണ്ട ഒരു ഖണ്ഡികതന്നെ. “സമസ്ത സഭാ പാരമ്പര്യത്തിൻ്റെയും രണ്ടാംവത്തിക്കാൻ സൂനഹദോസിൻ്റെയും  വെളിച്ചത്തിൽ വിശ്വാസത്തെയും ധാർമിക നിയമത്തെയും സംബന്ധിക്കുന്ന  കത്തോലിക്കാ പ്രബോധനത്തിൻ്റെ  അടിസ്ഥാനപരവും സത്താപരവുമായ ഉള്ളടക്കം അവതരിപ്പിക്കുകയാണ് മതബോധന ഗ്രന്ഥത്തിൻ്റെ  ഉദ്ദേശം” എന്ന് അവിടെ പറയുന്നു.
രണ്ടാം വത്തിക്കാൻ കൗൺസിലിനെ എതിർത്തിട്ട് CCC യെ സ്വീകരിക്കുക സാധ്യമല്ല എന്ന് വ്യക്തം. ( ഇപ്രകാരമൊരു നിലപാട് സഭയിൽ ഒരു ചെറുഗണത്തിനുണ്ട് എന്ന് തോന്നുന്നു.) മതബോധന ഗ്രന്ഥത്തിൻ്റെ മുഖ്യ ഉറവിടങ്ങൾ വിശുദ്ധ ഗ്രന്ഥവും സഭാപിതാക്കന്മാരും ആരാധനാക്രമവും സഭയുടെ പ്രബോധനാധികാരവുമാണെന്ന് ഈ ഖണ്ഡികയിൽതന്നെ പറയുന്നുണ്ട്.
          മതബോധനഗ്രന്ഥം നാല് ഭാഗങ്ങളായി തിരിച്ചിരിക്കുന്നതിനെക്കുറിച്ച്  തുടർന്ന് പ്രതിപാദിക്കുന്നുണ്ട്.
1. എന്ത് വിശ്വസിക്കുന്നു,
2. എന്ത് ആഘോഷിക്കുന്നു,
3. എന്ത് ജീവിക്കുന്നു,
4. എന്ത് പ്രാർത്ഥിക്കുന്നു.
മതബോധന ഗ്രന്ഥം വായിക്കുവാൻ സഹായിക്കുന്ന പ്രായോഗിക നിർദ്ദേശങ്ങൾ 18  മുതലുള്ള ഖണ്ഡികകളിൽ കാണാം. പ്രത്യേകിച്ച് പതിനെട്ടാം ഖണ്ഡിക ഈ കാര്യത്തിൽ ഏറെ സഹായകരമാകും.
         ഓരോരുത്തരുടെയും പക്വതയനുസരിച്ചുവേണം മതബോധനഗ്രന്ഥം അവതരിപ്പിക്കുവാൻ എന്ന് ഇരുപത്തിനാലാം ഖണ്ഡികയിൽ പറഞ്ഞിരിക്കുന്നത് ശുശ്രൂഷാരംഗത്ത് പ്രവർത്തിക്കുന്ന ഏവർക്കും ഒരു മാർഗ്ഗദർശിയാണ്. മതബോധന ഗ്രന്ഥത്തിൻറെ അതിപ്രധാന ലക്ഷ്യം അവതരിപ്പിച്ചുകൊണ്ടാണ് ആമുഖം അവസാനിക്കുന്നത്. “വിശ്വാസസത്യത്തിൻ്റെയും അതിൻ്റെ പ്രബോധനത്തിനും ഏകലക്ഷ്യം അനന്തമായ സ്നേഹമായിരിക്കണം.” (ഖണ്ഡിക. 25)
            ഈ ഖണ്ഡികകൾ കൂടുതൽ വിശദമായും ആഴത്തിലും മനസ്സിലാക്കുവാൻ ചുവടെ നൽകുന്ന ലിങ്ക് കാണുക.
https://youtu.be/14P8uod8IUY



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.