നൂറില്‍ നൂറു മാര്‍ക്ക് നേടിയ കടലോളം കനിവുള്ള ഒരു അമ്മ

ജീവിതത്തിലെ ഏത് കയ്പിനെയും മധുരമാക്കി മാറ്റിയവളാണ് പരിശുദ്ധ കന്യാമറിയം. പ്രകാശമുള്ള ജീവിതമാണ് അമ്മയുടേത്.അമ്മയുടെ ജീവിതത്തിന്റെ നിഴല്‍ ചെറിയ രീതിയിലെങ്കിലും അവളുടെ പേര് വഹിക്കുന്ന എല്ലാ സ്ത്രീകളുടെ മേലും ചാഞ്ഞുകിടക്കുന്നുണ്ടെന്നും തോന്നുന്നു. കുമ്പളങ്ങി സ്വദേശിനി മേരി സെബാസ്റ്റ്യനിലെത്തുമ്പോള്‍ അത്തരം നിഗമനങ്ങള്‍ ഏറെ ശരിയാണെന്നും നാം തിരിച്ചറിയുന്നു.

കഴിഞ്ഞ ദിവസം കേരളം അന്വേഷിച്ചുകൊണ്ടിരുന്നത് ഒരു നൂറുരൂപയുടെ ഉടമയെയായിരുന്നു. ചെല്ലാനത്ത് വിതരണം ചെയ്ത പൊതിച്ചോറില്‍ ഒരു നൂറു രൂപ കൂടി അടക്കം ചെയ്തിരുന്നു. അതാരാണ് വച്ചതെന്നായിരുന്നു അന്വേഷണം.ആ അന്വേഷണങ്ങള്‍ക്കാണ് ഇപ്പോള്‍ ഫലം കണ്ടെത്തിയിരിക്കുന്നത്. കടല്‍ കയറി ദുരിതത്തിലായവര്‍ക്ക് വിതരണം ചെയ്യാന്‍ നാട്ടുകാരില്‍ നിന്ന് സംഭരിച്ച ഭക്ഷണപ്പൊതികളിലൊന്ന് തുറന്ന പോലീസുകാരാണ് നൂറു രൂപ കണ്ടെത്തിയതും വിവരം സി ഐ പി എശ് ഷിജുവിനെ അറിയിച്ചതും.

ആ അന്വേഷണമാണ് മേരിയെ കണ്ടെത്തിയത്. തണുപ്പുകാലമായാല്‍ ഇടയ്ക്കിടെ ചായ കുടിക്കുന്ന ശീലമുണ്ട് മേരിക്ക്. തന്നെപോലെ ആര്‍ക്കെങ്കിലും ചായ കുടിക്കാനെങ്കിലും പ്രയോജനപ്പെടട്ടെ എന്ന് കരുതിയാണ് കപ്പലണ്ടി പായ്ക്ക് ചെയ്ത കടലാസില്‍ ചോറിനൊപ്പം നൂറുരൂപ കൂടി വച്ചത്. അതും ഉള്ളതില്‍ നിന്നൊരു ചെറിയ പങ്ക്. അത്രയേ മേരി വിചാരിച്ചുളളൂ.അതിനപ്പുറം ഒരു നൂറുരൂപ കൊണ്ട് താന്‍ പ്രശസ്തയായിത്തീരുമെന്ന് മേരി കരുതിയിരുന്നുമില്ല. ജോലി ചെയ്താണ് മേരി ജീവിക്കുന്നത്.

അടുത്തയിടെ 15 ദിവസം പണികിട്ടി. അതില്‍നിന്നുള്ള നൂറുരൂപയാണ് പൊതിച്ചോറിനൊപ്പം വച്ചത്. പററുന്ന പോലെ ഞാന്‍സ ഹായിച്ചെന്നേയുള്ളൂ. അഭിനന്ദനങ്ങളും പ്രശംസകളും എത്തുമ്പോഴും പോലീസില്‍ നിന്നുള്ള ഉപഹാരം ഏറ്റുവാങ്ങുമ്പോഴും മേരിക്ക് പറയാനുള്ളത് അതുമാത്രമേയുള്ളൂ.

അതെ പറ്റുന്നതുപോലെ സഹായിക്കുക.
മേരിയുടെ ജീവിതം നമ്മോട് പറയുന്ന സന്ദേശവും അതുതന്നെയാണ്. നിങ്ങളില്‍ രണ്ടു ഉടുപ്പുള്ളവന്‍ ഒന്ന് ഇല്ലാത്തവന് കൊടുക്കട്ടെയെന്ന ക്രിസ്തുവിന്റെ പ്രബോധനം ഇങ്ങനെയൊക്കെയാണല്ലോ നടപ്പിലാക്കേണ്ടതും?ഉള്ളതില്‍ നിന്ന് ഉള്ളതുപോലെ പങ്കുവയ്ക്കാന്‍ മേരിയുടെ ഈ മാതൃക നമുക്കൊരു പ്രചോദനവും വെല്ലുവിളിയുമായി മാറട്ടെ.

മേരി സെബാസ്റ്റ്യന് മരിയന്‍ പത്രത്തിന്റെ അഭിനന്ദനങ്ങള്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.