കര്‍ത്താവ് പറയുന്നത് പ്രവര്‍ത്തിക്കാതെ വരുമ്പോള്‍ നാം ദുഷ്ടന്മാരായിത്തീരുന്നു: മാര്‍ ജോസഫ് സ്രാമ്പിക്കല്‍

പ്രസ്റ്റണ്‍: കര്‍ത്താവ് പറയുന്നത് പ്രവര്‍ത്തിക്കാതെ വരുമ്പോള്‍ നാം ദുഷ്ടന്മാരായിത്തീരുന്നുവെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍.

രണ്ടുവിഭാഗം ആളുകളെയാണ് വിശുദ്ധ ഗ്രന്ഥത്തില്‍ കാണുന്നത്. നീതിമാന്മാരും ദുഷ്ടന്മാരും. വചനം ഇല്ലാത്ത, ഈശോ ഇല്ലാത്ത, റൂഹ ഇല്ലാത്ത വ്യക്തിയാണ് ദുഷ്ടന്‍. അവരില്‍ യാഥാര്‍ത്ഥ്യമില്ല, ശൂന്യതയാണ്. കര്‍ത്താവ് പറയുന്നത് എന്തുകൊണ്ടാണ് നമുക്ക് അനുസരിക്കാന്‍ കഴിയാതെ വരുന്നത്. ? വചനം നമ്മുടെയുള്ളില്‍ ഉണ്ടെങ്കില്‍ മാത്രമേ വചനം അനുസരിക്കാന്‍ കഴിയൂ. വചനം അനുസരിച്ചെങ്കില്‍ കര്‍ത്താവിന്റെ ഇഷ്ടവും ഇല്ലെങ്കില്‍ കോപവും. ഇതാണ് പഴയനിയമത്തില്‍ കാണുന്നത്.

ആത്മാവ് നിറഞ്ഞ പുതിയ ഹൃദയമാണ് നമുക്കുണ്ടാവേണ്ടത്. ഹൃദയത്തിന്റെ തികവില്‍ നിന്നാണ് അധരങ്ങള്‍ സംസാരിക്കുന്നത്. നമ്മുടെ ഏത് പാപാവസ്ഥയിലും ഈശോയേ, എന്ന് വിളിക്കുമ്പോള്‍, രക്ഷകാ എന്ന് വിളിക്കുമ്പോള്‍ ഞാന്‍ പാപിയാണെന്ന് തിരിച്ചറിഞ്ഞ് കരുണ യാചിക്കുമ്പോള്‍ അവിടുന്ന് നമ്മോട് ക്ഷമിക്കുന്നു. സുവിശേഷം എന്നത് ഈശോയുടെ ജീവിതമാണ്. ഈശോയുടെ വാക്കുകളും പ്രവൃത്തികളും ചേരുന്നതാണ് സുവിശേഷം.

സുവിശേഷം ഞാന്‍ പ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്ക് ദുരിതം എന്നാണ് പൗലോസ് അപ്പസ്‌തോലന്‍ പറയുന്നത്. ഇന്ന് ഏതെങ്കിലും ഒരു വ്യക്തി ദുരിതത്തിലാണെങ്കില്‍ അതിന് കാരണം സുവിശേഷം പ്രസംഗിക്കാത്തതാണ്. സുവിശേഷം ജീവിക്കാത്തതാണ്. പ്രവൃത്തിയിലൂടെ, പെരുമാറ്റത്തിലൂടെ, സംസാരത്തിലൂടെ, ജീവിതത്തിലൂടെ സുവിശേഷം പ്രസംഗിക്കുക. സുവിശേഷത്തിന്റെ ഭാഗമാകാന്‍ വേണ്ടിയാണ് താന്‍ എല്ലാവരുടെയും ദാസനായിരിക്കുന്നത് എന്ന് പൗലോസ് അപ്പസ്‌തോലന്‍ പറയുന്നു.

എല്ലാവര്‍ക്കും ദൈവകരുണ ഞാന്‍ മനസ്സിലാക്കിക്കൊടുക്കണമെങ്കില്‍ ഞാന്‍ ദാസനായി മാറണം. വചനത്തിന്റെ ഭാഗമായി മാറണം. സമ്മാനം ലഭിക്കാന്‍ വേണ്ടിയാണ് നാം ഓടേണ്ടതെന്നും പൗലോസ് അപ്പസ്‌തോലന്‍ പറയുന്നു. ഈശോയാകുന്ന സമ്മാനമാണ് നമുക്ക് വേണ്ടത്. പ്രകാശിതമായ മനസും മുഖവും ഈശോയെ സ്വീകരിച്ചുകഴിയുമ്പോള്‍ നമുക്ക് ലഭിക്കുന്നു. മറ്റുള്ളവരോട് സുവിശേഷം പ്രസംഗിച്ച ഞാന്‍ തിരസ്‌ക്കൃതനാകാതിരിക്കേണ്ടതിന് ഞാന്‍ എന്റെ ശരീരത്തെ നിയന്ത്രിച്ചുനിര്‍ത്തുന്നുവെന്നും അപ്പസ്‌തോലന്‍ പറയുന്നു.

ഏതെങ്കിലും ഒരു നിമിഷത്തില്‍ സുവിശേഷത്തില്‍ നിന്ന് വിച്ഛേദിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് മൂന്നാം സ്വര്‍ഗ്ഗത്തോളമെത്തിയ പൗലോസ് അപ്പസ്‌തോലന്‍ ഭയപ്പെട്ടിരുന്നു. അതുകൊണ്ടാണ് അദ്ദേഹം ശരീരത്തെ നിയന്ത്രിച്ചുനിര്‍ത്തുന്നത്. സ്വര്‍ഗ്ഗത്തിലുളള കാര്യങ്ങള്‍ മുന്‍കൂറായി നമുക്ക് മനസ്സിലാക്കാന്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിലൂടെ സാധിക്കുന്നു. സ്വര്‍ഗ്ഗത്തിന്റെ സമൃദ്ധി ആസ്വദിക്കാന്‍ അതിലൂടെ കഴിയുന്നു.

നാം ഈശോയ്‌ക്കെതിരെ സംസാരിക്കുമ്പോഴും ഈശോ എപ്പോഴും നമുക്കുവേണ്ടി നന്മ ചെയ്തുകൊണ്ടിരിക്കും. ഈശോ നമ്മെക്കുറിച്ച് നല്ലതാണ് പിതാവിനോട് പറയുന്നതും. പിതാവേ ഇവര്‍ ചെയ്യുന്നത് എന്താണെന്ന് ഇവര്‍ അറിയുന്നില്ല ഇവരോട് ക്ഷമിക്കണമേ എന്നാണ് ഈശോ നമുക്കുവേണ്ടി പിതാവിനോട് മാധ്യസ്ഥം യാചിക്കുന്നത്. അതുപോലെ ഈശോ നമ്മിലുണ്ടെങ്കില്‍ മാത്രമേ നമ്മെ ശപിക്കുന്നവരെ അനുഗ്രഹിക്കാനും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും അവരെ സ്‌നേഹിക്കാനും അവര്‍ക്കായി നന്മ ചെയ്യാനും സാധിക്കുകയുള്ളൂ.

നമ്മെ ചെറുതായി കാണുന്നവരെയും നമ്മെ ദ്വേഷിക്കുന്നവരെയും കുറിച്ച് ദൈവസന്നിധിയില്‍ നല്ലതുപറയാന്‍ സാധിക്കുന്നതാണ് പ്രാര്‍ത്ഥന. ഒരു കവിളത്ത് അടിക്കുന്നവന് മറുകരണം കൂടി കാണിച്ചുകൊടുക്കാനും ഒരു മൈല്‍ ദൂരം വിളിക്കുന്നവന്റെ കൂടെ രണ്ടു മൈല്‍ നടക്കണമെന്നും ക്രിസ്തു ഓര്‍മ്മിപ്പിക്കുന്നു. ഇതൊന്നും നാം ജീവിക്കുന്നില്ലെങ്കില്‍ നാം സുവിശേഷത്തില്‍ നിന്ന് അകന്നാണ് ജീവിക്കുന്നത്. നാം ഒരുപക്ഷേ ഒരുപാട് വചനം പ്രസംഗിക്കുന്നുണ്ടാവാം. എന്നാല്‍ വചനം അനുസരിച്ച് ജീവിക്കുന്നുണ്ടോ.?

ഇല്ലെങ്കില്‍ നാം സ്വര്‍ഗ്ഗരാജ്യത്ത് നിന്ന് അകലെയായിരിക്കും. നമുക്ക് നമ്മുടെ ജീവിതത്തെ വിലയിരുത്താം. സുവിശേഷമായി മാറാന്‍ എനിക്കാഗ്രഹമുണ്ടോ. ?അങ്ങനെ മാറിയെങ്കില്‍ മാത്രമേ നിത്യസമാധാനത്തില്‍ സന്തോഷത്തില്‍ ജീവിക്കാന്‍ നമുക്ക് സാധിക്കുകയുള്ളൂ. നിത്യജീവിതത്തിലുള്ള വിശ്വാസം പലരിലും ഇല്ലായെന്നാണ് ഇപ്പോള്‍ നാം കണ്ടുവരുന്ന ഒരു യാഥാര്‍ത്ഥ്യം. മനുഷ്യപുത്രന്‍ ഭൂമിയില്‍ വരുമ്പോള്‍ വിശ്വാസം കണ്ടെത്തുമോ. എന്താണ് വിശ്വാസം.?

മനുഷ്യപുത്രന്‍ രണ്ടാമതു വരും എന്നതാണ് വിശ്വാസം. അന്ന് നമ്മള്‍ അവനെപോലെയാകും. പരിശുദ്ധാത്മാവിനാല്‍, പരിശുദ്ധ അമ്മയാല്‍, യൗസേപ്പിതാവിനാല്‍ അഭ്യസിക്കപ്പെടാന്‍ നാം ആഗ്രഹിക്കുന്നുണ്ടോ എന്തിന് വേണ്ടിയാണ് നാം അഭ്യസി്‌ക്കേണ്ടത്. ഈശോയെ പോലെയാകാനാണ് അത്. മറിയത്തെയും യൗസേപ്പിതാവിനെയും അപ്പസ്‌തോലന്മാരെയും പോലെയാകാനാണ് നാം അഭ്യസിക്കേണ്ടത്.

കര്‍ത്താവ് പറഞ്ഞ കാര്യങ്ങള്‍ നിറവേറപ്പെടുന്നവയാണ്.. ഈശോയ്ക്ക് ഒരിക്കലും പറഞ്ഞവയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ കഴിയുകയില്ല. കരുണയുടെ വലിയ ആഘോഷമാണ് വിശുദ്ധ കുര്‍ബാന. കാരുണ്യത്തിന്റെ ആഘോഷമാണ്. അവിടെ സകലസൃഷ്ടികളെയും സമര്‍പ്പിച്ചുകൊണ്ട് നമുക്ക് പ്രാര്‍ത്ഥിക്കാം. മാര്‍ സ്രാമ്പിക്കല്‍ പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.