രാജസ്ഥാനിലും കര്‍ണ്ണാടകയിലും ഹൈന്ദവ മതമൗലികവാദികള്‍ പ്രാര്‍ത്ഥനായോഗം തടസപ്പെടുത്തി

ബാംഗ്ലൂര്‍/ജയ്പ്പൂര്: മതപരിവര്‍ത്തനം ആരോപിച്ച് കര്‍ണ്ണാടകയിലെയും രാജസ്ഥാനിലെയും ക്രൈസ്തവപ്രാര്‍ത്ഥനാസമ്മേളനങ്ങള്‍ക്ക് നേരെ ഹൈന്ദവമതമൗലികവാദികളുടെ ആക്രമണം. ആദ്യസംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് നവംബര്‍ ഏഴിന് കര്‍ണ്ണാടകയില്‍ നിന്നാണ്. ശ്രീരാം സേനയിലെ അംഗങ്ങളാണ് ബെല്‍ഗാവി മാറാത്ത കോളനിയില്‍ നടന്ന ക്രൈസ്തവപ്രാര്‍ത്ഥനാസമ്മേളനം തടസ്സപ്പെടുത്തിയതും വിശ്വാസികളെ മുറിയില്‍ പൂട്ടിയിട്ടതും. പിന്നീട് പോലീസ് എത്തിയാണ് ഇവരെ മോചിപ്പിച്ചത്.

പാസ്റ്റര്‍ ലെമ ചെറിയാന്‍ ദരിദ്രരെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം നടത്തുന്നുവെന്നാണ് ശ്രീറാം സേനയിലെ അംഗങ്ങളുടെ ആരോപണം. എന്നാല്‍ പാസ്റ്റര്‍ ആരോപണം നിഷേധിച്ചു. പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ ആരെയും നിര്‍ബന്ധിക്കാറില്ലെന്നും ഏതുവിശ്വാസവും തിരഞ്ഞെടുക്കാന്‍ അനുവാദമുണ്ടെന്നും മറ്റൊരാള്‍ക്ക് അതില്‍ ഇടപെടാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാജസ്ഥാനിലെ ജയ്പ്പൂരില്‍ നിന്നാണ് രണ്ടാമത്തെ സംഭവം.. മതപരിവര്‍ത്തനം നടക്കുന്നുവെന്ന് ആരോപിച്ചുകൊണ്ടുള്ള പരാതി ലഭിച്ചതിനെതുടര്‍ന്ന് പാഞ്ഞെത്തിയ പോലീസ് സംഘം കണ്ടെത്തിയത് പത്തുപേരടങ്ങുന്ന പ്രാര്‍ത്ഥനാഗ്രൂപ്പിനെയായിരുന്നു. എന്നാല്‍ മതപരിവര്‍ത്തനം നടന്നതായിട്ടോ നടക്കുന്നതായിട്ടോ തെളിവുകള്‍ ഒന്നും ലഭിച്ചില്ലെന്ന് പോലീസ് ഓഫീസര്‍ അനില്‍കുമാര്‍ ടെയ്‌ലര്‍ അറിയിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.