ക്രൈസ്തവരുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ പിന്‍വലിക്കാന്‍ പുതിയ നിയമ പരിഷ്‌ക്കരണവുമായി ഗുജറാത്ത് സര്‍ക്കാര്‍

അഹമ്മദാബാദ്: ഗുജറാത്തിലെ പുതിയനിയമപരിഷ്‌ക്കരണങ്ങള്‍ ക്രൈസ്തവരെയും ഇതര മതന്യൂനപക്ഷങ്ങളെയും നിരാശരാക്കുന്നു. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകാനുള്ള അവകാശങ്ങള്‍ വെട്ടികുറയ്ക്കാനുളള പുതിയ നിയമപരിഷ്‌ക്കാരം നടത്താനുള്ള ഗവണ്‍മെന്റ് നീക്കമാണ് ഇതിന് കാരണം. ജൂണ്‍ ഒന്നിന് നിലവില്‍ വന്ന ഗുജറാത്ത് സെക്കന്ററി ആന്റ് ഹയര്‍സെക്കന്ററി എഡ്യുക്കേഷന്‍ ആക്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മതന്യൂനപക്ഷങ്ങള്‍ ജൂണ്‍ ഏഴിന് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

ഭരണഘടന മതന്യൂനപക്ഷങ്ങള്‍ക്ക് അനുശാസിക്കുന്ന അവകാശങ്ങള്‍ റദ്ദ് ചെയ്യാനുള്ള നീക്കമാണ് പുതിയ നിയമപരിഷ്‌ക്കരണത്തിലൂടെ നടത്തുന്നത്. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ആരംഭി്ക്കാനോ നടത്തിക്കൊണ്ടുപോകാനോ ഇതുമൂലം മതന്യൂനപക്ഷങ്ങള്‍ക്ക് കഴിയാതെ വരും. ഫാ.ടെലെസ് ഫെര്‍ണാണ്ടസ് പറഞ്ഞു. ഗുജറാത്ത് എജ്യുക്കേഷന്‍ ബോര്‍ഡ് ഓഫ് കാത്തലിക് ഇന്‍സ്റ്റിറ്റിയൂഷന്റെ സെക്രട്ടറിയാണ് ഇദ്ദേഹം.

നിലവില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അധ്യാപകരെയും പ്രിന്‍സിപ്പലിനെയും അനധ്യാപകരെയും നിയമിക്കാനുള്ള അവകാശമുണ്ട്. അതുപോലെ വിദ്യാര്‍ത്ഥികളുടെ അച്ചടക്കവും സ്ഥാപനത്തിന്റെ അന്തസും നിലനിര്‍ത്തിക്കൊണ്ടുപോകാനുള്ള നിയമങ്ങള്‍ നടപ്പിലാക്കാനുളള അവകാശവുമുണ്ട്. എന്നാല്‍ പുതിയ നിയമം വരുന്നതോടെ ഈ അവകാശങ്ങള്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നഷ്ടപ്പെടും. ഗവണ്‍മെന്റ് പറയുന്നതുപോലെയും ഗവണ്‍മെന്റ് നിര്‍ദ്ദേശിക്കുന്നവരെയും മാത്രമേ പുതിയ നിയമം മൂലം സ്ഥാപനങ്ങളില്‍ നിയമിക്കാന്‍ കഴിയൂ.

181 സ്‌കൂളുകള്‍ ഗുജറാത്തു എജ്യുക്കേഷന്‍ ബോര്‍ഡ് ഓഫ് കാത്തലിക് ഇന്‍സ്റ്റിറ്റിയൂഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ 63 സ്ഥാപനങ്ങളിലെ ജോലിക്കാര്‍ക്ക് ഗവണ്‍മെന്റാണ് ശമ്പളം നല്കുന്നത്.

എല്ലാവിദ്യാഭ്യാസ സ്ഥാപനങ്ങളും ഗവണ്‍മെന്റ് നിയന്ത്രണത്തിലാകുമോയെന്നതാണ് ക്രൈസ്തവ നേതാക്കളുടെ ഭയം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.