സ്ത്രീകളുടെ ദേഹത്ത് തിളച്ച സാമ്പാര്‍, അസഭ്യവര്‍ഷവും ജാതി അധിക്ഷേപവും ലൈംഗികപീഡനശ്രമവും, കര്‍ണ്ണാടകയില്‍ ക്രൈസ്തവ പീഡനം തുടരുന്നു

ബംഗളൂരു: മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ മറവില്‍ ക്രൈസ്തവര്‍ക്ക് എതിരെ നടക്കുന്ന അക്രമങ്ങള്‍ ബംഗളൂരുവില്‍ തുടര്‍ക്കഥയാകുന്നു. ക്രിസ്തുമസിനോട് അനുബന്ധിച്ച് മൂര്‍ച്ഛിച്ച ക്രൈസ്തവിരുദ്ധ ആക്രമണങ്ങള്‍ തുടരുന്നതായിട്ടാണ് പുതിയ വാര്‍ത്തകള്‍ പറയുന്നത്. ബെളഗാവി , തുക്കനാട്ട് ഗ്രാമത്തിലെ ക്രിസ്തുമതം സ്വീകരിച്ച ദളിത് കുടുംബമാണ് ഇത്തവണ അക്രമങ്ങള്‍ക്ക് വിധേയരായത്.

മൂന്നുസ്ത്രീകളുള്‍പ്പടെ അഞ്ചുപേര്‍ക്കാണ് സംഭവത്തില്‍ പരിക്കേറ്റത്. ഒരു സ്ത്രീക്ക് പൊള്ളലേറ്റിട്ടുമുണ്ട്. പാസ്റ്റര്‍ അക്ഷയ്കുമാറിന്റെ വീട്ടില്‍ വച്ചായിരുന്നു അക്രമം. അയല്‍വാസികളെ നിര്‍ബന്ധിച്ച് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു അക്രമം. അക്ഷയ് കുമാറിന്റെ ദേഹത്ത് അക്രമികള്‍ ചൂടുസാമ്പാറൊഴിക്കുകയും പാത്രം കൊണ്ട് മര്‍ദ്ദിക്കുകയും ചെയ്തു. ചെരിപ്പ് നിര്‍മ്മാണതൊഴിലാളിയായ അക്ഷയ്കുമാറിനെ ജാതിപേര് വിളിച്ച് അധിക്ഷേപിക്കുകയും സ്ത്രീകളെ വേശ്യയെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ഒരു സ്ത്രീയുടെ സാരിയും അടിവസ്ത്രവും വരെ കീറുകയും ചെയ്തു. മോഷണവും നടത്തിയിട്ടുണ്ട്.

അക്രമത്തില്‍ പരിക്കേറ്റവര്‍ ചികിത്സയിലാണ്. ഏഴു പേര്‍ക്കെതിരെ പോലീസ് കേസ് രജസിട്രര്‍ ചെയ്തിട്ടുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.