‘എന്റെ പ്രതികരണം സഭയുടെ മഹത്വം വര്‍ദ്ധിപ്പിക്കുന്നുണ്ടോ?’

പ്രതികരിക്കുക എന്നത് മനുഷ്യനില്‍ സഹജമായ വികാരമാണ്. പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കുകയും വേണം. ഇല്ലെങ്കില്‍ നാം മനുഷ്യരല്ലാതെയാകും. ക്രിസ്തു തന്നെ അക്കാര്യത്തില്‍ നമുക്ക് മാതൃക.

എന്നെ അടിച്ചതെന്തിന് എന്ന് ചോദിക്കാന്‍ ക്രിസ്തു തയ്യാറായി എന്നതാണ് പ്രസക്തം. അല്ലാതെ അടി കൊണ്ട് കവിളും തൂത്ത് നില്ക്കുകയല്ല ക്രിസ്തു ചെയ്തത്. ഇതുപോലെ ചോദ്യം ചെയ്യാനും വിസമ്മതം പറയേണ്ടിടത്ത് വിസമ്മതം രേഖപ്പെടുത്താനും പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കാനും നാം തയ്യാറാകണം.

എന്നാല്‍ പ്രതികരണം അപഹാസ്യവും അമാന്യവുമായ രീതിയിലാകരുത്. പക്ഷേ ഇന്ന് കണ്ടുവരുന്ന പൊതുപ്രവണത ഒരു തെറ്റിനെ ചൂണ്ടിക്കാണിക്കുമ്പോഴോ ഒരു വിഷയത്തോട് വിയോജിപ്പ് രേഖപ്പെടുത്തുമ്പോഴോ തെറ്റ് ചെയ്തുവെന്ന് കുറ്റപ്പെടുത്തുന്ന വ്യക്തി ഉപയോഗിക്കുന്ന ഭാഷയെക്കാള്‍ തരംതാണതും നിന്ദ്യവുമായ ഭാഷ ഉപയോഗിച്ചാണ് പ്രത്യാക്രമണം നടത്തുന്നത് എന്നാണ്. സോഷ്യല്‍ മീഡിയായുടെ അതിപ്രസരത്തോടെയാണ് വ്യാപകമായ തോതിലുള്ള ഇത്തരം പ്രത്യാക്രമണങ്ങള്‍ക്ക് വീറും വീര്യവും വര്‍ദ്ധിച്ചത്. സോഷ്യല്‍ മീഡിയായിലെ പല പ്രതികരണങ്ങള്‍ കാണുമ്പോഴും നാം മനസ്സിലാക്കുന്നത് അതാണ്.

വ്യക്തിഹത്യ നടത്തുന്ന രീതിയിലും തീരെ വിലകുറഞ്ഞ രീതിയിലുമാണ് അവയെല്ലാം. സഭയെ സംബന്ധിക്കുന്ന വിഷയങ്ങളോടുള്ള പ്രതികരണത്തിലും ഈ രീതിതന്നെയാണ് പ്രചരിക്കുന്നത് എന്നതാണ് നമ്മെ സംബന്ധിച്ച് വിഷമിപ്പിക്കുന്നതും ആകുലപ്പെടുത്തുന്നതും. മുഖം മറച്ചുവച്ചുകൊണ്ടുളള പ്രത്യാക്രമണങ്ങളാണ് കൂടുതലായും നടക്കുന്നത്. ഫേയ്ക്ക് ഐഡി ഉപയോഗിച്ചുകൊണ്ടുള്ള പ്രതികരണങ്ങളില്‍ ഒരു ക്രിസ്ത്യാനി ഉപയോഗിക്കരുതാത്ത ഭാഷയും ശൈലിയുമാണ് പ്രകടമായി കണ്ടുവരുന്നത്.

ഇത് ക്രൈസ്തവരെന്ന നിലയില്‍ നമുക്ക് ഒട്ടും ആശാസ്യമായ രീതിയല്ല. എല്ലാവര്‍ക്കും അഭിപ്രായസ്വാതന്ത്ര്യമുണ്ട്, പ്രതികരിക്കാന്‍ അവകാശവുമുണ്ട്. അത്തരമൊരു ബോധ്യമാണ് ആദ്യം ഉണ്ടാവേണ്ടത്. ഞാന്‍ പറയുന്നതും ചെയ്യുന്നതും എഴുതുന്നതും മാത്രമാണ് ശരിയെന്ന് ആരും വിചാരിക്കാന്‍ പാടില്ല. പ്രതിപക്ഷ ബഹുമാനം ഉണ്ടാവണം. മറ്റുള്ളവരെ കേള്‍ക്കാനും തുറവി കാണിക്കണം. വിയോജിപ്പുകളോട് മാന്യതയോടെ അകന്നുനില്ക്കണം. തിരുത്തേണ്ടത് തിരുത്തണം. തുറന്ന കുറ്റപ്പെടുത്തലാണ് അഭികാമ്യമെന്ന് വിശുദ്ധഗ്രന്ഥവും പറയുന്നുണ്ട്.

പക്ഷേ തുറന്നുകുറ്റപ്പെടുത്തുമ്പോള്‍ ഭാഷ ക്രിസ്തീയമായിരിക്കാന്‍ ശ്രമിക്കണം. ക്രിസ്തുവിന് വേണ്ടിയാണോ സംസാരിക്കുന്നതെന്ന് ഓരോരുത്തരും ആത്മശോധന നടത്തട്ടെ. എന്റെ പ്രതികരണത്തിലൂടെ ക്രിസ്തു സന്തോഷിക്കുകയാണോ സഭയ്ക്ക് അഭിമാനമുണ്ടാവുകയാണോ ചെയ്യുന്നതെന്നും ഓരോരുത്തരും ആത്മശോധന നടത്തട്ടെ. ഇല്ല എന്നാണ് സത്യസന്ധമായ ഉത്തരം ലഭിക്കുന്നതെങ്കില്‍ ഇനിയെങ്കിലും അത്തരം പ്രതികരണങ്ങളില്‍ നിന്ന് നാം മാറിനില്ക്കുക.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.