ഉത്ഥിതനോടൊപ്പം അല്‍പ്പനേരം

പ്രാർത്ഥനയുടേയും അനുതാപത്തിന്റേയും പ്രാശ്ചിത്തത്തിന്റേതുമായ തപസ്സുകാലം (നോമ്പുകാലം) ആരംഭിക്കുമ്പോൾത്തന്നെ വിശ്വാസികളെ പ്രാർത്ഥനപൂർവം ഓർമ്മിപ്പിക്കുന്ന ഒരു വചനമുണ്ട്‌, “മണ്ണിൽനിന്ന്‌ എടുക്കപ്പെട്ട നീ പൊടിയാണ്‌, പൊടിയിലേക്കുതന്നെ നീ മടങ്ങും” (ഉല്പത്തി 3:19).

ഇപ്രകാരം തുടങ്ങുന്ന ഈ പ്രാർത്ഥനയുടെ കാലം തീരാറാകുമ്പോളാണ്‌, ഈശോയുടെ കുരിശിലെ മരണം കടന്നുവരുന്നത്‌. മനുഷ്യർ മണ്ണാൽ മെനയപ്പെട്ടവരാണെന്നും മണ്ണിലേക്ക്‌ മടങ്ങേണ്ടവരാണെന്നും ഉള്ള യാഥാർത്ഥ്യം കുറേക്കൂടി അടിവരയിട്ട്‌ ഉറപ്പിക്കുന്നതായി പലരും മനസിലാക്കുന്ന സമയമാണ്‌

ഈശോയുടെ കുരിശിലെ മരണവും തുടർന്നുള്ള അവന്റെ കല്ലറയിലെ അടക്കവും. ഇതോടുകൂടി എല്ലാം തീർന്നു, ഇനി ഈശോയിലുള്ള പ്രതീക്ഷയ്ക്കായി യാതൊന്നുമില്ല എന്ന്‌ ചിന്ത പലരിലും സ്വാഭാവികമായി കടന്നുവരാനും സാധ്യതയുണ്ട്‌. എന്നാൽ ഇവിടെയാണ്‌ ഈശോയുടെ ഉത്ഥാനത്തെ അവന്റെ മരണത്തിന്റെ മൂന്നാംനാൾ ആഘോഷിക്കുന്നത്‌. നമ്മുടെ വിശ്വാസജീവിതം പടുത്തുയർത്തിയിരിക്കുന്നത്‌ ഈശോയുടെ ഉത്ഥാനത്തെ കേന്ദ്രീകരിച്ചാണ്‌.

ഉത്ഥിതനായ കർത്താവിനെ സ്വജീവിതത്തിൽ കണ്ടെത്തിയ വിശുദ്ധ പൗലോസ്‌ വലിയ ബോധ്യത്തോടെയും ധൈര്യത്തോടെയും പ്രഘോഷിച്ചതിങ്ങനെയാണ്‌: “ക്രിസ്തു ഉയിർപ്പിക്കപ്പെട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥമാണ്‌. നിങ്ങളുടെ വിശ്വാസവും വ്യർത്ഥം. മാത്രമല്ല, ഞങ്ങൾ ദൈവത്തിനുവേണ്ടി കപടസാക്ഷ്യം വഹിക്കുന്നവരായിത്തീരുന്നു” (1 കോറി. 15:14-15).

ഈശോയുടെ ഉത്ഥാനവുമായി ബന്ധപ്പെട്ടുള്ള സുവിശേഷഭാഗങ്ങളിലൂടെ കടന്നുപോകുന്നവർ മറക്കാതെ ശ്രദ്ധിക്കുന്ന ഒരു നാമമാണ്‌ മഗ്ദലന മറിയത്തിന്റേത്‌. ഈശോയുടെ മരണസമയത്ത്‌ അടുത്തുണ്ടായിരുന്ന ചുരുക്കം ചിലരിൽ ഒരാളിവളാണ്‌. മർക്കോസ്‌ സുവിശേഷകൻ പറയുന്നുണ്ട്‌ മഗ്ദലന മറിയത്തിൽ നിന്ന്‌ ഈശോ ഏഴു പിശാചുക്കളെ പുറത്താക്കിയെന്ന്‌. അതായത്‌, മഗ്ദലന മറിയത്തിലുണ്ടായിരുന്ന തിന്മയായതെല്ലാം എടുത്തുമാറ്റിയത്‌ ഈശോയാണ്‌, അപ്പോൾ അവൾക്കെങ്ങനെയാണ്‌ ഈശോയെ തന്റെ ജീവിതത്തിൽനിന്നും ഒഴിവാക്കാനാകുക.

പകരം അവൾ ഈശോയെ അത്രയധിയകം സ്നേഹിച്ചിരുന്നു. അങ്ങനെ അവൾ കുരിശിന്റെ ചുവടുവരെ വന്നു, ഈശോയുടെ അന്ത്യ നിമിഷങ്ങളിൽ സാക്ഷിയായി. ഇപ്രകാരം ഈശോയെ സ്നേഹിച്ച മറിയമാണ്‌ ആഴ്ചയുടെ ആദ്യദിവസം അവനെ അടക്കിയ കല്ലറയിങ്കലേക്ക്‌ പോകുന്നത്‌. അവിടെയെത്തുമ്പോൾ മഗ്ദലന മറിയം കാണുന്നത്‌ ശൂന്യമായ കല്ലറയാണ്‌.

ഈശോ മരിച്ചവരിൽ നിന്നും ഉത്ഥിതനായി എന്ന ദൂതന്റെ വാക്കുകൾ കേട്ടെങ്കിലും അതവൾക്ക്‌ ഉൾക്കൊള്ളാൻ കഴിയുന്നതായിരുന്നില്ല. എന്തോ കള്ളത്തരം കാണിച്ച്‌ ആരോ ഈശോയുടെ ശരീരം എടുത്തുമാറ്റിയതായിട്ടാണ്‌ അവൾക്ക്‌ തോന്നിക്കുന്നത്‌. അതുകൊണ്ടാണവൾ കല്ലറയ്ക്കു വെളിയിൽ കരഞ്ഞുകൊണ്ടു നിന്നത്‌. ആ സമയത്ത്‌ അപ്രതീക്ഷിതമായിട്ട്‌ ഈശോ അവളുടെ ചാരത്തെത്തി മറിയമെന്നവളെ വിളിക്കുന്നു, ആ നിമിഷം ഉത്ഥിതനായവനെ, അവളുടെ പ്രിയപ്പെട്ട ഈശോയെ തിരിച്ചറിയുന്നു.

മനുഷ്യനായി മണ്ണിൽ അവതരിച്ച്‌ പീഡസഹിച്ച്‌ കുരിശിൽ മരിച്ച്‌ അടക്കപ്പെട്ട ദൈവപുത്രനെ ഉത്ഥിതനായി, ആദ്യം കണ്ടതും അത്‌ മറ്റുള്ളവരെ അറിയിക്കുന്നതും  മഗ്ദലന മറിയമാണ്‌. കാലങ്ങൾ ഇത്രയധികം കഴിഞ്ഞിട്ടും അവളുടെ ജീവിതത്തെ ക്രിസ്തുവിശ്വാസികൾ ഓർത്തുവയ്ക്കുന്നത്‌ അവളുടെ പഴയകാലത്തെ കുറവുകളുടെ പേരിലല്ല, പകരം ഉത്ഥിതദർശനം ആദ്യം ലഭിച്ചവൾ എന്ന കാരണത്താലാണ്‌.

നമ്മുടെ ഓരോരുത്തരുടേയും ജീവിതങ്ങൾ വിലയിരുത്തപ്പെടുന്നത്‌ ഈശോയുടെ ഉത്ഥാനരഹസ്യത്തോട്‌ ചേർത്താണ്‌. മാമോദീസയിൽ തുടങ്ങിയ നമ്മുടെ വിശ്വാസജീവിത യാത്ര ഇവിടെ എത്തിനിൽക്കുമ്പോൾ, ആഘോഷിച്ച ഉത്ഥാനത്തിരുനാളുകൾ ഏറെയുണ്ടാകാം. എന്നാൽ മഗ്ദലന മറിയത്തെപ്പോലെ ഉത്ഥിതനായ ദൈവപുത്രനെ കണ്ടെത്തിയിട്ടുള്ള/തിരിച്ചറിഞ്ഞിട്ടുള്ള ജീവിതമാണോ നമുക്കുള്ളത്‌ എന്നത്‌ മാത്രമൊന്ന്‌ പരിശോധിച്ചുനോക്കുന്നത്‌ അവന്റെ ഉത്ഥാനത്തെ ഒരിക്കൽകൂടി ധ്യാനവിഷയമാക്കുന്ന ഈ വേള നല്ലതായിരിക്കും. അപ്പോൾ മാത്രമാണ്‌ നമുക്ക്‌ ആത്മാർത്ഥതയോടെ ചരിത്രപുരുഷനായ യേശുവിനെ പിന്തുടരുവാനും, വിശ്വാസത്തിലെ ക്രിസ്തുവിനെ ആരാധിക്കുവാനും കഴിയുക.

ഈശോയുടെ ഉത്ഥാനത്തെക്കുറിച്ച്‌ സുവിശേഷങ്ങളിൽ കാണുന്നതിപ്രകാരമാണ്‌: “ദൂതൻ സ്ത്രീകളോടു പറഞ്ഞു: ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെയാണു നിങ്ങൾ അന്വേഷിക്കുന്നതെന്ന്‌ എനിക്കറിയാം. അവൻ ഇവിടെയില്ല; താൻ അരുളിച്ചെയ്തതുപേലെ അവൻ ഉയിർപ്പിക്കപ്പെട്ടു” (മത്തായി 28:5-6). “യേശു ആദ്യം മഗ്ദലേന മറിയത്തിനു പ്രത്യക്ഷപ്പെട്ടു. അവൾ ചെന്ന്‌ അവനോടുകൂടെ ഉണ്ടായിരുന്നവരെ വിവരം അറിയിച്ചു” (മർക്കോസ്‌ 16:9-10; യോഹ. 20:18). “അവർക്കാകട്ടെ ഈ വാക്കുകൾ കെട്ടുകഥപോലെയേ തോന്നിയുള്ളൂ. അവർ അവരെ വിശ്വസിച്ചില്ല” (ലൂക്കാ 24:11).

മഗ്ദലന മറിയം ഈശോയുടെ ഉത്ഥാനത്തെക്കുറിച്ച്‌ വികാരനിർഭരമായി സാക്ഷ്യപ്പെടുത്തുമ്പോഴും ശിഷ്യർക്ക്‌ അത്‌ സത്യമെന്ന്‌ കരുതാൻ പോലുമായില്ല എന്ന്‌ നാം വായിക്കുന്നു. എന്തായിരിക്കാം ഇതിനു കാരണം? തന്റെ മരണത്തിന്‌ ശേഷം മൂന്നാംദിനം ഉയിർത്തെഴുന്നേൽക്കും എന്ന്‌ ശിഷ്യരോട്‌ ഈശോ പറഞ്ഞിട്ടുള്ളതാണ്‌. എന്നിട്ടും അത്‌ ഉറപ്പായും സംഭവിക്കും എന്ന്‌ അവന്റെ ശിഷ്യന്മാർ വിശ്വസിച്ചിരുന്നില്ല. അതിനാലാണല്ലോ മഗ്ദലന മറിയം പറഞ്ഞത്‌ എത്രമാത്രം വസ്തുനിഷ്ടമാണെന്നറിയാൻ പത്രോസും യോഹന്നാനും കല്ലറയിങ്കലേയ്ക്ക്‌ ഓടുന്നത്‌.

മഗ്ദലന മറിയത്തിന്‌ ഈശോയിൽനിന്നും ലഭിച്ച ഉത്ഥാന സന്തോഷം അവന്റെ ശിഷ്യരോട്‌ സത്യസന്ധമായാണ്‌ പങ്കുവച്ചത്‌. എന്നാൽ കാലം മാറുമ്പോൾ, ഉത്ഥിതന്റെ സ്വന്തമെന്ന്‌ സ്വയം അവകാശപ്പെടുന്ന ചിലർ നിരന്തരം തെറ്റായതും കെട്ടുകഥപോലെയുള്ള വ്യാജമായതുമായ വാർത്തകൾ സത്യമാണെന്ന രീതിയിൽ അവതരിപ്പിക്കാറുണ്ട്‌ എന്ന വൈരുധ്യം നമ്മുടെ ഒപ്പംതന്നെയുണ്ട്‌.

ക്രിസ്തു ഉയിർപ്പിക്കപ്പെട്ടതിനാൽ അവനിൽ വിശ്വസിക്കുന്നവർക്ക്‌ ലഭിച്ച ക്രിസ്ത്യാനി എന്ന അസ്ഥിത്വമാണ്‌ നമുക്കുള്ളത്‌. ഈ അസ്ഥിത്വം ആരിലെല്ലാം കുടികൊള്ളുന്നുവോ അവർ സത്യത്തിന്റെ സാക്ഷികളായിരിക്കും, മാത്രമല്ല അവർക്ക്‌ ക്രിസ്തുവിന്റെ സ്നേഹത്തിന്‌ നിരക്കാത്തവയിൽ നിന്നും ഒരു കല്ലേറു ദൂരമെങ്കിലും അകന്നുനിൽക്കാൻ നിശ്ചയമായും കഴിയും.
ഈശോയുടെ ഉത്ഥാനം പ്രാർത്ഥനാപൂർവം ആചരിക്കുമ്പോഴും, ഉത്ഥാനത്തിരുനാൾ ആശംസകൾ നമ്മുടെയൊക്കെ ഭവനങ്ങളിലും സമൂഹങ്ങളിലും ചുറ്റുപാടുകളിലുമെല്ലാം പങ്കുവയ്ക്കുമ്പോഴും, നാം വെളിപ്പെടുത്തുന്ന ഒരു സത്യമുണ്ട്‌, മണ്ണിലെ മരണത്താൽ തീർന്നുപോകാത്ത ജീവിതത്തിനുടമകളായാണ്‌ നാം നമ്മെത്തന്നെ ഒരുക്കിയെടുത്തിരിക്കുന്നതെന്ന്‌. അതുപോലെ, സഹനവും വേദനയും പീഡകളുമെല്ലാം നമ്മെ നിരന്തരം അലട്ടിയാലും, ഭയചകിതരാകാതേയും നിരാശപ്പെടാതേയും ജീവിതത്തെ മുൻപോട്ടു കൊണ്ടുപോകാനാകും. എന്തെന്നാൽ ഇത്തരം അനുഭവങ്ങളിലൂടെ അവനൊപ്പം ജീവിക്കുന്നവർക്ക്‌ നിശ്ചയമായും അവന്റെ ഉത്ഥാനത്തിൽ പങ്കാളികളാകാൻ കൃപലഭിക്കും. 

ലോകത്തെല്ലായിടത്തുനിന്നും ശുഭകരമല്ലാത്തവ മാത്രം കേൾക്കുമ്പോഴും, എല്ലാം ശുഭമാക്കാൻ കഴിയുന്നവനാണ്‌ മരണത്തെ അതിജീവിച്ച്‌ ഉത്ഥിതനായ ഈശോ നാഥൻ എന്ന്‌ നമ്മുടെ ഹൃദയങ്ങൾ ഓരോ നിമിഷവും മന്ത്രിക്കുകയും ചെയ്യും.
മഗ്ദലന മറിയത്തെപ്പോലെ ഉത്ഥിതനായ ഈശോയിലുള്ള നമ്മുടെ വിശ്വാസം ആത്മാർത്ഥമായിരിക്കട്ടെ. അതിൽ ഒരൽപംപോലും കപടത കടന്നുകൂടാതിരിക്കാൻ കഴിയട്ടെ. ഉത്ഥിതനായ ഈശോയെ ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ…! എല്ലാവർക്കും ഉത്ഥാനത്തിരുനാൾ ആശംസകൾ. 

പോള്‍ കൊട്ടാരം കപ്പൂച്ചിന്‍



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.