ചര്‍ച്ച് പ്രോപ്പര്‍ട്ടി ആക്ട് സഭാ തര്‍ക്കത്തിന് പരിഹാരമാവില്ല: ജാഗ്രതാ സമിതി

ചങ്ങനാശ്ശേരി: ക്രൈസ്തവ സഭകള്‍ക്ക് മുഴുവന്‍ ബാധകമാകത്തക്കവിധം ചര്‍ച്ച് പ്രോപ്പര്‍ട്ടി ആക്ട് കൊണ്ടുവരാനുള്ള നീക്കം ആശങ്കാജനകവും പ്രതിഷേധാര്‍ഹവുമാണെന്ന് ചങ്ങനാശ്ശേരി അതിരൂപത പബ്ലിക് റിലേഷന്‍സ് ജാഗ്രതാ സമിതി. സഭകളിലും സന്യാസസമൂഹങ്ങളിലും ഉണ്ടാകുന്ന ഒറ്റപ്പെട്ട വീഴ്ചകളും കുറവുകളും പെരുപ്പിച്ച് കാണിക്കാനും അവ മാധ്യമചര്‍ച്ചയ്ക്കും പൊതുവിശകലനത്തിനും വിധേയമാക്കാനും ചില സംഘടിത ശക്തികള്‍ ശ്രമിക്കുന്നുണ്ടെന്നും ചര്‍ച്ച് ആക്ടാണ് സഭയിലുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമെന്നുമുള്ള ആശയപ്രചരണം ദുരുദ്ദേശ്യപരമാണെന്നും യോഗം വിലയിരുത്തി.

കത്തോലിക്കാ സഭയ്ക്ക് സിവില്‍ നിയമത്തിന് വിധേയമായി സ്വത്ത് ആര്‍ജ്ജിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും പരമ്പരാഗതമായ വ്യവസ്ഥാപിത സംവിധാനങ്ങളും മാര്‍ഗ്ഗങ്ങളും നിലവിലുള്ള സാഹചര്യത്തില്‍ കത്തോലിക്കാസഭയുടെ സ്വത്തുക്കളെ സംബന്ധിച്ച് മറ്റൊരു നിയമം അപ്രസക്തവും അനാവശ്യവുമാണെന്നും സമിതി വിലയിരുത്തി.

ചര്‍ച്ച് പ്രോപ്പര്‍ട്ടി ആക്ട് കൊണ്ടുവരാന്‍ ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നില്ല എന്നു സഭാധ്യക്ഷന്മാര്‍ക്ക് മുഖ്യമന്ത്രി നല്കിയിരുന്ന ഉറപ്പ് പാലിക്കപ്പെടണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.