വ്യക്തികളും സഭാസംവിധാനങ്ങളും ആവശ്യത്തില്‍ കവിഞ്ഞ സമ്പത്ത് സ്വരുക്കൂട്ടിവയ്ക്കുന്ന പ്രവണത ഉപേക്ഷിക്കണം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കാക്കനാട്: വ്യക്തികളും സഭാസംവിധാനങ്ങളും ആവശ്യത്തില്‍ കവിഞ്ഞ സമ്പത്ത് സ്വരുക്കൂട്ടിവയ്ക്കുന്ന പ്രവണത ഉപേക്ഷിക്കണമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഫ്രാന്‍സിസ് മാര്‍പാപ്പ പറയുന്നതുപോലെ സഭയുടെ മുഖം ദരിദ്രമാകണം. സഭാദിനത്തോട് അനുബന്ധിച്ച് പുറപ്പെടുവിച്ച ഇടയലേഖനത്തിലാണ് മാര്‍ ആലഞ്ചേരി ഇപ്രകാരം പറഞ്ഞത്.

സഭാശുശ്രൂഷകളുടെയും ധ്യാനപ്രസംഗങ്ങളുടെയും തിരുനാളുകളുടെയും ലക്ഷ്യം ധനസമ്പാദനമാണ് എന്ന തെറ്റിദ്ധാരണ ജനിപ്പിക്കുന്ന പരസ്യങ്ങളും ആഘോഷങ്ങളും നമുക്ക് നിര്‍ത്തലാക്കാം. വ്യക്തിപരമായ നേട്ടങ്ങള്‍ക്കും പ്രശസ്തിക്കും വേണ്ടി നിര്‍മ്മാണങ്ങളും പരിപാടികളും ആസൂത്രണം ചെയ്യുന്നത് ഉചിതമല്ല. സഭയിലെ ആവശ്യങ്ങളുടെ നിര്‍വഹണം സഭാ മക്കളുടെ കൂട്ടായ്മയുടെ പൊതുവായ ആത്മീയചിന്തയില്‍ നിന്ന് ഉയിര്‍ക്കൊള്ളുന്നതാകട്ടെ.

ഈ വര്‍ഷവും അടുത്തവര്‍ഷങ്ങളും നമ്മെ സംബന്ധിച്ചിടത്തോളം എല്ലാ തലങ്ങളിലും ചെലവു ചുരുക്കലിന്റെ കാലമായിരിക്കണം. ധൂര്‍ത്തും ആര്‍ഭാടവും നമ്മുടെ ജീവിതശൈലിയില്‍ നിന്ന് അകലണം. ഉടനെ പുതിയ നിര്‍മ്മാണപദ്ധതികള്‍ ആസൂത്രണം ചെയ്യാതിരിക്കണം.

ഇടവകകളും സ്ഥാപനങ്ങളും തുടങ്ങിവച്ചിട്ടുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ സാവകാശം പൂര്‍ത്തിയാക്കിയാല്‍ മതി എന്ന സംയമന മനോഭാവം നമുക്കുണ്ടാകണം. നിര്‍ബന്ധിത പണപ്പിരിവുകള്‍ നടത്താതിരിക്കാന്‍ നമുക്ക് തീരുമാനമെടുക്കാം. ഒരുവിധ സമ്മര്‍ദ്ദവുമില്ലാതെ ജനങ്ങള്‍ സ്വമേധയാ നല്കുന്ന നേര്‍ച്ചകളും സംഭാവനകളും മാത്രം വിനിയോഗിച്ചുകൊണ്ട് സഭാകൂട്ടായ്മയുടെ ആവശ്യങ്ങള്‍ നമുക്ക് നിര്‍വഹിക്കാം. ഇടയലേഖനം പറയുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.