ദമ്പതികള്‍ ഒരുമിച്ചു പ്രാര്‍ത്ഥിച്ചാല്‍ എന്തു സംഭവിക്കും?

ഒരുമിച്ചു പ്രാര്‍ത്ഥിക്കുന്ന കുടുംബം ഒരിക്കലും നശിക്കുകയില്ല. പക്ഷേ ആധുനികജീവിതത്തിന്റെ തിരക്കുകളില്‍ പെട്ടുപോകുന്ന മനുഷ്യര്‍ക്ക് പലപ്പോഴും ഒരുമിച്ചു പ്രാര്‍ത്ഥിക്കാന്‍ കഴിയാറില്ല. പ്രത്യേകിച്ച വിദേശരാജ്യങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക്.

നൈറ്റ് ഡ്യൂട്ടിയും ഷിഫ്റ്റും അവരുടെ ഒരുമിച്ചുള്ള പ്രാര്‍ത്ഥനകള്‍ക്ക് വിഘാതം സൃഷ്ടിക്കുന്നവയാണ്. ഒരുമിച്ചുള്ള പ്രാര്‍ത്ഥനകള്‍ ഇല്ലാതെ വരുമ്പോള്‍ അത് ദാമ്പത്യബന്ധത്തെയും പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഏതു തിരക്കിലും ദമ്പതികള്‍ ഒരുമിച്ചുപ്രാര്‍ത്ഥിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

അത്തരമൊരു പ്രാര്‍ത്ഥനയ്ക്ക് ആദ്യം വേണ്ടത് ഒരുമിച്ചുപ്രാര്‍ത്ഥിക്കാനുള്ള ആഗ്രഹമാണ്. അതിന് വേണ്ടിയുള്ള ശ്രമമാണ്. തുടക്കത്തില്‍ വളരെ നീണ്ട പ്രാര്‍ത്ഥനകളൊന്നും നടത്താന്‍ സമയമുണ്ടാവില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ ഒരു സ്വര്‍ഗ്ഗസ്ഥനായ പിതാവേയും നന്മ നിറഞ്ഞ മറിയമേയും ചൊല്ലിയാലും മതിയാവും. പക്ഷേ ആ പ്രാര്‍ത്ഥനയ്ക്ക് മുമ്പ് പോലും പ്രാര്‍ത്ഥനയുടെ ഏകാഗ്രതയ്ക്കും വിജയത്തിനും വേണ്ടി പരിശുദ്ധാത്മാവിനെ വിളിക്കണം. പരിശുദ്ധാത്മാവിന്റെ സഹായം തേടണം.

ഇങ്ങനെ പടിപടിയായി പ്രാര്‍ത്ഥനയുടെ സമയം വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുക. നിങ്ങള്‍ രണ്ടുപേര്‍ ഒരുമിച്ചുകൂടുമ്പോള്‍ നിങ്ങളുടെ മധ്യേ ഞാനുണ്ടായിരിക്കും എന്നാണല്ലോ ദൈവത്തിന്റെ വാഗ്ദാനം. ദമ്പതികളെ ഒരുമിച്ചുചേര്‍ത്തത് ദൈവമാണ്. അതിന് ദൈവത്തിന് വലിയൊരു പദ്ധതി മനസ്സിലുമുണ്ട്. അതുകൊണ്ട് നിങ്ങളെ ഒരുമിച്ചുചേര്‍ത്ത ദൈവത്തിന്റെ മുമ്പില്‍ പ്രത്യേക നിയോഗങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ കുടുംബത്തിന്റെയും നിങ്ങളുടെയും നന്മയ്ക്കുവേണ്ടിയുള്ളവയാണ് അവയെങ്കില്‍ ദൈവം അക്കാര്യം സാധിച്ചുതരിക തന്നെ ചെയ്യും.

കൂടാതെ പരസ്പരം പ്രാര്‍ത്ഥനയില്‍ ആയിരിക്കുന്ന നിമിഷങ്ങള്‍ ദമ്പതികള്‍ തമ്മിലുള്ള അടുപ്പവും സ്‌നേഹവും വര്‍ദ്ധിക്കുന്നതായും ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.