പാരീസ്: സിസ്റ്റര്‍ ആന്‍ഡ്രെ റാന്‍ഡോണ്‍ ഈ ആഴ്ചയില്‍ 117 ാം വയസിലേക്ക് കടക്കുമ്പോള്‍ അതിനൊപ്പം മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കോവിഡിനെ കീഴടക്കിക്കൊണ്ടാണ് സിസ്റ്റര്‍ ആന്‍ഡ്രെ 117 ാം വയസിലേക്ക് കടക്കുന്നത്.
പത്തൊമ്പതാം വയസിലായിരുന്നു സിസ്റ്റര്‍ കത്തോലിക്കാ വിശ്വാസത്തിലേക്ക് കടന്നുവന്നത്. ഫ്രഞ്ച് ഹോസ്പിറ്റലില്‍ കൊച്ചുകുട്ടികളെയും മുതിര്‍ന്നവരെയും ശുശ്രൂഷിക്കുന്ന ജോലിക്ക് ശേഷമായിരുന്നു കോണ്‍വെന്റ് പ്രവേശനം. അപ്പോഴേയ്ക്കും വയസ് നാല്പത് എത്തിയിരുന്നു. ഡോട്ടേഴ്സ് ഓഫ് ചാരിറ്റി യിലായിരുന്നു സിസ്റ്റര്‍ ചേര്‍ന്നത്. വിശുദ്ധ വിന്‍സെന്റ് ഡീ പോള്‍ ആണ് ഈ സമൂഹം സ്ഥാപിച്ചത്.
ജനുവരി 16 നാണ് സിസ്റ്റര്‍ കോവിഡ് രോഗബാധിതയായത്. ഐസോലേഷനില്‍ കഴിച്ചുകൂട്ടിയതിന് ശേഷം വീണ്ടും ടെസ്റ്റ് നടത്തിയപ്പോള്‍ പരിശോധനാഫലത്തില്‍ രോഗലക്ഷണങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. മരിക്കാന്‍ പേടിയുണ്ടായിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സിസ്റ്റര്‍ നല്കിയ മറുപടി ഇങ്ങനെയായിരുന്നു. എനിക്ക് മരിക്കാന്‍ പേടിയില്ല. പക്ഷേ നിങ്ങളോടുകൂടെയായിരിക്കുന്നതില് സന്തോഷമുണ്ട്.
2019 ല്‍ 115 ാം പിറന്നാള്‍ ആഘോഷിച്ചപ്പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സിസ്റ്റര്‍ക്ക് ജപമാല സമ്മാനിച്ചിരുന്നു. ഇപ്പോള്‍ അതാണ് പ്രാര്‍ത്ഥനയ്ക്ക് സ്ഥിരമായി ഉപയോഗിക്കുന്നത്. കഴിഞ്ഞവര്‍ഷം സന്തോഷകരമായ ജീവിതത്തിന്റെ പാചകക്കൂട്ട് എന്താണെന്ന് ചോദിച്ചപ്പോള്‍ സിസ്റ്റര്‍ നല്കിയ മറുപടി വൈറലായിരുന്നു. ‘പ്രാര്‍ത്ഥനയും ചൂട് കൊക്കോയും.’