കുരിശിന്റെ നിഴല്‍ വീണ വഴിയില്‍


കുരിശിന്റെ നിഴല്‍ വീണ വഴിയില്‍ നിന്നുകൊണ്ട് മൂന്നുവര്‍ഷക്കാലം നീ നടന്ന വഴികളെക്കുറിച്ചു തന്നെയായിരുന്നു എന്റെ ചിന്ത. എത്രയോ ആളുകള്‍ നിന്നോടൊപ്പം കൂടി. എത്രയോ ആളുകള്‍ നിന്നെ പിരിഞ്ഞുപോയി. നീ മാത്രം യാത്ര അവസാനിപ്പി്ച്ചില്ല.

കൂടെവന്നവരും കൂടുവിട്ടുവന്നവരുമെല്ലാം യാത്രകള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചപ്പോഴും നിന്റെ യാത്രകുരിശിലേക്കായിരുന്നു. ഈ കുരിശോട് ചേര്‍ന്നുനിന്നു ഞാന്‍ ഇങ്ങനെയാണ് ചിന്തിക്കുന്നത്. ലക്ഷ്യം കണ്ട അങ്ങയുടെ യാത്ര..കര്‍ത്താവേ എന്റെ ജീവിതത്തില്‍ പലപ്പോഴും നഷ്ടമാകുന്നത് എന്റെ ലക്ഷ്യബോധങ്ങളാണ്.

അങ്ങ് ഇത്രമാത്രം ധൈര്യശാലിയായി ഗലീലിയില്‍ യാത്ര ചെയ്തത് അങ്ങയുടെ മുമ്പില്‍ ഉറപ്പുളള ഒരു ലക്ഷ്യമുണ്ടായിരുന്നതുകൊണ്ടാണ്. അതിലേക്ക് നടന്നടുക്കാനുള്ളവഴി അങ്ങേയ്ക്ക് അറിയാമായിരുന്നു.

ഒന്നിനും പിന്തിരിപ്പിക്കാന്‍ കഴിയാത്തവിധത്തിലുള്ള ഇച്ഛാശക്തി അങ്ങയുടെ ഉള്ളിലുണ്ടായിരുന്നു. എനിക്ക് നഷ്ടമാകുന്ന ആ ലക്ഷ്യബോധം അതാണ് പലപ്പോഴും എന്നെ തകര്‍ത്തുകളയുന്നത്. ഓരോ ദിവസവും ഓരോ ലക്ഷ്യങ്ങളിലേക്ക് നടന്നുനീങ്ങുമ്പോള്‍ എന്റെ ജീവിതത്തിന്റെ തന്നെ ഏകാഗ്രത നഷ്ടപ്പെട്ടുപോകുകയാണ്. ചെറുതും വലുതും ഇപ്പോഴുളളതും പിന്നീട് ഉണ്ടായിരിക്കേണ്ടതുമായ ലക്ഷ്യബോധങ്ങളെ ആത്മാവില്‍ ഒരുക്കിവയ്ക്കാന്‍ അങ്ങെന്നെ സഹായിക്കണം. അല്ലെങ്കില്‍ കാറ്റത്തുപാറിപ്പോകുന്ന പഞ്ഞിപോലെ ഞാന്‍ ഈ കിഴക്കന്‍കാറ്റില്‍ പാറി നടക്കുന്ന വ്യക്തിയായിത്തീരും. അങ്ങനെയല്ല അങ്ങ് പതിപ്പിച്ച കാല്‍പാടുകളില്‍ എന്റെ പാദമൂന്നി നിന്‌റെ രക്ഷാകരമായ കുരിശിലേക്ക് നോക്കി യാത്ര ചെയ്യാന്‍ എനിക്ക് കൃപ നല്കിയാലും .

ഫാ.ടോമി എടാട്ട്‌മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.