കുരിശിന്റെ നിഴല്‍ വീണ വഴിയില്‍

സെഹിയോന്‍ ഊട്ടുശാലയില്‍ നിന്ന് ഇറങ്ങിവരുന്ന വഴിയില്‍ പത്രോസിന്റെ മുഖത്തുനോക്കി അന്ന് നീ പറഞ്ഞ വാക്കുകള്‍ ഇന്നും മുഴങ്ങുന്നുണ്ട്. സാത്താന്‍ നിന്നെ ഗോതമ്പുപോലെ പാറ്റാന്‍ ശ്രമിച്ചപ്പോള്‍ ആ നേരമൊക്കെയും നിനക്കുവേണ്ടി ഞാന്‍ പ്രാര്‍ത്ഥിച്ചുവെന്നാണ്.

കര്‍ത്താവേ, പത്രോസിന് വേണ്ടി നീ പ്രാര്‍ത്ഥിച്ചതുപോലെ എനിക്കുവേണ്ടിയും നീ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കണമേയെന്നാണ് ഞാന്‍ ഇന്ന് ആഗ്രഹിക്കുന്നത്. സാത്താന്‍ ഗോതമ്പുപോലെ പാറ്റാന്‍ ഉദ്യമിച്ചുകൊണ്ട് ജീവിതത്തിന് ചുറ്റും വട്ടമിട്ടു പറക്കുമ്പോള്‍ നിന്റെ പ്രാര്‍ത്ഥനയുടെ ലക്ഷ്യമായി നീയെന്നെ വയ്ക്കുന്നതോര്‍ത്ത് ഞാന്‍ എന്റെ മനം നിന്നിലേക്കുയര്‍ത്തുന്നു. ഞാന്‍ അനുഭവിക്കുന്ന പീഡാനുഭവത്തിന്റെ സമയങ്ങളിലൊക്കെ നീയെന്നെ പ്രാര്‍ത്ഥിച്ച് ശക്തിപ്പെടുത്തുന്നുവെന്ന സാന്ത്വനവചനം എന്റെ ഹൃദയത്തിലേക്ക് ഞാന്‍ ഏറ്റെടുക്കുന്നു.

ഒരു സമയത്തും ഞാന്‍ ഒറ്റയ്ക്കല്ലെന്ന് നീയെന്നെ ഓര്‍മ്മപ്പെടുത്തുകയായിരുന്നുവല്ലോ. ഏറ്റവും വലിയ പരീക്ഷണങ്ങളുടെ സമയത്തും കൊടിയ പ്രതിസന്ധികളുടെ സമയത്തും വളരെ നിശ്ശബ്ദമായി നീയെന്നെതന്നെ നോക്കിയിരുന്നുവെന്ന പത്രോസിനോട് പറഞ്ഞ വചനത്തെ ഞാന്‍ എന്റെ ഹൃദയത്തിലേക്ക് ഏറ്റെടുക്കുമ്പോള്‍ ഞാനും തിരിച്ചറിയുകയാണ് അവിടം കൊണ്ട് അവസാനിക്കുന്നില്ല നീയെനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചതൊക്കെയും തിരിച്ചുവന്ന് മറ്റുള്ളവരെ ശക്തിപ്പെടുത്താനാണെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടി നീയെനിക്കായി നല്കുന്നുണ്ട്.

തകര്‍ന്നുപോകുന്നിടത്തുനിന്ന് എഴുന്നേറ്റ് തിരിച്ചുവരണം എന്നുതന്നെയാണ് നീയെന്നോട് ഉറപ്പിച്ചുപറയുന്നത്. നീ തിരിച്ചുവരണം. തിരിച്ചുവന്ന് മറ്റുള്ളവരെ ശക്തിപ്പെടുത്തണം. കര്‍ത്താവേ മുന്നോട്ടുപോകുന്ന വഴിയില്‍ പ്രതിസന്ധികളുണ്ടാകുമ്പോള്‍ പ്രാര്‍ത്ഥിക്കുന്ന ിന്റെ പക്കലേക്ക് തിരിച്ചുനടക്കാനും നിന്റെ തിരുമാറില്‍ മുഖം ചായ്ച്ച് ശക്തിസംഭരിക്കാനുമുള്ള കൃപയ്ക്കുവേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
ഫാ.ടോമി എടാട്ട്‌മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.